ADVERTISEMENT

ന്യൂഡൽഹി ∙സുദൃഢമായ ഉഭയകക്ഷി ബന്ധവും ആതുരമേഖലയിലെ സേവന മികവുമാണ് യെമനിലെ യുദ്ധത്തിൽ പരുക്കേറ്റവർക്ക് ഇന്ത്യയിൽ ചികിൽസ ലഭ്യമാക്കുന്നതിന് യുഎഇയെ പ്രേരിപ്പിച്ചതെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന. വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിനു കീഴിൽ ഡൽഹിയിൽ പ്രവൃത്തിക്കുന്ന മെഡിയോർ ആശുപത്രിയുമായി സഹകരിച്ച് അറുനൂറിലേറെ യെമനികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കിയെന്ന് അഹമ്മദ് പറഞ്ഞു.

ദുരിതാശ്വാസ സഹായം നൽകുന്നതിൽ ലോകത്ത് ഒന്നാമതാണ് യുഎഇയെന്നും തങ്ങളുടെ സഹായത്തിന് ആരും എതിരുപറഞ്ഞിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. കേരളത്തിൽ പ്രളയ ദുരിതാശ്വാസത്തിനു യുഎഇ നൽകിയ സഹായവാഗ്ദാനം ഇന്ത്യ നിരസിച്ചതിനെക്കുറിച്ചു പ്രതികരിക്കാൻ സ്ഥാനപതി തയാറായില്ല. ആരോഗ്യ മേഖലയിൽ ഇന്ത്യയും യുഎഇയുമായി മൽസരമില്ല. ഇരുരാജ്യങ്ങൾക്കും ചികിൽസയുടെ വിവിധ മേഖലകളിൽ മികവുകളുണ്ട്. അറബ് രാജ്യങ്ങളിൽനിന്ന് മുംബൈയിലും കൊച്ചിയിലുമുൾപ്പെടെ രോഗികൾക്ക് ചികിൽസയ്ക്കായി എത്തുന്നുണ്ട്. 

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനാണ് യെമനികൾ ഹൂതികൾ ശ്രമിക്കുന്നത്. സമാധാന നടപടികൾക്ക് യുഎഇ എല്ലാ പിന്തുണയും നൽകുന്നു. യുദ്ധത്തിൽ പരുക്കേറ്റവർക്കാണ് യുഎഇ ചികിൽസാ സഹായം ഉറപ്പാക്കുന്നത്. വെടിയേറ്റവർക്കും അംഗഭംഗം വന്നവർക്കും മെഡിയോറിൽ ചികിൽസ ലഭ്യമാക്കിയെന്നും സ്ഥാനപതി പറഞ്ഞു. യെമനി പൗരൻമാർക്ക് ചികിൽസയ്ക്ക് അവസരമൊരുക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ മികച്ച പിന്തുണ ലഭിച്ചതായി വിപിഎസ് ഗ്രൂപ്പ് ഡയറക്ടർ ഡോ.ഷാജിർ ഗഫാർ പറഞ്ഞു. ചികിൽസയ്ക്കായി മെഡിയോർ തിരഞ്ഞെടുത്ത യുഎഇ സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ ആതുരചികിൽസാ മേഖലയ്ക്കുള്ളതന്നെയുള്ള അംഗീകാരമാണെന്നും ഡോ.ഷാജിർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com