ADVERTISEMENT

അബുദാബി ∙ വിവാഹിതയായ യുവതിയെ അവരുടെ അപാർട്ട്മെന്റിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വിധിച്ച വധശിക്ഷ ശരിവച്ച് യുഎഇ കോടതി. ഏഷ്യക്കാരായ ഒരു വാച്ച്മാനും കാർ ക്ലീനറുമാണ് പ്രതികൾ. കീഴ്കോടതികൾ വിധിച്ച ശിക്ഷ അബുദാബി ഫെഡറൽ സുപ്രീം കോടതിയാണ് ശരിവച്ചത്. പ്രതികളായ ഏഷ്യക്കാർ കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. 

 

യുഎഇയിലെ ഒരു എമിറേറ്റിലെ യുവതിയുടെ അപാർട്ട്മെന്റിലാണ് ക്രൂരകൃത്യം അരങ്ങേറിയതെന്നാണ് കോടതി രേഖകൾ പറയുന്നത്. യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് കെട്ടിടത്തിന്റെ വാച്ച്മാനും തൊട്ടടുത്ത വർക്ക്ഷോപ്പിലെ കാർ ക്ലീനിങ്ങ് തൊഴിലാളിയും സമ്മതിച്ചു. കൃത്യം നടത്തുന്നതിന് നാലു ദിവസം മുൻപാണ് രണ്ടു പ്രതികളും പദ്ധതി ആസൂത്രണം ചെയ്തത്. 

 

കേസിലെ ആദ്യപ്രതിയായ അപാർട്ട്മെന്റിലെ വാച്ച്മാൻ സംഭവ ദിവസം ഇരയായ യുവതിയുടെ അപാർട്ട്മെന്റിൽ എത്തുകയും വാതിലിൽ മുട്ടുകയും ചെയ്തു. യുവതി വാതിൽ തുറന്നപ്പോൾ ബലമായി അവരെ തള്ളിമാറ്റി അപാർട്ട്മെന്റിനുള്ളിൽ കയറി. ഇവരുടെ കൈകൾ ബന്ധിച്ചശേഷം കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ക്ലീനിങ് തൊഴിലാളിയായ രണ്ടാം പ്രതിയും ഒന്നാം പ്രതിയായ വാച്ച്മാനും യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.  

 

യുവതി ശബ്ദമുണ്ടാക്കുകയും പ്രതികളെ എതിർക്കാനും നോക്കിയപ്പോൾ, അവരുടെ വായിൽ തുണിതിരുകി വച്ചു. പിന്നീട്, ഒരു മറ്റൊരു തുണികൊണ്ട് അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം യുവതി ഭർത്താവിനോട് പറയുമോ എന്ന ഭയത്താൽ ആണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതികൾ പറഞ്ഞു. 

 

ഇവർക്കെതിരെ പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഫസ്റ്റ് ഇൻസ്റ്റൻസ് ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പ്രതികൾ യുഎഇയിലെ പരമോന്നത കോടതിയെ സമീപിച്ചത്. എന്നാൽ, അപേകഷ തള്ളിയ കോടതി മുൻ കോടതി വിധികൾ ശരിവയ്ക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com