ADVERTISEMENT
ദോഹ ∙ കുട്ടികൾക്ക് സ്‌കൂളിൽ കൊടുത്തുവിടുന്ന ഭക്ഷണം സുരക്ഷിതവും ആരോഗ്യമുറപ്പാക്കുന്നതും ആകണമെന്ന് രക്ഷിതാക്കളോട്  ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധവേണമെന്ന് എച്ച്എംസി ന്യൂട്രീഷൻ ഡയറക്ടർ റീം അൽ സാദി നിർദേശിച്ചു. പ്രതിരോധ ശേഷി കുറവായതിനാൽ കുട്ടികൾക്ക് പെട്ടെന്ന് ബാക്ടീരിയ, വൈറസ് ബാധകൾ ഉണ്ടാകാം. ഭക്ഷണ പായ്ക്കറ്റിലെ കൂടിയ താപനിലയാണ് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നതെന്നു റീം പറഞ്ഞു. ഭക്ഷണം തയാറാക്കുമ്പോൾ കുട്ടികളെ ഒപ്പം കൂട്ടുന്നതും നല്ലതാണ്.

ശ്രദ്ധയോടെ ഒരുക്കാം ലഞ്ച് ബോക്സ്

ശ്രദ്ധയോടെ വേണം ലഞ്ച് ബോക്‌സ് തയാറാക്കാൻ. നന്നായി പൊതിഞ്ഞു കൊടുത്തുവിടണം. തണുത്ത (ശിതീകരിച്ച) ജെൽ പായ്ക്കറ്റുകൾ, ജ്യൂസ് ബോക്‌സുകൾ, വെള്ളകുപ്പികൾ എന്നിവ വേണം ഉപയോഗിക്കാൻ. ലഞ്ച് ബോക്‌സ് രാത്രിയിൽ തന്നെ തയാറാക്കുകയാണെങ്കിൽ സ്‌കൂളിലേക്ക് പോകുന്നത് വരെ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. മുട്ട, ലബാൻ, ചീസ്, തൈര് എന്നിവ കേടാകാതിരിക്കാൻ ശ്രദ്ധിക്കണം. തണുപ്പ് ആവശ്യമുള്ള ഇത്തരം ഭക്ഷണ സാധനങ്ങൾ പ്രത്യേകം തണുത്ത പായ്ക്കറ്റുകളിലാക്കി കൊടുത്തുവിടാം.

തിരഞ്ഞെടുക്കാം നല്ല വിഭവങ്ങൾ

പോഷകസമൃദ്ധമായ ഭക്ഷണം ലഞ്ച് ബോക്‌സിൽ ഉൾപ്പെടുത്തണം. ഭക്ഷണം മിതമായി നൽകിയാൽ മതിയാകും. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാൽ, ലബാൻ, തൈര് തുടങ്ങിയ ക്ഷീര ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുത്താം. മുന്തിരി, ബെറി, കാരറ്റ്, കുക്കുമ്പർ എന്നിവ ചെറിയ കഷണങ്ങളാക്കിയ സ്‌നാക്സ് ബാഗും കൊടുത്തുവിടാം. ആപ്പിൾ, പീച്ച്, ഏത്തപഴം എന്നിവയെല്ലാം ആരോഗ്യകരമാണ്. സാൻഡ്‌വിച്ചിന് ഗോതമ്പു ബ്രെഡും പച്ചക്കറികളും ഉപയോഗിക്കാം.

ബേക്കറി വേണ്ടേ വേണ്ട

ചോക്‌ളറ്റ്, ബിസ്‌ക്കറ്റ്, പോപ്‌കോൺ, ചിപ്‌സ് തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങൾ ലഞ്ച് ബോക്‌സിൽ വേണ്ട.  സൂപ്പ്, സ്റ്റ്യൂ തുടങ്ങി ചൂടുള്ള ഭക്ഷണങ്ങൾ സ്‌കൂളിൽ കൊടുത്തുവിടേണ്ട.

മറക്കാതെ കരുതാം കുടിവെള്ളം

ധാരാളം വെള്ളം കുടിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കണം. ശരീരത്തിൽ‌ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. വെളളക്കുപ്പി ഫ്രീസറിൽ സൂക്ഷിച്ച ശേഷം ലഞ്ച് ബോക്‌സിനൊപ്പം കൊടുത്തുവിടാം. സ്‌കൂൾ സമയം കഴിയുന്നത് വരെ വെള്ളത്തിന്റെ തണുപ്പ് നഷ്ടമാകില്ല.

ഉറപ്പാക്കാം ശുചിത്വം

കഴിച്ച ശേഷം ബാക്കി വരുന്ന ഭക്ഷണം, പൊതിഞ്ഞുകൊണ്ടു വന്ന പായ്ക്കറ്റുകൾ, കടലാസ് ബാഗുകൾ എന്നിവയെല്ലാം മാലിന്യപെട്ടിയിൽ നിക്ഷേപിക്കുന്ന ശീലവും കുട്ടികളിൽ വളർത്തണം.  ഓരോ തവണയും ഉപയോഗ ശേഷം ടിഫിൻ ബോക്‌സുകൾ ചൂടുള്ള സോപ്പ് വെള്ളത്തിലിട്ട് വൃത്തിയാക്കണം. ലഞ്ച് ബോക്‌സിനൊപ്പം കുട്ടികൾക്ക് കൈകൾ വൃത്തിയാക്കാൻ ഡിപ്സോസിബിൾ തൂവാലകൾ കൂടി വയ്ക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com