ADVERTISEMENT

ഷാർജ∙ കഴിഞ്ഞ 30 വർഷത്തിലേറെയായി നാട്ടിലേയ്ക്ക് പോകാതെ ഷാർജയിലെ വില്ലയിലെ കുടുസ്സുമുറിയിൽ താമസിക്കുന്ന മലയാളി മാനസിക അസ്വാസ്ഥ്യമുള്ള ഭാര്യയെ കാണാനില്ലെന്നു പൊലീസിൽ പരാതിപ്പെട്ടു. ഷാർജയിൽ താമസിക്കുന്ന കൊല്ലം സ്വദേശി എം.പി.മധുസൂദനനാണ് ശ്രീലങ്കക്കാരിയായ ഭാര്യ രോഹിണി പെരേര(58)യെ ഷാർജയിലെ വീട്ടിൽ നിന്നു കഴിഞ്ഞ മാസം 9 മുതൽ കാണാനില്ലെന്നു പരാതിപ്പെട്ടത്.

ഖാദിസിയയിലെ കുവൈത്തി ആശുപത്രിക്കടുത്ത വില്ലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തവിട്ടും ചുവപ്പും കലർന്ന സാൽവാർ കമ്മീസായിരുന്നു കാണാതാവുമ്പോൾ രോഹിണി പെരേര ധരിച്ചിരുന്നത്. ജൂൺ 11ന് മധുസൂദനൻ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും രോഹിണിയെ കണ്ടെത്തിയിരുന്നില്ല. ഷാർജയിൽ നിന്നു കാണാതായ ഇന്ത്യൻ ബാലനെ മാധ്യമങ്ങളുടെ സഹായത്തോടെ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് മധുസൂദനൻ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. 

rohini-perera

കഴിഞ്ഞ 45 ദിവസമായി താൻ ഭാര്യയെ തിരഞ്ഞ് നടക്കുകയാണെന്നും യാതൊരു വിവരവും ലഭിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലുള്ള വ്യക്തിയായിരുന്നു രോഹിണിയെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായി താമസിക്കുന്ന ഇൗ കുടുംബത്തെക്കുറിച്ച് അടുത്ത കാലത്ത് മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു.

21 മുതല്‍ 29 വരെ പ്രായമായ മക്കളോടൊപ്പം ഷാർജയിലെ കുടുസ്സുമുറിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അപൂര്‍വമായി മാത്രം ഒറ്റമുറി വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന ഇവരൊന്നും വിദ്യാഭ്യാസം നേടിയിട്ടില്ല. 38 വര്‍ഷം മുൻപു കൊല്ലത്ത് നിന്നു യുഎഇയില്‍ എത്തിയതാണ് മധുസൂദനൻ. യുഎഇയില്‍ മധുസൂദനന്‍ രോഹിണി പെരേരയുമായി പ്രണയത്തിലാവുകയും1988ല്‍ അൽഐനിൽ വിവാഹിതരാവുകയുമായിരുന്നു. 

വീസയില്ലാതെ അനധികൃതമായി കഴിയുന്നതിനാലും വിവാഹരേഖകളില്ലാത്തതിനാലും നാട്ടിലേക്കുള്ള മടക്കം പിന്നീടുണ്ടായില്ല. മൂത്ത മകള്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ല. ഇളയ മൂന്നു പെണ്‍കുട്ടികള്‍ക്കും ഒരുമകനും പാസ്‌പോര്‍ട്ട് എടുത്തെങ്കിലും വീസയെടുക്കാൻ സാമ്പത്തികപ്രശ്നം അനുവദിച്ചിരുന്നില്ല. സാമ്പത്തിക പരാധീനതകൾ മൂലം അഞ്ചു മക്കള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നൽകാൻ പോലും മധുസൂദനന് സാധിച്ചില്ല. 

അമ്മ രോഹിണിയുടെ പ്രയത്‌നം കൊണ്ടു മക്കള്‍ക്ക് പിന്നീട് അടിസ്ഥാന വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചു. അവരെ ഇംഗ്ലീഷും പഠിപ്പിച്ചു. മധുസൂദനൻ മക്കൾക്ക് മലയാളവും പഠിപ്പിച്ചു. കൈയ്യില്‍ കിട്ടുന്ന പുസ്തകങ്ങൾ വായിച്ചും മറ്റും ഇവർ പ്രതിസന്ധികളെ മറികടക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ പൊതുമാപ്പ് കാലത്ത് ഇവരെ നാട്ടിലേയ്ക്ക് തിരിച്ചയക്കാൻ സാമൂഹിക പ്രവർത്തകരും മറ്റും ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

അഞ്ചോളം ഭാഷകളും സ്വായത്തമാക്കി. പൊളിഞ്ഞുവീഴാറായ വില്ലയിലാണു കുടുംബം കഴിയുന്നത്. അതിനിടയിലാണു രോഹിണിയെ കാണാതായിരിക്കുന്നത്. കണ്ടുകിട്ടുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com