ADVERTISEMENT

മനാമ∙ ബഹ്റൈനിലെ ജയിലുകളിൽ കഴിയുന്ന 250 പ്രവാസി ഇന്ത്യക്കാരെ മോചിപ്പിക്കുമെന്നു പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ, ബഹ്റൈൻ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ബഹിരാകാശ ഗവേഷണം അടക്കമുള്ള മേഖലകളിൽ ഇന്ത്യയും ബഹ്റൈനും സഹകരണം ശക്തമാക്കും. ബഹ്റൈനിലേക്കുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ചരിത്രസംഭവമാക്കിയാണ് നരേന്ദ്രമോദി മടങ്ങുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ സന്ദർശനത്തിലൂടെ സാധിച്ചെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. മനാമിൽ ബഹ്റൈൻ പ്രധാനമന്ത്രി സൽമാൻ ബിൻ സൽമാൻ അൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധവിഷയങ്ങൾ ചർച്ചയായി. ബഹിരാകാശ ഗവേഷണം, സോളാർ, സാംസ്കാരികം, റൂപേ കാർഡ് തുടങ്ങി നാലു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

250 ഇന്ത്യൻ തടവുകാർക്കു മോചനം പ്രഖ്യാപിച്ച നടപടി, മനുഷത്വപരമാണെന്നും ബഹ്റൈൻ രാജാവിനും മറ്റു ഭരണാധികാരികൾക്കും നന്ദി അറിയിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. പ്രവാസി ഇന്ത്യക്കാർക്ക് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനായുള്ള റുപേ കാർഡ് യുഎഇക്കു പിന്നാലെ ബഹ്റൈനിലും മോദി അവതരിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബഹുമതിയായി നരേന്ദ്രമോദിക്കു ഹംദാൻ രാജാവിന്റെ പേരിലുള്ള ഓർഡർ ഓഫ് റെനെയ്സാൻസ് പുരസ്കാരം ബഹ്റൈൻ പ്രധാനമന്ത്രി സമ്മാനിച്ചു.

മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗൾഫിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമാണിത്. ബഹ്റൈൻ രാജാവിനെ ഇന്ത്യ സന്ദർശിക്കാനായി ക്ഷണിച്ച മോദി, ജി സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി രാവിലെ പത്തുമണിയോടെ ഫ്രാൻസിലേക്കു മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com