ADVERTISEMENT

ദുബായ് ∙ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ‘വെല്ലുവിളി’ ഏറ്റെടുക്കാൻ കച്ചമുറുക്കി മലയാളികൾ ഉൾപ്പെടെയുള്ള ആയിരങ്ങൾ. 18 മുതൽ ഒരു മാസം നീളുന്ന ഫിറ്റ്നസ് ചാലഞ്ചിൽ താമസക്കാരുടെയും സന്ദർശകരുടെയും വൻ പങ്കാളിത്തമാണു പ്രതീക്ഷിക്കുന്നത്. 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യാനാണ് ഫിറ്റ്നസ് ചാലഞ്ചിലൂടെ ഷെയ്ഖ് ഹംദാൻ ആഹ്വാനം ചെയ്തത്. 30 ദിവസം കഴിയുമ്പോഴേക്കും പലരും പുതിയ ശീലത്തിലേക്കു മാറുമെന്നതാണ് ഇതിന്റെ നേട്ടം.

സമയം തെറ്റിയുള്ള ഭക്ഷണ ം, ഫാസ്റ്റ് ഫുഡ്, വൈകിയുറങ്ങുകയും എണീക്കുകയും ചെയ്യുക, പകലുറക്കം, അമിത മാംസോപയോഗം എന്നിങ്ങനെ ജീവിതത്തിലെ ദുശ്ശീലങ്ങൾ ഒഴിവാക്കണമെന്ന സന്ദേശവും നൽകുന്നു. വ്യക്തികൾക്കു പുറമേ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, യോഗ കേന്ദ്രങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവയും ഒരുമാസം നീളുന്ന ചാലഞ്ചിൽ പങ്കെടുക്കും. 2017ൽ തുടക്കമിട്ട ചാലഞ്ചിന് ഒാരോ തവണയും ആവേശകരമായ സ്വീകാര്യതയാണു ലഭിച്ചത്. 2017നേക്കാൾ 34% പേർ കഴിഞ്ഞവർഷം പങ്കെടുത്തതായാണു കണക്ക്.

വരൂ, ആരോഗ്യം ആഘോഷിക്കാം

30 ദിവസത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല ഫിറ്റ്നസ് ചാലഞ്ച്. ദുബായിലും സമീപമേഖലകളിലും തുടർന്നും സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. മുവായിരത്തിലേറെ ക്ലാസുകൾ, സെമിനാറുകൾ എന്നിവയുണ്ടാകും. മംസർ പാർക്ക്, കൈറ്റ് ബീച്ച്, ഫെസ്റ്റിവൽ സിറ്റി മാൾ, അൽ മർമൂം, ദുബായ് ബീച്ച്, സബീൽ പാർക്ക് എന്നിവിടങ്ങളിൽ അടുത്തമാസം 16 വരെ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടാകും. യോഗ, ബാസ്ക്കറ്റ്ബോൾ, ബോക്സിങ് എന്നിവയ്ക്കു പ്രത്യേക സോണുകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ മുതൽ വയോധികർ വരെയുള്ളവർക്ക് ഉല്ലാസത്തിനും വ്യായാമത്തിനും പറ്റുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.

ഹിറ്റായി യോഗ, സുംബ

ഫിറ്റ്നസ് ചാലഞ്ചിൽ യോഗയ്ക്കു വലിയ പ്രാധാന്യം ലഭിച്ചുകഴിഞ്ഞു. യോഗാ ദിനം ഉൾപ്പെടെയുള്ള പരിപാടികളിൽ വിവിധ രാജ്യക്കാരുടെ പ്രാതിനിധ്യം കൂടിവരികയാണ്. ജീവിതശൈലി രോഗങ്ങൾ അകറ്റാൻ ഒട്ടേറെ പേർ യോഗ ശീലമാക്കിവരുന്നു. പല ഫിറ്റ്നസ് കേന്ദ്രങ്ങളോടും അനുബന്ധിച്ച് യോഗ പരിശീലനത്തിനു സൗകര്യമുണ്ട്. അമിതവണ്ണവും മറ്റു ശാരീരിക പ്രശ്നങ്ങളുമുള്ളവർക്ക് പ്രത്യേക പരിശീലനം നൽകുന്നു. വനിതകൾക്കാണ് സുംബ എന്ന നൃത്ത പരിശീലനത്തോടു കൂടുതൽ താൽപര്യം. ഫിറ്റ്നസ് വർധിപ്പിക്കാനുള്ള ഈ കൊളംബിയൻ നൃത്തത്തോട് ഇന്ത്യൻ വനിതകൾക്കും താൽപര്യം കൂടിവരുകയാണെന്നു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com