ADVERTISEMENT

ദുബായ് ∙ സൈക്കിൾ ട്രാക്കുകളിൽ ഇനി ഓടുക പുതിയ ആരോഗ്യശീലങ്ങൾ.  നൂതന സംവിധാനങ്ങളുമായി സൈക്കിൾ ട്രാക്കുകൾ വ്യാപകമായതോടെ ആരോഗ്യപരിപാലനത്തിന്റെ തിരിച്ചറിവുകളിലേക്ക് ചവിട്ടിക്കയറുകയാണ്  മലയാളികൾ അടക്കമുള്ളവർ. താമസകേന്ദ്രങ്ങളിൽ നിന്നു മൂന്നും നാലും കിലോമീറ്റർ സൈക്കിൾ ചവിട്ടി മെട്രോ സ്റ്റേഷനിലെത്തി ഓഫിസുകളിലേക്കു പുറപ്പെടുന്നവരുടെ എണ്ണം കൂടി. പണച്ചെലവോ ഗതാഗതക്കുരുക്കോ ഇല്ലാത്ത സൈക്കിൾ യാത്രയുടെ നേട്ടം നിസാരമല്ല.

മെട്രോ യാത്ര പതിവാക്കിയ പലർക്കും സൈക്കിൾ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. തിരക്കുള്ള ദിവസങ്ങളിൽ ബസ്, ടാക്സി എന്നിവയേക്കാൾ കുറഞ്ഞ സമയം കൊണ്ട് സ്റ്റേഷനിൽ സൈക്കിളിലെത്താം. ഓരോ മെട്രോ സ്റ്റേഷനിലും സൈക്കിളുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. 

കുരുക്ക് കുടുക്കില്ല

വാരാന്ത്യങ്ങളിൽ ദുബായിൽ നിന്നു ഷാർജയിലേക്കു സൈക്കിളിൽ യാത്ര ചെയ്യുന്നവരുമുണ്ട്. തിരക്കുള്ള സമയങ്ങളിൽ മണിക്കൂറുകളോളം ഗതാഗതതടസ്സം ഉണ്ടാകുമ്പോൾ കാർ യാത്രക്കാരേക്കാൾ വേഗമെത്താം. ഗൂഗിൾ മാപ്പ് നോക്കി തിരക്കുകുറഞ്ഞ വഴിയാണ് യാത്ര.

യുഎഇ റോഡുകളിൽ കയറ്റിറക്കങ്ങൾ ഇല്ലാത്തതിനാൽ സൈക്കിൾ ചവിട്ടാൻ ആയാസമില്ല. 

ട്രാക്ക് നിർമാണം അതിവേഗം

ദുബായിലെ സൈക്കിൾ ട്രാക്ക്.
ദുബായിലെ സൈക്കിൾ ട്രാക്ക്.

2022 ആകുമ്പോഴേക്കും ദുബായിലെ സൈക്കിൾ ട്രാക്ക് 560 കിലോമീറ്ററിൽ കൂടും. നിലവിൽ മുന്നൂറോളം കിലോമീറ്ററാണുള്ളത്. 2006ൽ നിർമിച്ച വെറും പത്തു കിലോമീറ്റർ ട്രാക്കിൽ നിന്നാണ് ഈ വളർച്ച. അൽ വർഖ, ജുമൈറ ബീച്ച്, നാദ് അൽ ഷെബ, എക്സ്പോ 2020 മേഖല, ഡൗൺടൌൺ ദുബായ്, ജബൽഅലി, അൽഖൂസ്, കരാമ, ഊദ് മേത്ത, ഹോർ അൽ അൻസ്, ഖിസൈസ്, ബർഷ എന്നിവിടങ്ങളിലെല്ലാം സൈക്കിൾ ട്രാക്ക് പൂർത്തിയാകും. 

എക്സ്പോ നടക്കുന്ന 2020 ൽ പല പ്രധാനമേഖലകളിലും സൈക്കിൾ ട്രാക്കുകൾ സജ്ജമാകും. ബാബ് അൽ ഷംസ്-അൽ ഖുദ്ര സ്ട്രീറ്റ്, ദുബായ് വാട്ടർ കനാൽ, ജുമൈറ സ്ട്രീറ്റ്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ്, മൻഖൂൽ സ്ട്രീറ്റ്, അൽഖൂസ് 3, അൽ റിഗ്ഗ, എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ, ബർദുബായിലെ അൽ ഫഹീദി, അൽ ഫലാ, അൽ ഗുബൈബ, അൽ ഹിസിൻ എന്നിവിടങ്ങളിൽ രാജ്യാന്തര നിലവാരമുള്ള സൈക്കിൾ ട്രാക്കുകൾ പൂർത്തിയാക്കി.അബുദാബിയിലും കൂടുതൽ സൈക്കിൾ ട്രാക്കുകൾ നിർമിക്കുകയാണ്. പടിഞ്ഞാറൻ മേഖലയായ അൽ ദഫ്റയിൽ 16 കിലോമീറ്റർ പാത നിർമാണം പുരോഗമിക്കുകയാണ്. മദീന സായിദ്, സില, മിർഫ, ഡൽമ ദ്വീപുകളിലേക്കും ബന്ധിപ്പിക്കും. സുരക്ഷാവേലി ഒരുക്കിയാണ് പാത നിർമിക്കുക. പാതയ്ക്ക് ഇരുവശവും യുഎഇ ദേശീയ വൃക്ഷമായ ഗാഫ് മരങ്ങൾ വച്ചുപിടിപ്പിക്കും.

സൈക്കിള്‍ ഉപയോഗത്തിൽ മുന്നിൽ ഫിലിപ്പീൻസ് സ്വദേശികൾ‌

സൈക്കിൾ ഉപയോഗത്തിൽ ഫിലിപ്പീൻസ് സ്വദേശികളാണ് മുന്നിലെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ളവരും ഒട്ടും പിന്നിലല്ല. 400 മുതൽ 800 ദിർഹം വരെയാണ് ഒരു ശരാശരി സ്പോർട്സ് സൈക്കിളിന്റെ വില. ഇതിനു 4 ഗിയറുകളുണ്ടാകും. ടോപ് ഗിയറിൽ ആയാസമില്ലാതെ അതിവേഗം ചവിട്ടാം. കൂടുതൽ വിലയുള്ള സൈക്കിളുകളുമുണ്ട്. കൂടുതലും കണ്ടുവരുന്നത് ചൈനീസ് സൈക്കിളുകളാണ്. ഡ്രാഗൺ മാൾ ആണിതിന്റെ കേന്ദ്രം. ഇന്ത്യൻ സൈക്കിളുകളും കുറവല്ല. 

പറന്നെത്താൻ 'സൈക്കിൾ പൊലീസ്'

ഖോർഫക്കാൻ ബീച്ചിലും പരിസരങ്ങളിലും അടുത്തിടെ സൈക്കിളിൽ പൊലീസ്  പട്രോളിങ് ആരംഭിച്ചു. കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണിത്. ഗതാഗതക്കുരുക്ക് പോലും പലപ്പോഴും പ്രശ്നമാകുന്ന സാഹചര്യത്തിലാണു പുതിയ സംവിധാനം. 

എമർജൻസി ലൈറ്റുകൾ, വാർത്താവിനിമയ സൗകര്യങ്ങൾ എന്നിവയുള്ള ഹൈടെക് സൈക്കിളാണിത്.  

ശ്രദ്ധിക്കാം

∙  സൈക്ലിങ് ട്രാക്കിന്റെ വലതുഭാഗത്തു കൂടിയാകണം യാത്ര.

∙  സൈക്കിളിന്റെ ഇരുഭാഗത്തേക്കും കാലുകളിട്ടു യാത്രചെയ്യണം. സാഹസികത കുറ്റകരം

∙  സൈക്കിളിന്റെ ബാലൻസ് തെറ്റിക്കുന്ന സാധനങ്ങൾ കയറ്റരുത്. 

∙  മറ്റു വാഹനത്തിന്റെ പിന്നിൽ പിടിച്ചു സൈക്കിളിൽ യാത്രചെയ്യരുത്. 

cycle-police

∙ വാഹനങ്ങളുമായും  വഴിയാത്രക്കാരുമായും സുരക്ഷിത അകലം പാലിക്കണം. 

∙  ൈസക്കിളുകൾക്ക് അനുവദിക്കപ്പെട്ട മേഖലകളിൽ മാത്രം പാർക്കിങ്

∙  സൈക്കിൾ ട്രാക്കുകളിൽ മറ്റു വാഹനങ്ങൾ കയറുന്നത് ശിക്ഷാർഹം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com