sections
MORE

സഹിഷ്ണുത മലയാളി മനസ്സ് : സേതു

manorama-dubai145
SHARE

ദുബായ് ∙ കലയിലും സാഹിത്യത്തിലും ജാതിയും മതവുമൊക്കെ കുത്തിവയ്ക്കാൻ ചില ഛിദ്രശക്തികൾ ശ്രമിക്കുന്നുണ്ടെങ്കിലും വരുംതലമുറ അതു തള്ളിക്കളയുമെന്നു സാഹിത്യകാരൻ സേതു . ചില ഓളങ്ങൾ ഉണ്ടാക്കാൻ തൽപരകക്ഷികൾക്കു കഴിയുമെന്നല്ലാതെ അടിസ്ഥാനപരമായി അതിനൊന്നും നിലനിൽപില്ല. അതാണ് ഇന്ത്യയുടെ സംസ്കാരമെന്നും ചൂണ്ടിക്കാട്ടി.

ഒരുപാടു ജാതിയും മതവും ഉള്ളതുകൊണ്ടാണു നമ്മുടെ നാട്ടിൽ സഹിഷ്ണുത വളർന്നുവന്നത്. അതില്ലാതാക്കാൻ ആർക്കും കഴിയില്ല. എത്രയോ വൈദേശിക ആക്രമണങ്ങളെ രാജ്യം അതിജീവിച്ചു. ഐക്യവും സഹിഷ്ണുതയുമാണ് അതിനുള്ള ഊർജം പകർന്നത്. പണ്ടൊക്കെ തിരുവാതിരക്കളി ഒരു മതത്തിൽ ഒതുങ്ങിയിരുന്നെങ്കിൽ ഇന്നതിൽ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്നു. അതാണു മലയാളത്തിന്റെ മനസ്സും സംസ്കാരവും.

അക്ഷരങ്ങളെ പ്രകടമായി സ്നേഹിക്കുന്നവരാണു പ്രവാസി മലയാളികൾ. അരിയിൽ ഹരിശ്രീ കുറിക്കാൻ കഴിയുന്നത് വലിയൊരു സംസ്കാരത്തിന്റെ ശേഷിപ്പാണ്. വടക്കേ ഇന്ത്യയിൽ ആയുധപൂജയാണ് പ്രധാനമെങ്കിൽ കുട്ടികളെ അക്ഷരങ്ങളിലേക്കു കൈപിടിച്ചു കൊണ്ടുപോകുന്നത് കേരളീയ സംസ്കാരത്തിന്റെ പ്രത്യേകതയാണ്.

കുട്ടികളെ എഴുത്തിനിരുത്താൻ നാട്ടിൽ പോകാൻ പറ്റാത്ത രക്ഷിതാക്കൾക്ക് പാരമ്പര്യ തനിമയാർന്ന ഇത്തരം വേദികൾ വലിയ അനുഗ്രഹമാണെന്നും വ്യക്തമാക്കി. പ്രതീക്ഷയുടെ ഇത്തരം േവദികൾ ഓരോ വർഷവും കൂടുതൽ സജീവമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു ഡോ.ഷീന ഷുക്കൂർ പറഞ്ഞു.

ഒരുമയോടെ ഇതര സംസ്ഥാനക്കാരും

മലയാളക്കരയുടെ വിദ്യാരംഭചടങ്ങിൽ ആദ്യാക്ഷരം കുറിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷകരുടെ പണിയായുധങ്ങളും മറ്റുമാണു പൂജവയ്ക്കുക. അക്ഷരങ്ങൾക്കു പ്രാധാന്യം നൽകിയുള്ള ചടങ്ങ് കേരളത്തിൽ മാത്രമുള്ളതാണ് ആകർഷിച്ചതെന്ന് ഇവർ പറഞ്ഞു. 

