ADVERTISEMENT

ഖത്തറിൽ വാണിജ്യ, വ്യാപാരവുമായി ബന്ധപ്പെട്ട 2006 ലെ 27-ാം നമ്പർ നിയമ പ്രകാരം ഒരു ചെക്കിൽ കൃത്യമായി ആ ചെക്ക് സമർപ്പിക്കാൻ ഒരു തീയതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ തീയതിക്കോ അതിന് ശേഷമോ മാത്രമേ ചെക്ക് പിൻവലിക്കാൻ സാധിക്കൂ. ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിക്ക് മുൻപ് പണം പിൻവലിച്ചു നൽകിയാൽ, അതുമൂലമുണ്ടാകുന്ന ബാധ്യതകൾക്ക് പണം പിൻവലിച്ചു നൽകിയ ബാങ്ക് ഉത്തരവാദിയായിരിക്കും. ഒരു ചെക്ക് ബാങ്കിൽ സമർപ്പിച്ച് പണം പിൻവലിക്കുന്നതിന് നിയമപ്രകാരം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഖത്തറിൽ പണം പിൻവലിക്കാൻ നൽകുന്ന ചെക്ക് 6 മാസത്തെ കാലാവധിക്കുളളിലും ഖത്തറിന് പുറത്താണെങ്കിൽ 8 മാസത്തെ കാലാവധിക്കുള്ളിലും സമർപ്പിക്കണം. ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിൽ നിന്നായിരിക്കും മേൽ പറഞ്ഞ കാലാവധി കണക്കാക്കുക.

ചോദ്യങ്ങളും ഉത്തരങ്ങളും

തൊഴിൽ കരാർ ഇടയ്ക്ക്  നിർത്തിയാൽ വേറെ ജോലിയിൽ കയറാൻ തടസ്സമുണ്ടോ?

ഞാൻ ഒരു വർഷം ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഒരു വർഷത്തിന് ശേഷം ജോലി രാജിവച്ച് ഉപരിപഠനത്തിനായി യുകെയിൽ പോയിരുന്നു.
യുകെയിൽ 2 വർഷത്തെ പഠനത്തിന് ശേഷം തിരിച്ചെത്തിയിട്ട് ഒരു മാസത്തോളമായി. എനിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിന് തടസ്സമുണ്ടോ. ആദ്യ കമ്പനിയിൽ 5 വർഷത്തെ തൊഴിൽ കരാറായിരുന്നു.  

ആദ്യത്തെ തൊഴിൽ കരാർ 5 വർഷത്തേക്കുള്ള ലിമിറ്റഡ്/ഫിക്‌സഡ് ടേം കരാർ ആണെന്ന് മനസ്സിലാക്കുന്നു. ഒരു ലിമിറ്റഡ് ടേം കരാർ റദ്ദ് ചെയ്യാൻ ഉദ്യോഗസ്ഥനും തൊഴിലുടമയും പരസ്പരം സമ്മതിച്ചിട്ടുണ്ടാകണം. അങ്ങനെയാണു രാജിവച്ചതെങ്കിൽ കൂടിയും തൊഴിൽ വകുപ്പിന്റെ സിസ്റ്റത്തിൽ തൊഴിൽ കരാർ റദ്ദാക്കിയിട്ടുണ്ടോ എന്ന കാര്യവും പ്രസക്തമാണ്. അല്ലാത്ത പക്ഷം 5 വർഷത്തെ ബാലൻസ് പീരിയഡ് പൂർത്തിയായാൽ മാത്രമേ പുതിയ തൊഴിൽ വീസ ലഭിക്കുകയുള്ളു.

ബിസിനസ് വീസയിൽ ജോലി മാറ്റം സാധ്യമോ ?
 
ഞാൻ സ്വകാര്യ കമ്പനിയിലെ ജോലിക്കായി ബിസിനസ് വീസയിൽ എത്തിയ ആളാണ്. കഴിഞ്ഞ 6 മാസമായി ബിസിനസ് വീസയിൽ തന്നെയാണ്. നിലവിലെ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ മറ്റൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിക്കാനുള്ള ശ്രമത്തിലാണ്. നാട്ടിൽ പോകാതെ തന്നെ എനിക്ക് ഇവിടെ നിന്നു കൊണ്ടു തന്നെ വീസ മാറാൻ കഴിയുമോ? മറ്റൊരു കമ്പനിയിലേക്ക് മാറാൻ എന്തെങ്കിലും തടസ്സങ്ങളുണ്ടോ.?
 

ബിസിനസ് വീസയിൽ ഖത്തറിലേക്ക് വരുന്ന വിദേശികൾക്ക് ജോലി ചെയ്യുക അനുവദനീയമല്ല. ബിസിനസ് വീസ എന്നത് ബിസിനസ് യോഗങ്ങൾക്കോ അനുബന്ധ കാര്യങ്ങൾക്കോ വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. ഖത്തറിൽ തുടരുന്ന അവസരത്തിൽ ഏതെങ്കിലും തൊഴിലവസരം ലഭിച്ചാൽ തന്നെ നാട്ടിൽ പോയി പുതിയ പ്രവേശന വീസയിൽ ഖത്തറിൽ പ്രവേശിച്ചാൽ മാത്രമേ ജോലി ചെയ്യാൻ സാധിക്കുകയുള്ളു.

qatar-law
അഡ്വ. നിസാർ കോച്ചേരി

തൊഴിൽ നിയമം സംബന്ധിച്ച സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിലെ ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com