ADVERTISEMENT

ദുബായ് ∙ ശ്രദ്ധചെലുത്തിയില്ലെങ്കിൽ ബസിലെ സുഖയാത്ര അസുഖകരമാകും. കുറഞ്ഞ ചെലവിൽ യാത്രചെയ്യാമെങ്കിലും നിയമലംഘനങ്ങൾ വൻ പിഴയാണ് അധികൃതർ ചുമത്തുക. പൊതുഗതാഗത ശൃംഖല വിപുലമായതോടെ ബസ് യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ബസ് നിരക്ക് നൽകാൻ നോൽ കാർഡ് ഉപയോഗിക്കുന്നതിലെ അശ്രദ്ധയാണ് പലർക്കും വിനയാകുന്നത്. ബസിലെ മെഷീനിൽ കാർഡ് സ്വൈപ് ചെയ്യാൻ മറന്നുപോയാൽ പിടി വീണേക്കാം.

ഇറങ്ങുമ്പോൾ സ്വൈപ് ചെയ്തില്ലെങ്കിൽ പണം നഷ്ടമാകും. ദുബായ്ക്കുള്ളിലാണ് യാത്രയെങ്കിൽ പരമാവധി 7.50 ദിർഹമാണ് നിരക്ക്. ഹ്രസ്വദൂര യാത്രയാണെങ്കിലും സ്വൈപ് ചെയ്യുമ്പോൾ ഈ തുക കാർഡിൽ നിന്ന് ഈടാക്കും. ഇറങ്ങും മുൻപ് വീണ്ടും സ്വൈപ് ചെയ്യുമ്പോൾ യാത്രാനിരക്കു കഴിഞ്ഞുള്ള തുക കാർഡിൽ തിരികെയെത്തും. അതായത്, യാത്രാനിരക്ക് 4 ദിർഹമാണെങ്കിൽ അധികമുള്ള 3.50 ദിർഹം തിരികെ കിട്ടും. ഇറങ്ങുമ്പോൾ സ്വൈപ് ചെയ്യാൻ മറന്നാൽ 7.50 ദിർഹം നഷ്ടമാകും.

പിഴ ഇങ്ങനെ

∙ നോൽ കാർഡ് ഇല്ലാതെയും വ്യാജ കാർഡ് ഉപയോഗിച്ചുമുള്ള യാത്ര: 200 ദിർഹം.

∙ കാലാവധി കഴിഞ്ഞ കാർഡ്: 500 ദിർഹം

∙ ആർടിഎയുടെ അനുമതി ഇല്ലാതെയുള്ള കാർഡ് വിൽപന: 500 ദിർഹം

∙ വാഹനത്തിന്റെ സീറ്റ് കീറുക, ഉപകരണങ്ങൾ കേടാക്കാൻ ശ്രമിക്കുക:200 ദിർഹം

∙ വാഹനത്തിൽ തുപ്പുകയോ മറ്റുവിധത്തിൽ വൃത്തികേടാക്കുകയോ ചെയ്യുക:100 ദിർഹം  

∙ വനിതകൾക്കുള്ള സീറ്റിൽ ഇരിക്കൽ:100 ദിർഹം

∙ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാധനങ്ങളുമായി യാത്ര ചെയ്യൽ: 100 ദിർഹം

∙ ബസ് ഷെൽറ്ററുകളിലെ ഉറക്കം: 300 ദിർഹം  

∙ ഡ്രൈവർക്കു ശല്യമാകുകയോ ശ്രദ്ധ പാളുകയോ ചെയ്യുന്ന വിധത്തിലുള്ള പെരുമാറ്റം: 200 ദിർഹം

∙ വാഹനത്തിലോ അനുമതിയില്ലാത്ത മേഖലകളിലോ ഭക്ഷണം കഴിക്കൽ: 100 ദിർഹം

∙ വാഹനത്തിലിരുന്നുള്ള പുകവലി: 200 ദിർഹം

ശ്രദ്ധിക്കൂ...

∙ യാത്ര ചെയ്യും മുൻപ് കാർഡിൽ ആവശ്യത്തിനു പണമുണ്ടെന്ന് ഉറപ്പാക്കണം. കാർഡിൽ നിന്നു പണം പിൻവലിച്ചിട്ടുണ്ടെന്നു മെഷീനിൽ നോക്കി ഉറപ്പാക്കുകയും വേണം.

∙ മെഷീനിൽ കാർഡ് ദീർഘനേരം വച്ചുകൊണ്ടിരിക്കരുത്. ചെക്ക് ഇൻ, ചെക്ക് ഔട്ട് എന്നിവ ഒരേ സമയം രേഖപ്പെടുത്തും.

∙ ബസ് ഡോറുകൾക്കു സമീപവും ചുവന്ന വരകൾ രേഖപ്പെടുത്തിയ ഇടങ്ങളിലും നിൽക്കാതിരിക്കുക.

∙ ഭക്ഷണ-പാനീയങ്ങൾ എന്നിവ ബസിനുള്ളിൽ അനുവദിക്കില്ല. ബസിൽ ഉറങ്ങുന്നതും നിയമവിരുദ്ധമാണ്.


പിഴ എങ്ങനെ അടയ്ക്കാം

നിയമലംഘനങ്ങൾ വിലയിരുത്തി 50 മുതൽ 250 ദിർഹം വരെ പരിശോധകനു ചുമത്താം. അപ്പോൾതന്നെ പരിശോധകനു തുക കൈമാറാം. നൽകാൻ പണമില്ലെങ്കിൽ എമിറേറ്റ്സ് ഐഡി നൽകി രസീത് വാങ്ങണം. 48 മണിക്കൂറിനു ശേഷമാണെങ്കിൽ മുഹൈസിന നാലിലെ അമ്മാൻ സ്ട്രീറ്റിലുള്ള ആർടിഎ ഓഫിസിൽ എത്തി പിഴയടച്ച് എമിറേറ്റ്സ് ഐഡി കൈപ്പറ്റാം. മറ്റാരെയും അയയ്ക്കരുത്. 30 ദിവസത്തിനകം പിഴയടച്ച് എമിറേറ്റ്സ് ഐഡി കൈപ്പറ്റിയിരിക്കണം. ഈ സമയത്ത് ഹാജരാകാൻ കഴിയില്ലെങ്കിൽ അക്കാര്യം അറിയിക്കണം. അല്ലെങ്കിൽ പൊലീസിനും എമിഗ്രേഷനും കേസ് കൈമാറും. സഹായത്തിനും കൂടുതൽ വിവരങ്ങൾക്ക്: 8009090.

സ്റ്റോപ്പിൽ അറിയാം ബസ് റൂട്ടുകൾ

ദുബായിൽ എല്ലായിടങ്ങളിലേക്കും ബസ് സർവീസുണ്ട്. ബസ് സ്റ്റോപ്പുകളെല്ലാം ശീതീകരിച്ചവയാണ്. ഓരോ റൂട്ടിലേക്കുമുള്ള ബസുകളുടെ നമ്പറുകൾ എല്ലാ സ്റ്റോപ്പുകളിലും രേഖപ്പെടുത്തിയിരിക്കും. ഏതൊക്കെ സ്ഥലങ്ങളിലൂടെയാണ് ബസ് പോകുന്നതെന്നു മനസിലാക്കാൻ വിശദമായ മാപ്പും അവിടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com