മലയാളി സുഹൃത്തുക്കളിൽ നിന്നാണ് ഇവരിൽ പലരും ചടങ്ങിനെകുറിച്ച് അറിഞ്ഞത്. പരമ്പരാഗത രീതിയിൽ പുലർച്ചെ നടക്കുന്ന ചടങ്ങ് പ്രത്യേക അനുഭവമാണു നൽകുന്നത്.

ഉത്തരേന്ത്യയിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നടക്കുന്ന വിജയദശമി ആഘോഷങ്ങളേക്കാൾ തീർത്തും വ്യത്യസ്തമാണിതെന്നും ചൂണ്ടിക്കാട്ടി. 

uae-vidyarambham
ആദ്യാക്ഷരം കുറിച്ചശേഷം മൊബൈൽ ക്ലിക്കിന് പോസ് ചെയ്യുന്ന കുട്ടി

അനുഗ്രഹിച്ചും കളിച്ചും

ദുബായ് ∙ അനുഗ്രഹം ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാമെന്ന വലിയ പാഠം പകർന്നാണു ചില വിരുതന്മാർ വേദിവിട്ടത്. ഹരിശ്രീ കുറിച്ചു മിഠായിയും വാങ്ങി അമ്മയുടെ മടിയിലേക്കു ചാടിക്കയറി ഒരുനിമിഷം ഗുരുവിനെ സൂക്ഷിച്ചു നോക്കിയിട്ടായിരുന്നു 'നിറഞ്ഞ അനുഗ്രഹം'. 

നെറുകയിൽ തൊട്ടനുഗ്രഹിച്ച ഗുരുവിനു അതേ രീതിയിലൊരു അനുഗ്രഹം മടക്കിനൽകിയപ്പോൾ കുഞ്ഞുകൈകളിൽ വീണ്ടുമെത്തി മിഠായിമധുരം.

ഉറക്കച്ചടവോടെ അമ്മയുടെ മടിയിലിരുന്നു ഭീഷണി മുഴക്കിയ പല വിരുതന്മാരും പിന്നാലെ മടിയില്ലാതെ ഹരിശ്രീ കുറിച്ചു. നടക്കുമ്പോൾ ലൈറ്റ് തെളിയുന്ന ഷൂസ്, കരടിക്കുട്ടൻ, ഗെയിമുകൾ എന്നിങ്ങനെ കരയാതിരിക്കാനുള്ള ഡിമാൻഡുകൾ വച്ചവരെ അമ്മൂമ്മമാരാണു മെരുക്കിയെടുത്തത്. വിശേഷങ്ങൾ ചോദിച്ച് ഇവരെ ഗുരുക്കന്മാരും കയ്യിലെടുത്തു. എഴുതിക്കഴിഞ്ഞു ഗുരുവിന് ഉമ്മ നൽകിയവരുമേറെ. 

ഒന്നുകൂടി എഴുതിയാലോ എന്നായി മറ്റുചിലർ. എല്ലാവരും മനോരമയുടെസമ്മാനങ്ങളും വാങ്ങിയാണു മടങ്ങിയത്. കോടിമുണ്ടുടുത്ത് അമ്മയുടെയും അമ്മൂമ്മയുടെയുമൊക്കെ മൊബൈൽ ക്യാമറയ്ക്കു പോസ് ചെയ്യുന്നതിലായിരുന്നു ചിലർക്കു താൽപര്യം. ഇഷ്ടപ്പെട്ട സ്ഥലത്തു നിന്നു സെൽഫിയെടുക്കാൻ നിർദേശം നൽകിയവരും കുറവല്ല. വേദിയിലേക്കു കയറുന്ന പ്രശ്‌നമില്ലെന്ന മട്ടിൽ കരഞ്ഞുകൂവി ഓടിനടന്നും കസേരകൾക്കു പിന്നിലൊളിച്ചും അമ്മമാരെ വെള്ളം കുടിപ്പിച്ചവരും ഉണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA