sections
MORE

തിരുവോണത്തിമർപ്പിൽ; മാവേലിയെ വരവേറ്റ് പ്രവാസി മലയാളികളും

qatar-onam
ഉത്രാടരാത്രിയിൽ സഫാരിയിലെ പച്ചക്കറി വിപണിയിലെ തിരക്ക്.
SHARE

ദോഹ ∙ ഉത്രാട ദിനമായ ഇന്നലെ അവസാനവട്ട ഷോപ്പിങ് തിരക്കിലായിരുന്നു ദോഹയിലെ മലയാളികൾ. കേരളത്തിൽ നിന്നുള്ള പച്ചക്കറികൾക്കും നാളികേരം, വാഴയില എന്നിവയ്ക്കുമായിരുന്നു ഡിമാൻഡ്. സൂപ്പർമാർക്കറ്റുകളിലെ ഓണം ഓഫർ പ്രയോജനപ്പെടുത്തിയാണ് മലയാളികളുടെ ഓണാഘോഷം. നാട്ടുരുചിയിൽ തന്നെ മലയാളികൾക്ക് ഓണം ആഘോഷിക്കാൻ കേരളത്തിൽ നിന്നും ടൺ കണക്കിന് പച്ചക്കറികളാണ് ഓണവിപണിയിലേക്ക് എത്തിയത്. വ്യാഴം മുതൽക്കേ പച്ചക്കറി വിപണിയിൽ നല്ല തിരക്കാണ്. ലുലു, സഫാരി, ഫാമിലി ഫുഡ്‌ സെന്റർ, ഇന്ത്യൻ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണു മിക്ക മലയാളികൾ പച്ചക്കറികളും മറ്റും വാങ്ങുന്നത്. അബുഹമൂറിലെ സർക്കാർ വക പച്ചക്കറി ചന്തയായ സെൻട്രൽ മാർക്കറ്റിൽ നിന്നാണ് റസ്റ്ററന്റ്, കാറ്ററിങ് വിഭാഗക്കാരുടെ പച്ചക്കറി വാങ്ങൽ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചന്തയിൽ ഓണത്തിരക്കായിരുന്നെന്ന് കച്ചവടക്കാർ.

വാഴയിലയ്ക്ക് ആവശ്യക്കാരേറെ

വളരെ ഭദ്രമായി സൂക്ഷിച്ചാണ് കടൽ കടന്ന് വാഴയില എത്തുന്നത്. പച്ചക്കറി കഴിഞ്ഞാൽ പിന്നെ വാഴയിലയ്ക്കും നാളികേരത്തിനുമാണ് ആവശ്യക്കാർ കൂടുതൽ. ഒരു റിയാലിന് 3 മുതൽ 4 വാഴയില വരെ ലഭിക്കും. സഫാരിയിൽ ഉത്രാടമായപ്പോഴേയ്ക്കും വിറ്റുപോയത് 25,000ത്തിലധികം വാഴയിലകളാണ്. വാഴയിലയിൽ  തന്നെ സദ്യ കഴിച്ചില്ലെങ്കിൽ എന്ത് ഓണം എന്നാണ് വാഴയില വാങ്ങാനെത്തിയ ആലുവക്കാരൻ ഗിരീഷ് ചോദിച്ചത്. ഭൂരിഭാഗം വിഭവങ്ങൾക്കും നാളികേരം നിർബന്ധമായതിനാൽ നാളികേരത്തിനും വലിയ ഡിമാൻഡാണ്. നാട്ടിൽ നിന്നെത്തിച്ച നാളികേരത്തിന് (ചിരകാതെ) 1-1.25 റിയാലും ചിരകിയ നാളികേരത്തിന് 2.50-3 റിയാലുമാണു വില.

പാട്ടും കഥയുമായിബാച്ച്​ലേഴ്സ് ഓണം

കുടുബമില്ലാതെ ഒറ്റയ്ക്കു കഴിയുന്നവരും (ബാച്ചിലേഴ്സ്) ഓണം കെങ്കേമമാക്കാൻ പരിശ്രമിക്കുന്നവരാണ്. പ്രവാസത്തിലെ തിരുവോണം നളപാചകത്തിന്റെ ദിനം കൂടിയാണെന്ന് ബാച്ചിലേഴ്‌സ് പറയുന്നു. സുഹൃത്തുക്കൾ ഒരുമിച്ച് ചേർന്നാണ് ഷോപ്പിങ് മുതൽ പാചകം വരെ. ഭൂരിഭാഗം ബാച്ചിലേഴ്‌സിന്റെയും ഓണം ഷോപ്പിങ് ഉത്രാട രാത്രിയിൽ ആണെന്നു മാത്രം. ജോലിത്തിരക്ക് കാരണം റസ്റ്ററന്റ് സദ്യ മതിയെന്ന് പറഞ്ഞാലും ഉത്രാടമാകുമ്പോൾ സദ്യ ഉണ്ടാക്കി കഴിക്കാമെന്ന് തീരുമാനിക്കുകയാണ് പതിവെന്ന് അമ്പലപ്പുഴ സ്വദേശിയായ രവികുമാർ പണിക്കർ പറഞ്ഞു. ജോലിയെല്ലാം വീതിച്ചെടുത്താണു സദ്യയൊരുക്കൽ. പിന്നെ കഥകളും പാട്ടുമൊക്കെയായി പുലർച്ചെ വരെ പാചകമാണ്. സദ്യയ്ക്കുവേണ്ട സകല വിഭവങ്ങളും ഉണ്ടാക്കും. ഉച്ചയ്ക്ക് ഓഫിസിൽ നിന്നു നേരത്തേ എത്തുന്നവർ വിളമ്പാനുള്ള ക്രമീകരണങ്ങൾ ചെയ്യും. ചിലർ അവധി എടുക്കും.
ഒരുമിച്ചിരുന്നാണു ഓണസദ്യ. കൂട്ടായുള്ള പാചകവും കഥപറച്ചിലും ഒക്കെയായി പ്രവാസത്തിലെ ഓണം അടിപൊളി തന്നെയാണെന്ന് സംഘത്തിലെ പുത്തൻകുരിശുകാരൻ ബിജു ജോർജ് പറഞ്ഞു. ഓണം നാട്ടിൽ ആഘോഷിക്കാൻ കഴിയാത്തതിന്റെ സങ്കടം മാറുന്നത് കൂട്ടുകാർക്കൊപ്പമുള്ള ഈ ഓണാഘോഷത്തിലൂടെയാണെന്ന് കോട്ടയം തുരുത്തി സ്വദേശിയായ ഗോപാൽ പറയുന്നു.

തിരക്കോട്  തിരക്ക്.. വീട്ടമ്മമാർക്ക്

ദോഹ ∙ ഒട്ടുമിക്ക വീട്ടമ്മമാരും കഴിഞ്ഞ 2 ദിവസങ്ങളിൽ സദ്യവട്ടത്തിന്റെ തിരക്കിലായിരുന്നു. കുട്ടികളുള്ള ഭൂരിഭാഗം മലയാളി കുടുംബങ്ങളിലും സദ്യ വിഭവസമൃദ്ധം തന്നെ. ഇഞ്ചിക്കറി, വടുകപ്പുളി നാരങ്ങ, മാങ്ങ തുടങ്ങിയ അച്ചാർ ഇനങ്ങൾ രണ്ടു ദിവസം മുൻപേ തന്നെ തയാറാക്കിയെന്ന് ആലുവക്കാരി ലിജി രതീഷ് പറഞ്ഞു. ജോലിയുള്ളവർ ചിലർ ഇന്ന് അവധിയെടുത്താണ് തിരുവോണം ആഘോഷിക്കുന്നത്. നാട്ടിൽ നിന്നും മാതാപിതാക്കൾ എത്തിയ കുടുംബങ്ങളിൽ അൽപം കാര്യമായി തന്നെയാണ് ഓണാഘോഷം. നാട്ടിലെ പോലെ തന്നെ കപ്പയും കായുമെല്ലാം വാങ്ങി വറുത്ത്, ശർക്കര വരട്ടി എല്ലാം ഉണ്ടാക്കി പായസവും ഒക്കെയായി അടിപൊളി ഓണസദ്യ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഭൂരിഭാഗം പേരും ഇന്നലെ രാത്രിയിൽ തന്നെ ചോറ് ഒഴികെ സദ്യയ്ക്കുള്ള വിഭവങ്ങളെല്ലാം തയാറാക്കിയിരുന്നു. രാവിലെ തിരുവോണമായിട്ട് അടുക്കളയിൽ സമയം കളയണ്ടല്ലോ എന്ന ചിന്തയാണ് ഇതിന് പിന്നിൽ. ഓണസദ്യയ്ക്ക് സുഹൃത്തുക്കളെ ക്ഷണിച്ചവരുമുണ്ട്. ചിലർ ഓണസദ്യ രാത്രിയിലേക്ക് മാറ്റിയിട്ടുമുണ്ട്. ജോലിത്തിരക്കാണെങ്കിലും ഓണമായിട്ട് കുട്ടികൾക്ക് ചെറിയൊരു സദ്യയെങ്കിലും ഒരുക്കണ്ടേ എന്ന് മലപ്പുറം സ്വദേശിനി ഷംന. മിക്ക വിഭവങ്ങളും രാത്രി തന്നെ തയാറാക്കി കഴിഞ്ഞു. യു ട്യൂബിലെ പാചക ചാനലുകൾ കണ്ട് സദ്യയുണ്ടാക്കുന്നവരുമുണ്ട്. ഭാര്യയ്ക്കും ഭർത്താവിനും ജോലിയുള്ളതിനാൽ ഹോട്ടൽ സദ്യ ഓർഡർ ചെയ്തവരും അവധി ഇല്ലാത്തതിനാൽ  ഓണാഘോഷം വെള്ളിയാഴ്ചയിലേക്കു നീട്ടിയവരുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA