ADVERTISEMENT

ദുബായ് ∙ ചടുല താളങ്ങളും ചുവടുകളും ഒരുമിച്ചപ്പോൾ സിനിമാറ്റിക് ഡാൻസ് വേദിയിൽ അത്യാവേശം. പഴമകളുടെ നന്മകളും വർത്തമാന കാല വെല്ലുവിളികളും കോർത്തിണക്കിയായിരുന്നു വേദിയെ പ്രകമ്പനം കൊള്ളിച്ച പ്രകടനങ്ങൾ. കരുത്തും വന്യതയും വശ്യതയും സംഗമിച്ച നൃത്തങ്ങളിൽ പലതും പ്രമേയംകൊണ്ട് വ്യത്യസ്തമായി.

vipul
പൊന്നോണക്കാഴ്ച സാംസ്കാരിക സമ്മേളനം ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ഉദ്ഘാടനം ചെയ്യുന്നു.

നാടൻ ചുവടുകളും കളരിപ്പയറ്റും ശാസ്ത്രീയ നൃത്തവുമെല്ലാം നൃത്തത്തിനു ചാരുതയേകി. പതിവിൽനിന്നുവ്യത്യസ്തമായി പുരുഷന്മാരുടെ ടീമുകളും ആവേശപൂർവം പങ്കെടുത്തു. പുരുഷന്മാരുടെ ചില ടീമുകൾ തിരുവാതിര കളി വരെ പരീക്ഷിച്ചു. ചടുല നൃത്തത്തിലാണ് പുരുഷ ടീമുകൾ ശ്രദ്ധിച്ചതെങ്കിൽ നടന മികവിനാണ് വനിതകൾ പ്രാധാന്യം നൽകിയത്. ഭാഷയും ഭാവനകളും ചമയ വർണങ്ങളും ചേർന്നൊരുക്കിയ നക്ഷത്ര ലോകമായിരുന്നു സിനിമാറ്റിക് ഡാൻസിന്‍റെ വേദി.

manka
വനിത മലയാളി മങ്ക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷിജിന മുഹമ്മദ് ഫൈസൽ (ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ), രണ്ടാം സ്ഥാനം നേടിയ അമ്രീൻ ജിജോ ജലാൽ (ടികെഎം എൻജിനീയറിങ് കോളജ് കൊല്ലം), മൂന്നാം സ്ഥാനം നേടിയ സൗമ്യ രാജൻ (പിആർഎസ് കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം) എന്നിവർ ചലചിത്ര താരം ഹണി റോസിനൊപ്പം.

സിനിമാറ്റിക് ഡാൻസ് മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു.  മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് ടീമുകൾ മത്സരത്തിനെത്തിയത്. ചെറിയ പാളിച്ച പോലും വലിയ അപകടമുണ്ടാക്കാവുന്ന പരീക്ഷണങ്ങൾ നടത്തിയവരും കുറവല്ലായിരുന്നു.

കൊട്ടിക്കയറി ഘോഷയാത്ര

chenda
ഘോഷയാത്രയിലെ ചെണ്ടമേളത്തിൽനിന്ന്.

ദുബായ് ∙ വേണാടു മുതൽ വയനാടുവരെയുള്ള കലാരൂപങ്ങൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയിൽ നിറഞ്ഞുനിന്നത് മലയാളക്കരയുടെ സാംസ്കാരിക സമൃദ്ധി. തെയ്യവും തീച്ചാമുണ്ടിയും വെളിച്ചപ്പാടുമെല്ലാം അനുഗ്രഹം ചൊരിഞ്ഞ് ആവേശം പകർന്നു.

ponnonam
ഘോഷയാത്രയിൽ നിന്ന്.

മുൻനിരയിൽ സാക്ഷാൽ മാവേലി പതിവുകൾ മാറ്റി ബൈക്കിലാണ് എത്തിയത്. തൊട്ടുപിന്നാലെ വിവിധ കോളജ് ടീമുകൾ താളമേളങ്ങളോടെയും ആർപ്പുവിളികളോടെയും അണിനരന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com