ADVERTISEMENT

പൊന്നാനി∙ സത്യാവസ്ഥകൾ അറിഞ്ഞാൽ ഇപ്പോ വിമർശിക്കുന്നവരുടെ തെറ്റിധാരണകൾ മാറുമെന്നും പക്ഷേ ഇത്തരത്തിലുള്ള ചീത്തപറച്ചിലുകൾ കൊണ്ട് താൻ ചെയ്യുന്ന  നല്ല കാര്യങ്ങളിൽ നിന്നും പിന്നോട്ടു പോവില്ലന്നും പ്രമുഖ വ്യവസായി എം.എ.യൂസഫലി.പൊന്നാനി എരമംഗലം എ.എൽ.പി സ്കൂൾ ഹൈടെക് വിദ്യാലയമാക്കുന്നത്തിന്റെ ഭാഗമായി സ്കൂൾ കെട്ടിടനിർമ്മാണത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഒരു കോടി രുപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം യൂസഫലി നിർവഹിച്ചു. സ്കൂളിന്റെ നിർമാണത്തിന് ആവശ്യമെങ്കിൽ കൂടുതൽ പണം നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷംകൊണ്ട് പണി പൂർത്തിയാക്കും.

yusuffali-1

വേദനിക്കുന്ന മനുഷ്യന്റെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എം.എ.യൂസഫലിക്കു കഴിയുമെങ്കിൽ അദ്ദേഹം അതിൽ ഇടപ്പെട്ടിരിക്കും, അതുചെയ്തിരിക്കും.–  നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. പൊതുസമ്മേളനം സ്പീക്കർ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി യൂസഫലി നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്നും വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ആദ്യഘട്ടം ഭൗതികസാഹചര്യം വർധിപ്പിക്കലാണെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ ഇടപെടലിനെ തുടർന്നാണ് ഫണ്ട് അനുവദിക്കാൻ എം.എ.യൂസഫലി തീരുമാനിച്ചത്. 

ഇരുനില കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ ലാബ്, കമ്യൂണിറ്റി എഡ്യൂക്കേഷൻ സെന്റർ, ഓഡിറ്റോറിയം,അടുക്കള, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിർമാണം. തകർച്ചാ ഭിഷണി നേരിടുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണു പുതിയ കെട്ടിടം പണിയുക. എൽപി വിദ്യാലയമാണെങ്കിലും പ്രീ പ്രൈമറി മുതൽ അഞ്ചാം തരം വരെ ഇവിടെ പഠിപ്പിക്കുന്നുണ്ട്. പുത്തൻപള്ളി കെഎംഎം മദ്രസ ആൻഡ് പരിപാലന കമ്മിറ്റിയുടെ കീഴിലാണ് വിദ്യാലയം. സ്കൂളിന്റെ 90–ാം വാർഷിക ഭാഗമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മന്ത്രി കെ.ടി. ജലീലും സ്കൂളിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയിരുന്നു.

തുടർന്നാണ് വിദ്യാലയത്തെ നവീകരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എത്തിയത് . സ്കൂളിനു സഹായഹസ്തം നീട്ടിയ എം.എ. യൂസഫലിക്ക് പിടിഎ കമ്മിറ്റിയും ജാറംമദ്രസ പരിപാലന കമ്മിറ്റിയും ചേർന്ന് ഉപഹാരം നൽകി. സുരേഷ് കാക്കനാത്ത് അധ്യക്ഷനായി. വഖഫ്ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ബ്ലോക്ക്

പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങൾ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സുഹറബാബു, ജില്ലാ പഞ്ചായത്തംഗം എം.ബി.ഫൈസൽ, എ.കെ. മുഹമ്മദുണ്ണി ഷാജി കാളിയത്തിൽ , സ്കൂൾ പ്രധാനാധ്യാപിക വി. നിർമല എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com