ADVERTISEMENT

ദോഹ ∙ മധ്യപൂർവ ദേശത്തേക്ക് ആദ്യമായി എത്തുന്ന ഐഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഇനി 13 ദിനം മാത്രം. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ദോഹ ഒരുങ്ങി കഴിഞ്ഞു. ഈ മാസം 27 മുതൽ ഒക്‌ടോബർ 6 വരെയാണ് ചാംപ്യൻഷിപ്പ്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരത്തിനായുള്ള അവസാന ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

നഗരത്തിലുടനീളം അത്‌ലറ്റുകൾക്ക് സ്വാഗതമേകിയുള്ള ഫ്ലെക്‌സ് ബോർഡുകളും അലങ്കാരങ്ങളും ഉയർന്നു കഴിഞ്ഞു. 213 രാജ്യങ്ങളിൽ നിന്നു രണ്ടായിരത്തോളം അത്‌ലറ്റുകളാണ് മത്സരിക്കാനെത്തുന്നത്. രാജ്യത്തിന് പുറത്ത് നിന്നു 30,000 കാണികളെയാണ് പ്രതീക്ഷിക്കുന്നത്. 200 രാജ്യങ്ങളിൽ മത്സരങ്ങളുടെ തൽസമയ സംപ്രേഷണമുണ്ടാകും.

ഫാൻ സോൺ റെഡി  

കാണികൾക്കായി ഭക്ഷണശാലകളും വിനോദ, സാംസ്‌കാരിക പരിപാടികളുമായി വേദിക്ക് സമീപം ലോക അത്‌ലറ്റിക് വില്ലേജും തയാറായിക്കഴിഞ്ഞു. മത്സരം കാണാൻ ടിക്കറ്റെടുത്ത കാണികൾക്കാണു ഫാൻ സോണിലേക്കു പ്രവേശനം. ദിവസവും വൈകിട്ട് 5നു ഫാൻ സോൺ തുറക്കും. മത്സരത്തിന് ആവേശം പകരാൻ ഔദ്യോഗിക ചിഹ്‌നമായ ‘ഫലേഹ് ഫാൽക്കൺ’ രാജ്യത്തുടനീളം പര്യടനം നടത്തുകയാണ്. www.iaafworldathleticschamps.com എന്ന വെബ്സൈറ്റിൽ നിന്നും ദോഹ ഫെസ്റ്റിവൽ സിറ്റി, സിറ്റി സെന്റർ എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും.

മാളുകളിൽ ആവേശം

ഐഎഎഫ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിലേക്കുള്ള അത്‌ലറ്റുകളെ സ്വാഗതം ചെയ്യുന്നതിനായി പ്രമുഖ മാളുകളായ ദോഹ ഫെസ്റ്റിവൽ സിറ്റി, സിറ്റി സെന്റർ എന്നിവിടങ്ങളിലെല്ലാം സാംസ്‌കാരിക പരിപാടികൾ നടക്കുകയാണ്. ഓരോ കമ്യൂണിറ്റിയുടെയും നേതൃത്വത്തിൽ അതത് രാജ്യങ്ങളുടെ പരമ്പരാഗത, സാംസ്‌കാരിക പരിപാടികളാണ് വാരാന്ത്യങ്ങളിൽ നടന്നു വരുന്നത്. ഐഎഎഫിന്റെ പങ്കാളിത്തത്തോടെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ മിനി വേൾഡ് അത്‌ലറ്റിക് ചാംപ്യൻഷിപ്പും നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com