ADVERTISEMENT

ദുബായ് ∙ നന്മയുടെയും സ്‌നേഹത്തിന്റെയും വസന്തം വിരിയിച്ച് ഗള്‍ഫ് മലയാളികള്‍ തിരുവോണം ആഘോഷിച്ചു. അവധി ദിനമല്ലാത്തതിനാൽ മിക്കവരും ഒാഫിസുകളിലും ജോലി സ്ഥലത്തുമൊരുക്കിയ ഒാണാഘോഷത്തിൽ അന്യ സംസ്ഥാനക്കാരും രാജ്യക്കാരും പങ്കെടുത്തു. കേരളീയ വസ്ത്രമണിഞ്ഞ സ്തീ-പുരുഷന്മാരും കുട്ടികളും പൂക്കളമൊരുക്കിയും വിഭവസമൃദ്ധമായ സദ്യയൊരുക്കിയും പാട്ടുപാടിയും നൃത്തമാടിയും ആഘോഷം പൊടിപൊടിച്ചു.  

gulf-malayalees-onam-celebration1

 

gulf-malayalees-onam-celebration11

ഒരേ നിറത്തിലുള്ള ജൂബ്ബയും മുണ്ടുമായിരുന്നു ബാചിലർമാരുടെ പ്രധാന വേഷം. വനിതകൾ ഒാണക്കോടിയുടുത്തു. ഒട്ടേറെ കുടുംബങ്ങൾ നാട്ടില്‍ നിന്നു പ്രായമുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും ഇങ്ങോട്ട് കൊണ്ടുവന്ന് ആഘോഷം കെങ്കേമമാക്കി. ചൊവ്വാഴ്ച രാത്രി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അഭൂതപൂര്‍വ തിരക്ക് അനുഭവപ്പെട്ടു. കേരളത്തില്‍ നിന്നെത്തിയ വാഴയിലയടക്കം സകലതും ആളുകള്‍ ഇവിടങ്ങളില്‍ നിന്നു സ്വന്തമാക്കി. പൂക്കളമിടാനുള്ള പൂക്കള്‍ തേടി വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കയറിയിറങ്ങി. വിലയൊന്നും കാര്യമാക്കാതെയായിരുന്നു മലയാളികളുടെ ഉത്രാടപ്പാച്ചില്‍.

gulf-malayalees-onam-celebration

 

ബാച്‌ലര്‍മാരിൽ ഭൂരിഭാഗവും റസ്റ്ററന്റുകളില്‍ നിന്നാണ് സദ്യ വാങ്ങിയത്. ബാച്‌ലർ ഫ്ലാറ്റുകളിൽ കൂട്ടം ചേർന്നു സദ്യയൊരുക്കിയവരുമുണ്ട്. റസ്റ്ററന്റുകളിൽ നാലോളം പായസവും 25ലേറെ കറികളുമായുള്ള സദ്യക്ക് 35 ദിര്‍ഹം മുതല്‍ 45 ദിര്‍ഹം വരെ ഈടാക്കി. ജോലി സ്ഥലങ്ങളിലും ഒാഫീസുകളിൽ ഒാണമാഘോഷിച്ചവർ വീടുകളിൽ നിന്ന് ഉണ്ടാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ വിളമ്പിയാണ് സദ്യയൊരുക്കിയത്. ഇതര രാജ്യക്കാരൊക്കെ സദ്യ ആസ്വദിച്ച് കഴിച്ചതായി ഇത്തരത്തിൽ വിരുന്നൊരുക്കിയ ഷാർജ ക‌ൺസീവ് ഗൈനക്കോളജി ആൻഡ് ഇൻഫെർറ്റിലിറ്റി ആശുപത്രിയിലെ നഴ്സ് ജയശ്രീ പറഞ്ഞു. 

 

ഉച്ചയ്ക്ക് സദ്യയുണ്ട ശേഷം പലരും ചൂടുവകവയ്ക്കാതെ കുടുംബ സമേതം പാര്‍ക്കുകളിലും ബീച്ചുകളിലും സമയം ചെലവഴിച്ചു.  ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബ്രദേഴ്സ് ഡേ എന്നിവയാണ് ഗള്‍ഫിലെ ഓണച്ചിത്രങ്ങൾ. ദുബായില്‍ സംഘടനകള്‍ക്ക് അധികൃതരുടെ വിലക്കുള്ളതിനാല്‍ ഇപ്രാവശ്യവും ഓണാഘോഷം അത്ര സജീവമല്ല. എങ്കിലും സംഘടനകളുടെ ബാനറിലല്ലാതെ പലയിടത്തും ആഘോഷം നടക്കുന്നുണ്ട്. ഷാര്‍ജയിലേയ്ക്ക് ആഘോഷം മാറ്റിയവരുമുണ്ട്. അടുത്ത വാരാന്ത്യ ദിവസങ്ങളിലും തുടരുന്ന ആഘോഷം ക്രിസ്മസ് വരെ നീളുമെന്നാണ് കരുതുന്നത്. ഇന്നും നാളെയും ചില എമിറേറ്റുകളിൽ കേരളത്തിൽ നിന്നെത്തിയ സിനിമാ–മിമിക്രി–സംഗീത കലാകാരന്മാർ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ അരങ്ങേറും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com