ADVERTISEMENT

ദുബായ് ∙ ഹരിത സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് 74 സ്മാർട് സംരംഭങ്ങളുമായി ആർടിഎ മുന്നോട്ട്. ഇന്ധനക്ഷമത കൂടിയതും പാരിസ്ഥിതിക ഭീഷണി ഇല്ലാത്തതുമായ വാഹനങ്ങൾ കൂടുതലായി നിരത്തിൽ ഇറക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണു പുരോഗമിക്കുന്നത്. 

ഹരിത സമ്പദ് വ്യവസ്ഥ, സർക്കാർ നയങ്ങൾ, ഹരിത നഗരാസൂത്രണം, കാലാവസ്ഥാ വെല്ലുവിളി നേരിടൽ, ഹരിത സാങ്കേതികവിദ്യകൾ, പ്രകൃതി വിഭവങ്ങളുടെ മിതമായ ഉപയോഗം എന്നീ ഘടകങ്ങൾ മുൻനിർത്തിയാണു പദ്ധതികൾ. 2050 വരെ ലക്ഷ്യമിട്ട് രൂപം നൽകിയ പദ്ധതികൾ വിവിധ ഘട്ടമായി പൂർത്തിയാക്കുക. 

മെട്രോ, ബസ് ജനപ്രിയ വാഹനങ്ങൾ 

മെട്രോ, ബസുകൾ എന്നിവയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിവരുകയാണ്. 

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കഴിഞ്ഞതിലൂടെ കഴിഞ്ഞവർഷം 6.42 ലക്ഷം ടൺ കാർബൺ മലിനീകരണം ഒഴിവാക്കാനായി. 

മലിനജലം ശുദ്ധീകരിച്ചാണ് വാഹനങ്ങൾ കഴുകാൻ ഉപയോഗിക്കുന്നത്. 90 മുതൽ 100% വരെ മലിനജലം ഇങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയുന്നു. 

10 കോടി ലീറ്റർ വെള്ളവും 3.3 കോടി കിലോവാട്ട് വൈദ്യുതിയും 1.9 കോടി ലീറ്റർ ഇന്ധനവും ലാഭിക്കാൻ കഴിഞ്ഞു.

കൂടുതൽ സ്റ്റേഷൻ, ബോട്ടുകൾ

അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന വേൾഡ് എക്സ്പോയ്ക്കു മുന്നോടിയായി ജലഗതാഗതരംഗത്തു നൂതന സൗകര്യങ്ങളോടെ 11 സ്റ്റേഷനുകൾ നിർമിക്കാനാണു പദ്ധതി. ഇതോടെ സ്റ്റേഷനുകളുടെ എണ്ണം 58 ആയി ഉയരും.

ക്രീക്ക്, ജുമൈറ ബീച്ച്, വികസനം നടക്കുന്ന ദ്വീപുകൾ, ദുബായ് വാട്ടർ കനാൽ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കും. 

മേൽക്കൂരകളിൽ 'സൂര്യൻ'

ആർടിഎ ഓഫിസുകൾ പൂർണമായും സൗരോർജ സംവിധാനത്തിലേക്കു മാറ്റുകയാണു ലക്ഷ്യം. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സോളർ പാനലുകൾ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ആർടിഎ ആസ്ഥാനത്തെ പാർക്കിങ് മന്ദിരത്തിൽ 300 കിലോ വാട്ടിന്റെയും ഖിസൈസ് ഓഫിസിൽ 10 കിലോവാട്ടിന്റെയും സോളർ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

ട്രാഫിക് ലൈറ്റുകളുടെയും സാലിക് ഗേറ്റുകളുടെയും പ്രവർത്തനത്തിനും സൗരോർജമാണ് ഉപയോഗിക്കുന്നത്. വഴിവിളക്കുകൾ, ട്രാഫിക് ലൈറ്റുകൾ, ട്രാം-മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഊർജോപയോഗം കുറഞ്ഞ എൽഇഡി ലൈറ്റുകളാണുള്ളത്. 

1461 ഹൈബ്രിഡ് ടാക്സി

ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ വാഹനങ്ങളുടെയും ഇലക്ട്രിക്, ഹൈബ്രിഡ് അബ്രകളുടെയും എണ്ണം കൂട്ടും. നിലവിൽ 1461 ഹൈബ്രിഡ് ടാക്സികളാണ് ദുബായിലുള്ളത്. 

2018 വരെയുള്ള കണക്കനുസിച്ച്  89 ഇലക്ട്രിക് ടാക്സികളുമുണ്ട്.  ഈവർഷം അവസാനത്തോടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 200 ആകും. 2021 ആകുമ്പോഴേക്കും ആകെയുള്ള വാഹനങ്ങളുടെ പകുതിയും ഹൈബ്രിഡ് ആയിരിക്കും. 

20 കിലോവാട്ട്  മോട്ടോറാണ് ഇലക്ട്രിക് അബ്രയുടെ പ്രത്യേകത. ഭാരം കുറഞ്ഞ ഘടകങ്ങൾകൊണ്ടാണ് മോട്ടർ നിർമാണം. 26 ബാറ്ററികളും സൗരോർജ പാനലുകളുമുണ്ട്. 20 പേർക്കു യാത്ര ചെയ്യാം.

ബസുകളിൽ ഇന്ധനക്ഷമത കൂടിയ യൂറോ 5 ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്. ഇതിനു കാർബൺ മലിനീകരണവും കുറവാണ്. യൂറോ 6 എൻജിൻ ഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com