sections
MORE

‘മണിമണി പോലെ’ മലയാളം പറഞ്ഞ് കുവൈത്തി വനിത; അമ്പരന്ന് മലയാളികൾ

kuwaiti-woman
മർയം അൽ ഗബന്ധി.
SHARE

അബുദാബി ∙ യുഎഇയിലെ ഓണാഘോഷങ്ങളിൽ താരമായി കുവൈത്തി വനിത മർയം അൽ ഗബന്ധി. കുവൈത്തിൽ ജനിച്ചുവളർന്ന് കുവൈത്ത് ടിവിയിലെ വാർത്താ അവതാരകയും സർക്കാർ സ്കൂളിലെ സയൻസ് അധ്യാപികയുമായ മർയം അൽ ഗബന്ധി കേരളീയരെക്കാൾ നന്നായി മലയാളം പറഞ്ഞാണ് പ്രവാസി മലയാളികളുടെ ഹൃദയം കവർന്നത്. ഫുജൈറയിലെ മിഡിൽ ഈസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയും അബുദാബിയിൽ ദർശന സാംസ്കാരിക വേദിയും സംഘടിപ്പിച്ച ഓണനിലാവ് പരിപാടികളിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു മർയം.

എല്ലാ മലയാളികൾക്കും ഓണാശംസകൾ അർപ്പിച്ച് പ്രസംഗം തുടങ്ങിയ അറബി വനിതയുടെ ശുദ്ധ മലയാളം കേട്ട് ജനം അമ്പരന്നു. മലയാളത്തോടും മലയാളികളോടും ഇഷ്ടമുണ്ടായതിന്‍റെ രഹസ്യവും അവർ വെളിപ്പെടുത്തി. ഉപ്പ അബ്ദുള്ള അൽ ഗബന്ധി കുവൈത്ത് പൗരനാണ്. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഉമ്മ ആയിഷയാണ് മലയാളത്തിന്‍റെ ഉസ്താദെന്ന് പറഞ്ഞപ്പോൾ നിലയ്ക്കാത്ത കയ്യടിയായിരുന്നു. നാടുമായുള്ള പൊക്കിൾക്കൊടി ബന്ധം അറ്റുപോകാതിരിക്കാൻ ആയിഷ നിർബന്ധപൂർവം കുവൈത്ത് പൗരയായ മകൾക്ക് മലയാളം പഠിപ്പിക്കുകയായിരുന്നു. ഒരേസമയം അറബിയും മലയാളവും ഇംഗ്ലീഷുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്നു ഈ അറബ് വനിത.

kuwaiti-woman1
മർയം അൽ ഗബന്ധി.

കഴിഞ്ഞ വർഷം കേരളത്തിലെ പ്രളയത്തെ തുടർന്ന് പ്രധാന വാർത്താ ബുള്ളറ്റിനിലേക്ക് മർയത്തെ ക്ഷണിച്ചതും കേരളവുമായുള്ള ബന്ധം മനസിലാക്കിയാണ്. കേരളത്തിന്‍റെ പ്രളയക്കെടുതികളും ജനം അനുഭവിക്കുന്ന ദുരിതവും വികാരപരമായി അറബിയിൽ പങ്കുവച്ചടൊപ്പം സഹ അവതാരകന്‍റെ ആവശ്യാർഥം പച്ച മലയാളത്തിൽകൂടി പറഞ്ഞത് വൈറലായി. ഇതോടെ മർയം അറബ് ലോകത്തും കേരളത്തിലും താരമാകുകയായിരുന്നു. പിന്നീട് മലയാളം റിയാലിറ്റി ഷോയിലെത്തിയതോടെ മർയം മലയാളികൾക്കിടയിൽ പ്രശസ്തയായി. 

അബുദാബി മലയാളി സമാജത്തിൽ പ്രസംഗം തീർത്ത് വേദി വിടാൻ നേരത്തെ ഒരു പാട്ടുപാടണമെന്ന ആവശ്യമുയർന്നു. കോഴിക്കോടൻ ശൈലിയിലൊരു പാട്ടുപാടിയപ്പോൾ ഒരെണ്ണം കൂടിവേണമെന്നായി ജനം. കൂടെ പാടാൻ ആരെങ്കിലും വരികയാണെങ്കിൽ ‘ശാരദാംബരം ചാരു ചന്ദ്രിക’ എന്ന പാട്ട് പാടാമെന്ന് കുവൈത്തി വനിത. വെല്ലുവിളി ഏറ്റെടുത്ത് സദസിൽനിന്നൊരാൾ വേദിയിലെത്തി മർയത്തോടൊപ്പം മനോഹരമായി പാടിയപ്പോൾ നിലയ്ക്കാത്ത കരഘോഷം. വേദിയെ സജീവമാക്കിയ മർയം ഓണനിലാവിലെ കലാപരിപാടികളും ജാസിഗിഫ്റ്റിന്‍റെ നേതൃത്വത്തിലുള്ള ഗാനമേളയും ആസ്വദിച്ചാണ് മർയം വേദിവിട്ടത്. ചില പാട്ടുകൾ ഏറ്റുപാടുകയും ചെയ്തിരുന്നു. മലയാളികളെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ അവർ കുശലം ചോദിക്കാനെത്തിയവരോടെല്ലാം സൗഹൃദം പങ്കിട്ടും സെൽഫിക്ക് പോസ് ചെയ്തും ആസ്വദിക്കുന്നുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA