ADVERTISEMENT

ദോഹ ∙ അസോസിയേഷൻ ഓഫ് നാഷനൽ ഒളിംപിക് കമ്മിറ്റീസ് (അനോക്) പ്രഥമ ലോക ബീച്ച് ഗെയിംസിൽ മാറ്റുരയ്ക്കാനെത്തിയത് ലോകത്തിലെ മുൻനിര നീന്തൽ താരങ്ങൾ. ആദ്യ ദിനം പുരുഷ ബീച്ച് ഹാൻഡ്‌ബോളിൽ പ്രിലിമിനറി ഗ്രൂപ്പ് ബിയിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഖത്തർ ക്രൊയേഷ്യയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 7ന് കത്താറ ആംഫി തിയറ്ററിൽ നടക്കും.

കത്താറ ബീച്ചിന് സമീപം 5,000 പേർക്ക് ഇരിക്കാവുന്ന ആംഫി തിയറ്ററിലാണ് ഉദ്ഘാടന ചടങ്ങുകൾ. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. സ്ഥല പരിമിതിയെ തുടർന്ന് ആദ്യം വരുന്നവർക്ക്  തിയറ്ററിൽ പ്രവേശിക്കാമെന്ന് ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുനെയ്ൻ പറഞ്ഞു. അനോകിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ www.awbgqatar.com മത്സരങ്ങളുടെ തൽസമയ സംപ്രേഷണമുണ്ട്.  97  രാജ്യങ്ങളിൽ നിന്ന് 1,300 താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ഏറ്റുമുട്ടാൻ കച്ചകെട്ടി ലോക ചാംപ്യൻമാർ

ദോഹ ∙ ഇന്നലെ ആരംഭിച്ച മത്സരങ്ങളിൽ ലോകോത്തര നീന്തൽ താരങ്ങളാണ് പങ്കെടുക്കുന്നത്. 2012 ൽ 10 കിലോമീറ്റർ നീന്തലിൽ ഒളിംപിക്‌സിൽ വെള്ളി നേടിയ ഹാലി ആൻഡേഴ്‌സൻ (യുഎസ്), ലണ്ടൻ ഒളിംപിക്‌സിൽ മല്ലയുദ്ധത്തിൽ (84 കിലോ) വെങ്കലം ജേതാവ് ഡാറ്റോ മാർസാഗിഷ് വിലി (ജോർജിയ), 2019 ലോക ചാംപ്യൻമാരായ ക്രിസ്റ്റോഫ് റാസോവസ്‌കി (ഹംഗറി),  അന മാഴ്‌സേല കുൻഹ (ബ്രസീൽ) എന്നിവരെല്ലാം മത്സരത്തിനുണ്ട്. ബോൾഡറിങ് രംഗത്തെ 2018 ലെ ലോക ചാംപ്യൻ  കൈ ഹരാദ (ജപ്പാൻ), ലോക മൂന്നാം നമ്പർ താരം സീൻ മാക്‌കോൽ (കാനഡ), ഈ വർഷത്തെ വെങ്കല മെഡൽ ജേതാവ്  ഷഹൂന കോക്‌സി (ബ്രിട്ടൻ), സ്‌കേറ്റ്‌ബോർഡിങ്ങിൽ  11 വയസുകാരി സ്‌കൈ ബ്രൗണും (ജപ്പാൻ) ഉണ്ട്.

3 ആഴ്ച മുൻപ് ലോക സ്‌കേറ്റ് സാവോ പൗളോ പാർക്ക് ലോക ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവാണ് സ്‌കൈ ബ്രൗൺ. ബീച്ച് ഫുട്‌ബോളിൽ 2017 ലെ മികച്ച താരങ്ങളായ  മൗറിസിൻഹോ (ബ്രസീൽ), ലോറൻസ് ഗോമെസ് (സ്‌പെയിൻ), മറീന ഫെഡറോവ (റഷ്യ) എന്നിവർ മാറ്റുരയ്ക്കും. 3x3 ബാസ്‌ക്കറ്റ് ബോളിൽ ലോക രണ്ടാം നമ്പർ താരം കാർലിസ് ലാസ്മാനിസ്, 4 തവണ ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഡാനിയേല മൊറോസ് (യുഎസ്), 2018 അക്വാതലൺ ലോക ചാംപ്യൻ ഇമ്മാനുവൽ ലെജുയുൻ (ബെൽജിയം), ബീച്ച് ടെന്നിസ് ഒന്നാം നമ്പർ താരം നികിത ബുർമാകിൻ (റഷ്യ), ഇറ്റലിയുടെ ജിയുലിയ ഗാസ്പാരി തുടങ്ങി ഒട്ടേറെ താരങ്ങളാണുള്ളത്. 13 ഇനങ്ങളിലാണ് മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com