sections
MORE

മികവുള്ള ഒരാളെ കാണുന്നുണ്ടോ? അബുദാബി അവാർഡിന് പേര് നിർദേശിക്കാം

abu-dhabi-awards-logo
SHARE

അബുദാബി ∙ സാധാരണ പൗരന്മാർക്കുള്ള അബുദാബി സർക്കാരിന്റെ  ഉന്നത ബഹുമതിയായ അബുദാബി അവാർഡിനു യോഗ്യരായവരെ നാമനിർദേശം ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. എമിറേറ്റിൽ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾക്ക് തുടക്കം കുറിക്കുകയോ സമൂഹത്തിന് ഗുണകരമാകും വിധത്തിൽ മികച്ച പ്രവർത്തനം നടത്തുകയോ ചെയ്തവരെയാണു നാമനിർദേശം ചെയ്യേണ്ടത്. സൂക്ഷ്മപരിശോധനയും അഭിമുഖവും നടത്തി വിജയികളെ 2020 ആദ്യപാദത്തിൽ പ്രഖ്യാപിക്കും. ജാതിമത, വർണ, വർഗ വ്യത്യാസമില്ലാതെ സ്വദേശികൾക്കും വിദേശികൾക്കും പങ്കെടുക്കാം. 

കഴിഞ്ഞ 9 വർഷത്തിനിടെ 16 രാജ്യക്കാരായ 80 പേർക്ക് പുരസ്കാരം നൽകിയിട്ടുണ്ടെന്ന് അബുദാബി അവാർഡ്സ് സമിതി അംഗം ഈസ അൽസുബൂസി പറഞ്ഞു.  അഭിപ്രായ സർവേയിലൂടെയല്ല, ചെയ്ത പ്രവൃത്തികൾ വിലയിരുത്തിയാണ്  യോഗ്യരായവരെ കണ്ടെത്തുക. വ്യവസായ പ്രമുഖൻ ഡോ. ബിആർ ഷെട്ടിയാണ് ഈ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ. യുഎഇ പൗരത്വം നൽകി ആദരിച്ച പത്തനംതിട്ട തുമ്പമൺ സ്വദേശിയും രാജകുടുംബത്തിന്റെ ഡോക്ടറുമായ ഡോ. ജോർജ് മാത്യുവിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ  സഹിഷ്ണുതാ പാത പിന്തുടർന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2005 ലാണ് സാധാരണക്കാർക്കുള്ള ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ്സ് സ്ഥാപിച്ചത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ  മേൽനോട്ടത്തിലാണ് അവാർഡ് നടപടിക്രമങ്ങൾ നടന്നുവരുന്നത്. 2005 മുതൽ 2009 വരെ വർഷം തോറും അവാർഡ് നൽകിയിരുന്നു. എന്നാൽ ഗുണനിലവാരവും സൂക്ഷ്മതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനു പിന്നീട് 2 വർഷത്തിൽ ഒരിക്കലാക്കുകയായിരുന്നു.

ജീവകാരുണ്യം, സാമൂഹിക സേവനം, ജനക്ഷേമം, ആരോഗ്യം, പരിസ്ഥിതി, കായികം തുടങ്ങിയ മേഖലകളിൽ സമൂഹത്തിന് ഗുണകരമാകുംവിധം പ്രവർത്തിച്ചവരെയാണ് മുൻകാലങ്ങളിൽ പുരസ്കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.

നിർദേശം ഈ വിധം

www.abudhabiawards.ae, www.facebook.com/abudhabiawards വെബ് സൈറ്റിലോ 8003331 ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ നാമനിർദേശം ചെയ്യാം. ഒന്നിലേറെ പേരെ നാമനിർദേശം ചെയ്യണമെങ്കിൽ ഓരോരുത്തർക്കും പ്രത്യേകം അപേക്ഷാഫോം പൂരിപ്പിച്ചു നൽകണം. സ്വന്തം പേര് സ്വയം നിർദേശിക്കരുത്. 

അബുദാബിക്കും അബുദാബിയിലെ ജനങ്ങൾക്കും വേണ്ടി ഗുണകരമായ എന്തെങ്കിലും ചെയ്ത പുറത്തുള്ളവരെയും അവാർഡിന് പരിഗണിക്കും. 

ഭരണരംഗത്തെ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ വിദഗ്ധർ എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.  നാമനിർദേശം ചെയ്യേണ്ട അവസാന തീയതി ഡിസംബർ 31

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA