sections
MORE

‘രാജാവായി ജനിച്ചവൻ’: സൗദിയിലെ ഫൈസൽ രാജാവിന്റെ ജീവിതം അഭ്രപാളികളിൽ

Born-A-King-movie
SHARE

ദുബായ്∙ സൗദിയിലെ ഫൈസൽ രാജാവിന്റെ ചെറുപ്പകാലത്തെ സംഭവ വികാസങ്ങൾ കോർത്തിണക്കിയ ഹോളിവുഡ് സിനിമ റിലീസിന് തയാറെടുക്കുന്നു. ‘ബോൺ എ കിങ്’ എന്നു പേരിട്ട സിനിമ ഇൗ മാസം 26ന് സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ റിലീസ് ചെയ്യും. സൗദിയിൽ അടുത്ത കാലത്താണ് സിനിമാ തിയറ്ററുകൾ പ്രവർത്തനം ആരംഭിച്ചത്.

ഒാസ്കർ ജേതാവ് ആൻഡ്രസ് വിസെന്റെ ഗോമസ് 19 ദശലക്ഷം യൂറോ ബജറ്റിൽ നിർമിച്ച ചിത്രം ഒൻപത് തവണ ഗോയ അവാർഡ് നേടിയിട്ടുള്ള അഗസ്റ്റി വില്ലറങ്ക സംവിധാനം ചെയ്തു. അലെക്സി വസിലിവ് എഴുതിയ ‘ബോൺ എ കിങ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി ഹെൻറി ഫെർസ്ഹെർബർട്, ബദൽ അൽ സമാറി, റേയ് ലോറിഗ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. 

13 കാരന്റെ ഐതിഹാസിക യാത്ര

1919 കാലഘട്ടം മുതലാണ് ചിത്രം ആരംഭിക്കുന്നത്. 13 വയസുകാരനായ ഫൈസൽ രാജകുമാരൻ ഗ്രേറ്റ് ബ്രിട്ടനിലേയ്ക്ക് നടത്തിയ ഐതിഹാസിക യാത്രയിൽ നിന്നു തുടങ്ങുന്ന ചിത്രം സൗദി അറേബ്യയുടെ ഉയർച്ചയുടെ നാളുകളിലൂടെ കടന്നുചെല്ലുന്നു. അന്ന് ഫൈസല്‍ രാജകുമാരനെ ജോർജ് അഞ്ചാമൻ രാജാവും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ലോർഡ് കർസനും ചേർന്ന് സ്വീകരിച്ചു. ഒന്നാം ലോക മഹായുദ്ധം (1914-1918) അവസാനിച്ചതോടെ ജേതാക്കളായ രാജ്യങ്ങൾ, പ്രത്യേകിച്ച് ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും പുതിയൊരു ലോകം പടുത്തുയർത്താൻ ശ്രദ്ധചെലുത്തിത്തുടങ്ങുന്നു. 

നെജദ് ഭരണാധികാരിയായിരുന്ന അബ്ദുൽ അസീസ് രാജാവിന്റെ പുത്രൻ ഫൈസൽ രാജകുമാരൻ ഇതേതുടർന്ന് ബ്രിട്ടൻ സന്ദർശിക്കുകയും മഹാശക്തികളാരും മധ്യപൂർവ ദേശത്ത് അനാവശ്യമായി ഇടപെടരുതെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു. പ്രദേശത്തെ സമാധാനമാണ് താൻ കാംക്ഷിക്കുന്നതെന്നും അറിയിക്കുന്നു. ചരിത്രത്തിൽ ഇടംപിടിച്ച ഇൗ യാത്ര രണ്ട് സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഭൂമിശാസ്ത്രവും വരച്ചുകാട്ടുന്നു. 

നവോഥാന നായകനും അടിമത്തത്തിനെതിരെ പ്രവർത്തിച്ച നേതാവും ആധുനിക സൗദിയുടെ നിർമാതാവും രാജ്യത്തെ സാമ്പത്തികമായി ഉന്നതിയിലെത്തിച്ച ഭരണാധികാരിയുമായ ഫൈസൽ രാജാവിന്റെ (1906-1975) യഥാർഥ ജീവിതമാണ് തങ്ങൾ അനാവരണം ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. 

നൂറുകണക്കിന് സൗദി വിദ്യാർഥികളുടെ ഇടയിൽ നിന്നാണ് ഫൈസൽ രാജകുമാരന്റെ ബാല്യകാലം അവതരിപ്പിച്ച അബ്ദുല്ല അലിയെ തിരഞ്ഞെടുത്തത്. ബ്രിട്ടീഷ് അഭിനേതാക്കളായ എഡ് സ്ക്രീൻ ജോൺ ഫിൽബിയായും ഹെർമിയോൺ കോർഫീൽഡ് മേരി രാജകുമാരിയായും വേഷമിട്ടു. ഹിഷാം നാസിയാണ് സംഗീതം. ലണ്ടനിൽ‌ എട്ട് ആഴ്ചകളിലും നാലാഴ്ച റിയാദിലും സൗദി മരുഭൂമിയിലും ചിത്രീകരണം നടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA