ADVERTISEMENT

മിനാ∙ഒരേ മനസ്സായി, ഒരേ ശബ്ദമായി, ഒരേ കണ്ണീരായി ഹജ് തീർഥാടകർ. പ്രവാചകൻ മുഹമ്മദ് നബി വിടവാങ്ങൽ പ്രഭാഷണം നടത്തിയ അറഫയുടെ മണ്ണിൽ, ഒരുമയുടെ മഹാസംഗമം. രാജ്യങ്ങളുടെ അതിരുകൾ അവിടെ കണ്ടില്ല. പണക്കാരനെന്ന ഗർവോ പാവപ്പെട്ടവനെന്ന സങ്കടമോ ചിന്തകളിൽ പോലുമില്ല. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ 25 ലക്ഷത്തോളം പേർക്കും ഒരേ ഭാവം, ഒരേ ഭാഷ; പ്രാർഥനയുടെ. പാപങ്ങൾ പൊറുക്കണേ എന്നു മനമുരുകി വീഴുന്ന കണ്ണുനീർത്തുളളികൾ എല്ലാ മുഖങ്ങളിലും. കണ്ണെത്താ ദൂരമുള്ള അറഫയിലെങ്ങും ലാളിത്യത്തിന്റെ വെള്ള വിരിച്ചതു പോലെ ഇഹ്റാം ധരിച്ച തീർഥാടകർ. മിനായിൽ നിന്നു പുലർച്ചയോടെ അറഫയിലെത്തിയ തീർഥാടകർ നമിറ പള്ളിയിൽ നമസ്കാരവും ഖുത്തുബ(പ്രഭാഷണം) യും കഴിഞ്ഞാണ്  ആഗോള മുസ്‌ലിംകളുടെ മഹാസംഗമം ആരംഭിച്ചത്.

അറഫസംഗമ ദിനത്തിൽ മക്ക ഹറം പള്ളിയിലെ കഅബയെ പുതിയ കിസ്‌വ( പുടവ) അണിയിച്ചു. ഹജ് എന്നാൽ അറഫയാണ് എന്നു വചനം. ആ പുണ്യം ആർക്കും മുടങ്ങാതിരിക്കാനായി, മക്കയിലും മദീനയിലും ആശുപത്രിയിൽ ആയിരുന്ന തീർഥാടകരെ പ്രത്യേക ആംബുലൻസുകളിൽ അറഫയിൽ എത്തിച്ചു. തീർഥാടകർക്ക് ചൂടിൽ നിന്ന് ആശ്വാസമായി അറഫയിൽ അരമണിക്കൂറോളം മഴ പെയ്തു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടായി. ദൈവത്തിനു മുന്നിൽ സങ്കടങ്ങൾ ഇറക്കി വച്ച്, പാപങ്ങൾ കഴുകിക്കളഞ്ഞ് ഹാജിമാർ അറഫയോടു വിട പറഞ്ഞത് സൂര്യാസ്തമനത്തോടെ. മുസ്ദലിഫയിൽ രാത്രി തങ്ങിയ അവർ കല്ലേറു കർമത്തിനുള്ള കൽമണികൾ ശേഖരിച്ചു. ഇന്ന് ആദ്യത്തെ കല്ലേറുകർമത്തിനു ശേഷം തീർഥാടകർ ബലി പെരുന്നാളിനെ വരവേൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com