ADVERTISEMENT

ദുബായ്∙ വിട്ടുമാറാത്ത രോഗങ്ങൾക്ക്  പ്രതിവിധി യോഗയാണെന്ന പരസ്യത്തിനെതിരെ അറബ് സമൂഹമാധ്യമങ്ങളിൽ പരാതി പ്രളയം. ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ഉയർത്തിയ വൻ പരസ്യ ബോർഡിനെതിരെ ജനങ്ങൾ അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചതോടെ പ്രശ്നത്തിന് പരിഹാരവുമായി .

യോഗ സെന്ററിൽ ചേർന്നാൽ പ്രമേഹം, സന്ധിവാതം, പുറംവേദന തുടങ്ങിയ രോഗങ്ങൾ പമ്പ കടക്കുമെന്ന പരസ്യവുമായാണ് കൂറ്റൻ ബോർഡ് എമിറേറ്റിന്റെ രാജവീഥിയിൽ ഉയർന്നത്. ഇത്തരം പരസ്യങ്ങളിൽ മയങ്ങി മരുന്നു നിർത്തിവയ്ക്കുന്നവരുണ്ട്. ഇതു മൂലം ആരോഗ്യം അപകടത്തിലായ സംഭവങ്ങൾ ഉയർത്തിയാണ് പരാതികൾ പ്രവഹിച്ചത്. ഒരു മരുന്നുമില്ലാതെ പത്തു ദിവസം കൊണ്ട് ഉപരി സൂചിത രോഗങ്ങൾ സുഖപ്പെടുമെന്ന യോഗ സെന്ററിന്റെ അവകാശം തെറ്റിദ്ധാരണാജനകമാണെന്നു കാണിച്ചു ആരോഗ്യമേഖലയിലുള്ളവരും രംഗത്ത് വന്നു. 

 

പരസ്യത്തിൽ വിശ്വസിച്ച് സ്ഥിരമായി കഴിക്കുന്ന ഔഷധങ്ങൾ ഒഴിവാക്കിയവരുടെ ആരോഗ്യസ്ഥിതി മോശമായ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഒരു സ്വദേശി പൗരന്റ ട്വീറ്റ്.

 

വ്യാജ പരസ്യം മൂലം ആരോഗ്യം അപകടത്തിലായാൽ യോഗാ ക്ലബ് ഉത്തരം പറയുമോ എന്ന ചോദ്യം ഉന്നയിച്ചത് ഡോ.ഹൗറാ മൂസയാണ്. പണത്തിൽ കണ്ണു വച്ച് ജനങ്ങളുടെ ആരോഗ്യം കച്ചവടം ചെയ്യുന്ന യോഗ ക്ലബ് നടത്തിപ്പുകാർ ആരോഗ്യ നിയമങ്ങൾ ലംഘിച്ചാണ് പരസ്യം സ്ഥാപിച്ചതെന്ന് മാനസിക രോഗവിദഗ്ധ ഡോ. ആലിയ പ്രതികരിച്ചു

 

 സമൂഹത്തെ സാരമായി ബാധിക്കുന്ന പരസ്യം ചെയ്ത സ്ഥാപനത്തിനെതിരെ ആരോഗ്യ മന്ത്രാലയം, ആർ ടി എ സംയുക്തമായി നടപടി സ്വീകരിക്കണമെന്നാണ് വ്യവസായി വനിത ഈമാൻ ബിൻ ശെയ്ബ ആവശ്യപ്പെട്ടത്.ഒരാൾ ഔദാര്യപൂർവം നൽകിയ പരസ്യ ബോർഡാണ് ഇതെന്നായിരുന്നു യോഗ ക്ലബിന്റെ പ്രതികരണം. പരാതികൾ അധികൃതർക്ക് മുന്നിലെത്തിയതോടെ ബോർഡ് നീക്കാനുള്ള ശ്രമത്തിലായി നടത്തിപ്പുകാർ.

പരസ്യ ബോർഡിന് പെർമിറ്റില്ലെന്ന് ആരോഗ്യ മന്ത്രാലയവും സാമൂഹ്യ സുരക്ഷാ വകുപ്പും വ്യക്തമാക്കിയതോടെയാണ് യോഗയുടെ ആദ്യ പരസ്യ ബോർഡ് പ്രധാന വീഥിയിൽ നിന്നും നീക്കാൻ നിർബന്ധിതരാകുന്നത്. ആരോഗ്യ സംബന്ധിയായ സർവപരസ്യങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.

 

2007 ലെ 7 - നമ്പർ മന്ത്രിസഭാ തീരുമാനപ്രകാരം ആരോഗ്യ മന്ത്രാലയത്തിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെ ഒരു തരത്തിലുള്ള മെഡിക്കൽ പരസ്യവും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പ്രസിദ്ധപ്പെടുത്താൻ യുഎഇ ൽ അനുവാദമില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com