ADVERTISEMENT

ദുബായ് ∙ കുറ്റകൃത്യങ്ങൾ തടയാനും കുറ്റവാളികളെ കൈയോടെ പിടികൂടാനുമുള്ള 'ഒയൂൻ' ഹൈടെക് നിരീക്ഷണ സംവിധാനവുമായി ദുബായ് പൊലീസ്. നിർമിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന നിരീക്ഷണ ശൃംഖലയാണിത്. പാതയോരങ്ങളിലെയടക്കം എല്ലാ ക്യാമറകളും റഡാറുകളും കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചതിനാൽ കുറ്റകൃത്യങ്ങൾ കൃത്യമായി യഥാസമയം കണ്ടെത്താനും സംഭവസ്ഥലത്ത് പാഞ്ഞെത്താനും പൊലീസിനു കഴിയും.

റോഡപകടങ്ങൾ, ഗതാഗതക്കുരുക്ക് എന്നിവ കുറയ്ക്കാനും ഈ സംവിധാനം സഹായകമാകും. കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും വിപുലമായ വിവരശേഖരവും ഇതിലുണ്ട്. പൊലീസ് തിരയുന്ന കുറ്റവാളികളെയും വാഹനങ്ങളെയും വേഗത്തിൽ കണ്ടെത്താമെന്നതാണ് മറ്റൊരു നേട്ടം. നിലവിലുണ്ടായിരുന്ന കേന്ദ്രീകൃത നിരീക്ഷണ സംവിധാനം പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പരിഷ്കരിക്കുകയായിരുന്നു. ഇന്ന് സമാപിച്ച ജൈറ്റക്സിൽ പുതിയ സംവിധാനങ്ങൾ പൊലീസ് പരിചയപ്പെടുത്തി.

Dubai-Police-Gitex

വരുന്നു, കടലിൽ ഒഴുകുന്ന പൊലീസ് സ്റ്റേഷൻ

കടലിൽ ഒഴുകി നടക്കുന്ന പൊലീസ് സ്റ്റേഷനും ദുബായിൽ ഒരുങ്ങുകയാണ്. അടുത്തവർഷം പകുതിയോടെ പ്രവർത്തനസജ്ജമാകും. ലോകത്ത് ഇത്തരത്തിലുള്ള ആദ്യ പൊലീസ് സ്റ്റഷനാണിത്. പൊലീസുകാരില്ലാത്ത സ്മാർട് പൊലീസ് സ്റ്റേഷനായിരിക്കും ഇത്. യോട്ട്- ബോട്ട് യാത്രക്കാർ, വാട്ടർ സ്പോർട്സിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കാൻ ഇതു സഹായകമാകും. ദുബായ് വേൾഡ് ഐലൻഡിനു സമീപമാകും ഒഴുകി നടക്കുന്ന ആദ്യ പൊലീസ് സ്റ്റേഷൻ.

Dubai-Police-Gitex9

ഒാടിയെത്തും, സ്മാർട് പൊലീസ്  സ്റ്റേഷൻ

വിവിധ സേവനങ്ങൾക്ക് പൊതുജനങ്ങളുടെ അരികിലെത്താൻ സഞ്ചരിക്കുന്ന പൊലീസ് സ്റ്റേഷനുകളും ഒരുങ്ങി. ഡ്രൈവറില്ലാ വാഹനങ്ങളിലാണ് (ഒാട്ടോണമസ്) ഹൈടെക് പൊലീസ് സ്റ്റേഷൻ. വൈദ്യുതിയും സൗരോർജവും ഉപയോഗിച്ചാണിതു പ്രവർത്തിക്കുക. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് സേവനങ്ങൾ തേടാം. മുഖം സ്കാൻ ചെയ്യാനുള്ള സംവിധാനവുമുണ്ട്. പരാതി നൽകാനും സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടാനും ഗതാഗത പിഴയടയ്ക്കാനും ഉൾപ്പെടെയുള്ള 16 സേവനങ്ങൾ ലഭ്യമാണ്.

Dubai-Police-Gitex2

നൂതന സെൻസറുകൾ, ക്യാമറകൾ തുടങ്ങിയവ ഇതിലുണ്ട്. കുറ്റവാളികളെ കണ്ടെത്താൻ ഇവ സഹായകമാകും. ഇതോടൊപ്പം ഡ്രോണുകളുടെയും സേവനവും പൊലീസ് ഉപയോഗപ്പെടുത്തും. നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള സ്മാർട് പെട്രോളിങ്ങിനും തുടക്കമാകുകയാണ്.

Dubai-Police-Gitex1

അവധിക്കാലത്ത് വീടിന് പൊലീസ് നിരീക്ഷണം

താമസക്കാർ നാട്ടിൽ അവധിക്കു നാട്ടിൽ പോകുമ്പോൾ വീടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സൗജന്യ സേവനത്തിനും തുടക്കം കുറിച്ചു. കവർച്ചക്കാരിൽ നിന്നും തീപിടിത്തം പോലുള്ള അപകടങ്ങളിൽ നിന്നും വീടുകൾക്കു സംരക്ഷണം നൽകും. ഇതിനായി പൊലീസ് ആപ്പിലെ ഹോം സെക്യൂരിറ്റി സർവീസിൽ റജിസ്റ്റർ ചെയ്യണം. അപേക്ഷകരുടെ വിശദാംശങ്ങൾ, വിലാസം, അവധിയുെട കാലാവധി എന്നിവ രേഖപ്പെടുത്തണം. പൊലീസ് പട്രോളിങ് വിഭാഗത്തിന്റെ നിരീക്ഷണ വലയത്തിലായിരിക്കും വീട്. വീടുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Dubai-Police-Gitex5

സമുദ്ര സഞ്ചാരികൾക്ക് സഹായമായി ആപ്പ്

കപ്പലുകൾ, യോട്ടുകൾ, ബോട്ടുകൾ എന്നിവയിൽ യാത്രചെയ്യുന്നവരുടെ സുരക്ഷയ്ക്ക് പൊലീസിന്റെ 'സെയിൽ സേഫ് ലി ആപ്പ്'. ജലയാനങ്ങളുടെ സഞ്ചാരപഥവും മറ്റും നിരീക്ഷിച്ച് പൊലീസിനു മുൻകൂട്ടി നിർദേശങ്ങൾ നൽകാനാകും. അടിയന്തരഘട്ടങ്ങളിൽ സഹായം തേടി പൊലീസിനു സന്ദേശമയയ്ക്കുകയും ചെയ്യാം. മാപ്പുകൾ, മികച്ച ഉല്ലാസ മേഖലകൾ, ഡൈവിങ്ങിന് സുരക്ഷിതമായ സ്ഥലങ്ങൾ തുടങ്ങിയവയും ആപ്പിലുണ്ട്.

Dubai-Police-Gitex7
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com