ADVERTISEMENT

മനാമ ∙സ്വന്തം നാടിന്റെ ദുരവസ്ഥ പ്രവാസ ലോകത്തെ ചൂടിനേക്കാളും വിഷമകരമായിരുന്നു മലപ്പുറം നിലമ്പൂർ വളിക്കളവ് മടപ്പൊയ്ക ചെരുവിൽ വീട്ടിൽ ജിജി ജോർജിന്. മഴക്കെടുതിയിൽ നിലമ്പൂർ ഒറ്റപ്പെട്ടത് കണ്ടും കേട്ടുമറിഞ്ഞപ്പോൾ ഇൗ യുവതി തനിക്ക് എന്താണ് ചെയ്യാൻ സാധിക്കുക എന്ന വിഷമസന്ധിയിലായി. വളരെ പ്രയാസത്തിലാണ് എല്ലാവരും എന്ന് അടുത്ത കൂട്ടുകാരി റൂബി നാട്ടിൽ നിന്ന് വിളിച്ചുപറഞ്ഞതോടെ മറ്റൊന്നും ആലോചിച്ചില്ല, ബഹ്റൈൻ ആദിലിയയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു നേടിയ സമ്പാദ്യം കൊണ്ട് ഒരു മാസം മുൻപ് മാത്രം സ്വന്തമാക്കിയ 25 സെന്റ് ഭൂമിയിൽ നിന്ന് 20 സെന്റ് മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ അഞ്ച് കുടുംബങ്ങൾക്ക് തുല്യമായി വീതിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു.

jiji-3

ജിജിയുടെ വാക്കുകൾ കേട്ട് ആദ്യം ഞെട്ടിയത് റൂബി തന്നെയായിരുന്നു. ആലോചിച്ചെടുത്ത തീരുമാനമാണോ എന്നായിരുന്നു അവളുടെ ചോദ്യം. പത്തു കൊല്ലം സ്കൂളിൽ ഒന്നിച്ച് പഠിച്ച എന്നെ നിനക്കറിയില്ലേ, ഞാനൊരു വാക്ക് പറഞ്ഞാ വാക്കാണ് എന്നു ജിജി മറുപടി നൽകി. നാട്ടിലേയ്ക്ക് വിളിച്ച് അമ്മ ആലീസിനോടും മക്കളായ പ്ലസ് ടു വിദ്യാർഥി അഖിൽ, പ്ലസ് വൺ വിദ്യാർഥി നിഖിൽ, എട്ടാം ക്ലാസിൽ പഠിക്കുന്ന മകൾ അനൈന എന്നിവരോടും കാര്യം പറഞ്ഞു. എല്ലാവരും തീരുമാനത്തെ പിന്തുണച്ചു.പിന്നെ എല്ലാം ദ്രുതഗതിയിൽ നടന്നു. റൂബി സ്ഥലം എംഎൽഎ പി.വി.അൻവറിനോട് കാര്യം പറഞ്ഞു. എംഎൽഎ ജിജിയെ വിളിച്ച് സംഗതി ഉറപ്പാക്കി. ഏറ്റവും അനുയോജ്യരായ അഞ്ച് കുടുംബങ്ങളെ എംഎൽഎ കണ്ടെത്തും. 

ഒരു മാസം മുൻപാണ് 37കാരിയായ ജിജി ഇൗ സ്ഥലം വാങ്ങിയത്. റജിസ്ട്രേഷൻ അടുത്തിടെ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ.

jiji-2

പൂര്‍ണ മനസ്സോടെയാണ് ഞാനെന്റെ സ്ഥലം പാവങ്ങൾക്ക് നൽകുന്നത്. കാരണം, ഇതേ അവസ്ഥയിലൂടെ കടന്നുവന്നവരാണ് ‍ഞങ്ങൾ. ഇല്ലാത്തവരുടെ കഷ്ടപ്പാടുകൾ എനിക്കറിയാം– ജിജി മനോരമ ഒാൺലൈനിനോട് പറഞ്ഞു. നാട്ടിൽ ധനികരും ദരിദ്രരും ബുദ്ധിമുട്ടിലാണ്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത് കരളലിയിപ്പിക്കുന്ന കഥകൾ. പണവും സമ്പാദ്യവും ഇനിയും ഉണ്ടാകും. അവശ്യ സമയത്ത് അറിഞ്ഞ് സഹായിക്കുന്നതാണ് ഏറ്റവും വലിയ ജീവകാരുണ്യമെന്ന് ജിജി വിശ്വസിക്കുന്നു. ജിജിയുടെ ഭർത്താവ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുപോയിരുന്നു. പത്ത് വർഷം മുൻപാണ് ജിജി ജോലി തേടി ബഹ്റൈനിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com