sections
MORE

ദുബായിൽ ബാച്​ലേഴ്സിന് നിറവോണം; വെള്ളിയാഴ്ച പൊടിപൂരമാക്കി

onam
ദുബായ് കരാമയിലെ ഫ്ലാറ്റിനു മുന്നിൽ ഓണപ്പൂക്കളമൊരുക്കിയ ബാച്​ലേഴ്സ്.
SHARE

ദുബായ് ∙ നാട്ടുതനിമകളോടെ പൊന്നോണം ഗംഭീരമാക്കി ബാച്​ലേഴ്സ്. തിരുവോണത്തിനു ജോലിക്കു പോകേണ്ടിവന്നതിനാൽ ചടങ്ങിനു മാത്രം ഓണം ആഘോഷിച്ചവർ വെള്ളിയാഴ്ച പൊടിപൂരമാക്കി. ഇരുപതിലേറെ വിഭവങ്ങൾ തയാറാക്കിയായിരുന്നു പലയിടത്തും നളപാചകം. ഇതര എമിറേറ്റുകളിൽ നിന്നുള്ളവർ കൂടി എത്തിയതോടെ ദുബായിലെ ഫ്ലാറ്റുകളിൽ ഉത്സവത്തിരക്കായി. വ്യാഴാഴ്ച രാത്രി ഫ്ളാറ്റിനു മുന്നിൽ എല്ലാവരും ചേർന്നു പൂക്കളമൊരുക്കിയാണ് ആഘോഷത്തിനു തുടക്കം കുറിച്ചത്. ജമന്തിയും വാടാമല്ലിയും മുല്ലപ്പൂവുമൊക്കെ പൂക്കളത്തിൽ ഇടംപിടിച്ചു.

കൃത്രിമ നിറക്കൂട്ടുകൾ പാടെ ഒഴിവാക്കി. തുടർന്ന് വിവിധ വിഭാഗങ്ങളായി തിരിഞ്ഞു പാചകത്തിലേക്കു കടന്നു. പാചകത്തിലും പച്ചക്കറി നുറുക്കുന്നതിലും പാത്രം കഴുകുന്നതിലുമൊക്കെ സ്പെഷലൈസ് ചെയ്തവരുള്ളതിനാൽ കാര്യങ്ങൾ അതിവേഗം നീങ്ങി. വെളുപ്പിനു 3 മണിയോടെ പാചകം ഏറെക്കുറെ അവസാനിപ്പിച്ച് കിട്ടിയ സ്ഥലങ്ങളിൽ ഓരോരുത്തരും ചുരുണ്ടുകൂടി. അവിയിൽ, എരിശേരി തുടങ്ങി തേങ്ങ ചേരുന്ന വിഭവങ്ങൾ ഉച്ചയോടെ തയാറായി. സദ്യയുണ്ണാൻ മറുനാട്ടുകാരും എത്തി. ഊണിനു ശേഷം അൽപം വിശ്രമിച്ച് ചെറിയൊരു യാത്രയും ബാച്​ലേഴ്സിന്റെ ആഘോഷത്തിൽ ഉൾപ്പെടുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് ഈ യാത്ര വലിയ ആവേശമാണ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം തരപ്പെടുന്നത്.

വാരാന്ത്യ അവധി ദിവസങ്ങളാണ് സാധാരണക്കാർക്ക് ഏറ്റവും തിരക്കുള്ള ദിവസം. ഇഷ്ടപ്പെട്ട വിഭവങ്ങൾ കൂട്ടി ഭക്ഷണം കഴിക്കാൻ പറ്റുന്ന ദിവസമായതിനാൽ പലരും വിശാലമായി പാചകം ചെയ്യുന്നു. മറ്റു ദിവസങ്ങളിലെ തട്ടിക്കൂട്ടു ഭക്ഷണത്തിൽ നിന്നുള്ള മോചനം കൂടിയാണിത്. ഇതിനിടയിൽ വസ്ത്രങ്ങൾ അലക്കാൻ സമയം കണ്ടെത്തുകയും വേണം. എക്സിക്യൂട്ടീവ് ബാച്‌ലേഴ്സ് ഫ്ലാറ്റിൽ പോലും 15 പേർ താമസിക്കുന്നതിനാൽ വാഷിങ് മെഷീന്റെ സമയം ഓരോരുത്തർക്കും നിശ്ചയിച്ചിട്ടുണ്ട്. യാത്രകളെക്കുറിച്ചോ സിനിമയെക്കുറിച്ചോ പോലും ആരും ആലോചിക്കാറില്ല. സാധാരണക്കാർ അതും പാഴ്ചെലവായി കാണുന്നു.

ഓണം േപാലുള്ള ആഘോഷവേളയിൽ ഈ ശീലങ്ങളെല്ലാം മാറ്റിവയ്ക്കുന്നു. ബെഡ് സ്പേസുകളിലെ ഇത്തിരിവട്ടങ്ങളിൽ ഒത്തിരി സന്തോഷവുമായി ഒരുപാടു പേർ ഒത്തുകൂടുന്നു. ആഘോഷത്തിന്റെ ഭാഗമാണ് ചെറുയാത്ര. ഇതിനായി കമ്പനിയുടെയോ കൂട്ടുകാരുടെയോ വണ്ടി സംഘടിപ്പിക്കുന്നു. നാട്ടിലേക്കോ ഗൾഫിലെ കേരളമെന്നു വിശേഷിപ്പിക്കാവുന്ന സലാലയിലേക്കോ ഭൂരിപക്ഷം പേർക്കും പോകാൻ പറ്റാത്തതിനാൽ വടക്കൻ എമിറേറ്റുകളാണ് ഏക ആശ്വാസം. കൊടുംചൂടിൽ ഒന്നും കാണാനില്ലെങ്കിലും ഗ്രാമീണമേഖലകളിൽ ഒന്നു കറങ്ങി രാത്രിയോടെ മടങ്ങിയെത്തി വീണ്ടും പതിവുകളിലേക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA