ADVERTISEMENT

ദുബായ് ∙ അവധിയാത്രാ നടത്തുന്നവർ ഡ്രൈവിങ്ങിലും കുട്ടികളുടെ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തണമെന്നു പൊലീസ്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും നിലവാരമില്ലാത്ത ടയറുകളും അപകടത്തിനു പ്രധാന കാരണങ്ങളാകും ചുട്ടുപഴുത്ത റോഡിൽ '' മൊട്ട ടയറുമായി '' യാത്രചെയ്യുന്നത് അതിസാഹസം മാത്രമല്ല, കുറ്റകരവുമാണ്. മാസത്തിൽ ഒരിക്കലെങ്കിലും ടയറുകൾ പരിശോധിച്ചു സുരക്ഷിതമെന്ന് ഉറപ്പാക്കണം. ഡ്രൈവിങ്ങിനിടെ ആശംസാ സന്ദേശങ്ങൾക്കും വിളികൾക്കും മറുപടി നൽകാൻ ശ്രമിക്കരുത്.

അത്യാവശ്യമെങ്കിൽ വാഹനം സുരക്ഷിതമായി നിർത്തിയശേഷം ഫോൺ ചെയ്യുക. കൊച്ചു കുട്ടികളെ ചൈൽഡ് സീറ്റിൽ ഇരുത്തണം. കുട്ടികളെ വാഹനത്തിൽ ചാടിമറിയാനും മറ്റും അനുവദിക്കയുമരുത്. ദീർഘദൂര യാത്രയിൽ വാഹനമോടിക്കുന്നവർ ഇടയ്ക്കിടെ വിശ്രമിക്കുകയും വെള്ളം കുടിക്കുകയും വേണം. അവധി ദിവസങ്ങളിൽ സലാല, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടി. പള്ളികൾ, മാളുകൾ, മാർക്കറ്റുകൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ഏതാവശ്യത്തിനും പൊലീസ് സഹായം തേടാം.

ഒറ്റപ്പെടരുത്,കുട്ടികൾ

∙ ഷോപ്പിങ് മാളുകൾ, പാർക്കുകൾ, ആഘോഷപരിപാടികൾ, മറ്റ് ആൾക്കൂട്ടങ്ങൾ എന്നിവിടങ്ങളിൽ കുട്ടികൾ ഒറ്റപ്പെട്ടുപോകാതെ നോക്കണം. പല കുട്ടികളും രക്ഷിതാക്കളുടെ ഫോൺ നമ്പർ ഓർക്കുന്നുണ്ടാകില്ല.

∙ തിരക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കൊച്ചുകുട്ടികളുടെ കയ്യിൽ പേരും രക്ഷിതാക്കളുടെ വിശദാംശങ്ങളുമുള്ള ഐഡി കാർഡ് ഉണ്ടായിരിക്കണം. ബ്രേസ്‌ലറ്റ് പോലെ കൈയിൽ ബന്ധിക്കുകയോ മാലയിൽ കൊളുത്തിയിടുകയോ ചെയ്യാം. കുട്ടി ഒറ്റപ്പെട്ടുപോയാൽ സഹായിക്കാൻ എത്തുന്നവർക്കു രക്ഷിതാക്കളെ വേഗത്തിൽ വിവരമറിയിക്കാൻ കഴിയും.

∙ കുട്ടികൾക്ക് എന്തെങ്കിലും അപകടം ഉണ്ടാകുകയാണെങ്കിൽ ധൈര്യം കൈവിടാതെ കഴിയുവേഗം വൈദ്യസഹായം ലഭ്യമാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. പ്രഥമ ശുശ്രൂഷ നൽകാൻ അറിഞ്ഞിരിക്കണം.

∙ തിരക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുട്ടികൾ കൺവെട്ടത്തു തന്നെയുണ്ടെന്നു രക്ഷിതാക്കൾ ഉറപ്പാക്കണം. കളിക്കളങ്ങളിലും ഇതേരീതിയിൽ ജാഗ്രത പുലർത്താൻ ശ്രദ്ധിക്കണം. ശ്രദ്ധകിട്ടാത്ത സ്ഥലങ്ങളിൽ കുട്ടികൾ പോകുന്നത് തടയണം.

∙ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ സമീപത്തു കുട്ടികളില്ലെന്ന് ഉറപ്പാക്കണം. വാഹനത്തിൽ കയറും മുൻപും സ്റ്റാർട്ട് ചെയ്ത ശേഷവും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

ഉറപ്പാക്കാം,ടയർ സുരക്ഷ

∙കാലാവധി കഴിഞ്ഞില്ലെങ്കിലും ടയറുകൾ വിണ്ടുകീറുകയോ പൊട്ടുകയോ ചെയ്താൽ മാറ്റണം.

∙ഷോക് അബ്സോർബറിന്റെ നിലവാരവും പ്രധാനമാണ്. ഇവ കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ടയറുകൾ പെട്ടെന്നു തേഞ്ഞുതീരാൻ ഇടയാക്കും.

∙മാസത്തിൽ ഒരിക്കലെങ്കിലും ടയറുകൾ വിശദമായി പരിശോധിക്കണം. വാഹനത്തിന്റെ പ്രവർത്തന ക്ഷമതയിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണിവ.

∙ നാലു ടയറുകളിലും ആവശ്യമായ അളവിൽ എയർ ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com