sections
MORE

യുഎഇ വിലപ്പെട്ട പങ്കാളി: മോദി

modi-muhammed
പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായി ചർച്ച നടത്തുന്നു.
SHARE

അബുദാബി ∙ 5 വർഷത്തിനിടെ 5 ട്രില്യൻ സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് യുഎഇ വിലപ്പെട്ട പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അനുയോജ്യമായ പങ്കാളിയാണ് യുഎഇ. ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാകുന്ന സഹകരണമാണ് ഉദ്ദേശിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര മേഖലകളിൽനിന്ന് 1.7 ട്രില്യൻ ഡോളർ നിക്ഷേപമാണു ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യുഎഇ ബന്ധം ഏറ്റവും ഉയർന്ന നിലയിലാണെന്നും ഇന്ത്യയിലെ വിവിധ മേഖലകളിലേക്കു യുഎഇ നിക്ഷേപം വർധിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുനരുപയോഗ ഊർജം, ഭക്ഷണം, വിമാനത്താവളം, പ്രതിരോധ ഉപകരണ നിർമാണം തുടങ്ങി നിരവധി മേഖലകളിൽ സഹകരണത്തിന് വൻ താൽപര്യമാണ് യുഎഇയ്ക്കുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ഭവന നിർമാണം എന്നീ മേഖലകളിലേക്കും സഹകരണം ശക്തിപ്പെടുകയാണ്. യുഎഇയുടെ ഏറ്റവും വലിയ മൂന്നാമത് വ്യാപാര പങ്കാളിയായ ഇന്ത്യയുമായി 6000 കോടി ഡോളറിന്റെ വ്യാപാര ഇടപാടാണ് 2018-2019 വർഷത്തിലുണ്ടായത്. ഒട്ടേറെ ഇന്ത്യൻ കമ്പനികൾ യുഎഇയിൽ നിക്ഷേപം ഇറക്കുന്നുണ്ട്. ഇന്ത്യാ യുഎഇ ബന്ധം മുമ്പെന്നത്തേതിനെക്കാൾ ശക്തമാക്കാൻ സാധിച്ചതായും മോദി പറഞ്ഞു.യുഎഇയുമായുള്ള സഹകരണം വ്യാപിപ്പിക്കാൻ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായുള്ള വ്യക്തി ബന്ധം ഗുണംചെയ്തു. 4 വർഷത്തിനിടെയുള്ള മൂന്നാം സന്ദർശനത്തിലൂടെ ഈ ബന്ധം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു-നരേന്ദ്രമോദി

പ്രവാസികൾക്ക് അംഗീകാരം

ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ അടയാളപ്പെടുത്തലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സായിദ് മെഡലെന്ന് വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. വിപിഎസ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ റുപേ കാർഡ് സ്വീകരിക്കുമെന്നും പറഞ്ഞു.

സാമ്പത്തിക വിനിമയം കൂട്ടും

ഇടപാടിന് കുറഞ്ഞ തുക ഈടാക്കുന്ന റുപേ കാർഡ് സാമ്പത്തിക വിനിമയം കൂട്ടുമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹ്മദ് പറഞ്ഞു. ബാങ്കുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും റുപേ കാർഡ് ഒരുപോലെ ഗുണം ചെയ്യുമെന്നും അദീബ് അഹ്മദ് പറഞ്ഞു.സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കും

യുഎഇയിൽ റുപേ കാർഡ് ഉപയോഗിക്കാമെന്നത് സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡി ഡോ.ആസാദ് മൂപ്പൻ. ജിസിസി രാജ്യങ്ങളിലെ ആസ്റ്റർ, മെഡ്‌കെയർ, ആക്‌സസ് ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവ ഉൾപ്പെടുന്ന 351 സ്ഥാപനങ്ങളിലും റുപേ കാർഡ് സ്വീകരിക്കുമെന്നും പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA