sections
MORE

നത്തോലി പീര, ഇറച്ചി സാമ്പാർ.. കൊതിയന്മാരേ ഇവിടെ വരിൻ...

food
SHARE

ദോഹ∙ സദ്യ എന്ന് കേൾക്കുമ്പോൾ കാളൻ, പപ്പടം, പഴം, പായസം, അവിയൽ, സാമ്പാർ എന്നിവയൊക്കെയാണ് മലയാളിയുടെ മനസിൽ തെളിയുക. എന്നാൽ വേറിട്ട രുചിക്കൂട്ടുമായി ഒരു നോൺ വെജ് സദ്യയാണ് സൽവ റോഡിലെ ഷർവ റസ്റ്ററന്റ് ഒരുക്കുന്നത്. കുത്തരി ചോറിനൊപ്പം നല്ല എരിവിൽ കുടംപുളിയിട്ട മീൻ കറിയും മത്തി വറുത്തതും തേങ്ങയും പച്ചമുളകും ചെറിയ ഉള്ളിയുമൊക്കെ ചേർത്ത് തയാറാക്കിയ സ്വാദേറിയ നത്തോലി പീരയും ഒക്കെയായി ഒരു അടിപൊളി മീൻ സദ്യ.

ഷർവ റസ്റ്ററന്റും അനുബന്ധ സ്ഥാപനമായ, ഏഷ്യൻ ടൗണിലെ സിനിമ 2-ന് സമീപത്തെ ഉസ്താദ് റസ്റ്ററന്റും നൽകുന്നത് രുചി മേളം. ഇനി മീൻ വേണ്ടെങ്കിൽ ഇറച്ചി സദ്യയും തയാർ. ഈദ് അവധിയായതിനാൽ ഇന്നു മുതൽ ഇടവിട്ട ദിവസങ്ങളിൽ മീൻ, ഇറച്ചി സദ്യയാണ് രണ്ടിടത്തെയും പ്രത്യേകത. അവധി കഴിഞ്ഞാൽ എല്ലാ വെള്ളിയാഴ്ചകളിലും മാത്രമായിരിക്കും സദ്യ. രുചിയുടെ കലവറയൊരുക്കുന്ന നോൺ വെജ് സദ്യകൾക്ക് 20 റിയാലാണ് നിരക്ക്.

മത്തിയാണ് താരം

മീൻ സദ്യയിലെ സ്‌പെഷ്യൽ താരം നമ്മുടെ നാട്ടിൽ നിന്നുള്ള കുഞ്ഞൻ മത്തിയാണ്. മത്തിയും കപ്പയും ചേർത്തു തയാറാക്കിയ അടിപൊളി സ്വാദിലുള്ള വിഭവമാണ് മീൻ സദ്യയിലെ താരം. നാട്ടിൽ നിന്നു കടൽ കടന്ന് എത്തുന്ന മത്തിയാണ് ഉപയോഗിക്കുന്നത്. നാടൻ കുഞ്ഞൻ മത്തിക്ക് വില അൽപം കൂടുതലാണെങ്കിലും രുചിയിൽ കേമൻ . മത്തി തേങ്ങ, പെരുംജീരകം, ജീരകം, പച്ചകുരുമുളക്, വെളുത്തുള്ളി, മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുത്ത് മീനിന്റെ മുള്ള് കളഞ്ഞ് വേവിച്ച കപ്പയ്‌ക്കൊപ്പം ചേർത്ത് ഉടച്ചുണ്ടാക്കുന്ന വിഭവമാണിത്. മീൻ ചട്ടിചോർ, മീൻ കറി, മത്തി പൊരിച്ചത്, നത്തോലി പീര, മീൻ ചമ്മന്തി, മീൻ അച്ചാർ, നത്തോലി ഉണക്കി മുളകിട്ട് പൊരിച്ചത്, ചെമ്മീൻ പൊരിച്ചത്, കണവ, ഞണ്ട് റോസ്റ്റ് എന്നിവയാണ് മീൻ സദ്യയിലെ മറ്റ് വിഭവങ്ങൾ. ഒപ്പം മോരുകറിയും പപ്പടവും പായസവും സാമ്പാറും.

ഇറച്ചിയുടെ രുചിപ്പെരുമ

പേരിൽതന്നെ അത്ഭുതം നിറച്ചവനാണ് ഇറച്ചി സാമ്പാർ. ഷർവയിലെയും ഉസ്താദിലെയും ഇറച്ചി സദ്യയിലെ ഈ താരത്തെ ഭക്ഷണപ്രേമികൾക്ക് ഇനി രുചിച്ച് തന്നെ അറിയാം. ഇറച്ചി സാമ്പാറിന് പിന്നിൽ ഒരു രുചിക്കഥയുമുണ്ട്. 30 വർഷം മുൻപ് കൊല്ലത്തെ സേവിയേഴ്സ് റസ്റ്ററന്റിലെ പ്രധാന താരമായിരുന്നത്രെ ഈ ഇറച്ചി സാമ്പാർ. ഷർവയുടെയും ഉസ്താദിന്റെയും ഉടമ ജവഹർ 30 വർഷം മുൻപ് രുചിച്ച ഇറച്ചി സാമ്പാറാണ് ദോഹയിൽ പുനർജനിച്ചത്. കൊല്ലത്തെ കട പൂട്ടിപ്പോയെങ്കിലും ഇറച്ചി സാമ്പാറിന്റെ രുചി ഇന്നും നാവിലുണ്ടെന്ന് ജവഹർ. കൊല്ലത്തെ രുചിയുടെ ഓർമ പുതുക്കിയാണ് ഇവിടെയും ഇറച്ചി സാമ്പാർ സദ്യയിലെ സ്‌പെഷലാക്കിയത്. ഇറച്ചി ചട്ടിച്ചോറ്, ഇറച്ചിക്കറി, ഇറച്ചി വറുത്തത്, ഇടിയിറച്ചി ചമ്മന്തി, ഇറച്ചി അച്ചാർ, ഉണക്ക ഇറച്ചി വറുത്തത്, ഇറച്ചി അവിയൽ ഇങ്ങനെ ഇറച്ചി സദ്യയിലെ വിഭവങ്ങൾ നീണ്ടതാണ്. ഇറച്ചി സാമ്പാറിനൊപ്പം ചെറിയ ചക്ക (ഇടിച്ചക്ക) ഇറച്ചിയിൽ ഇട്ട് ഉലർത്തിയെടുത്തതും കടച്ചക്കയും ഇറച്ചിയും കൂടിയുള്ള തോരനും സഹതാരങ്ങളാണ്. ഒപ്പം മോരുകറിയും പപ്പടവും പായസവും ഒക്കെ ഉണ്ടാകും. വില 20 റിയാൽ.

കാശില്ലെങ്കിലും കഴിക്കാം

ഒരു നേരം ആഹാരം കഴിക്കാൻ കാശില്ലെങ്കിലും ഷർവയിലേക്ക് ചെന്നാൽ വയറുനിറച്ച് രുചികരമായ ആഹാരം കഴിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. തുടക്കം മുതൽ ഇതുവരെ നൂറു കണക്കിന് പേരുടെ വിശപ്പകറ്റാൻ ഷർവയ്ക്ക് കഴിഞ്ഞു. ഇന്നും അതിന് മുടക്കമില്ല. വിശക്കുന്നവന് അന്നം കൊടുക്കുന്നതിനേക്കാൾ സംതൃപ്തി മറ്റൊന്നിനും ഇല്ലെന്ന് ജവഹർ പറഞ്ഞു. ഫ്രീസറിൽവച്ച ഇറച്ചിയോ മീനോ ഇവിടെ ഉപയോഗിക്കാറില്ല. എല്ലാം ഫ്രഷാണ്. നാട്ടിൽ നിന്ന് അന്നന്ന് വരുന്ന നാടൻ മീനുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. അജിനോമോട്ടോയോ മറ്റ് പ്രിസർവേറ്റീവോ ചേർക്കാറില്ല. ശുദ്ധമായ വെളിച്ചെണ്ണയിൽ തന്നെയാണ് വിഭവങ്ങൾ തയാറാക്കുന്നതും. പൂർണമായി വിശ്വസിച്ച് ആഹാരം കഴിക്കാമന്ന് ജവഹർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA