ADVERTISEMENT

ദുബായ് ∙ വില അൽപം കുറഞ്ഞു നിൽക്കുന്നതിനാൽ സ്വർണം വാങ്ങാൻ പറ്റിയ സമയമാണെന്നു വിദഗ്ധർ. രാജ്യാന്തര തലത്തിൽ വ്യാപാര യുദ്ധത്തിനിടെ നടന്ന സന്ധി സംഭാഷണങ്ങളും രാജ്യങ്ങളുടെ നിലപാടുകളിലെ അയവുമാണ് സ്വർണവില താഴാൻ കാരണം. ഈ സാഹചര്യം പ്രയോജനപ്പെടുത്താമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദീപാവലി പ്രമാണിച്ചു വ്യാപാരം പ്രോത്സാഹിപ്പിക്കാൻ ധാരാളം ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ള സമയവുമാണിത്. ദീപാവലി നാളുകളിൽ സ്വർണവിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും.

ഈ സമയം നാട്ടിലേക്കു സ്വർണം വാങ്ങിപ്പോകുന്നതു ലാഭകരമാണെന്നു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് ചൂണ്ടിക്കാട്ടി. ഒരു പവൻ സ്വർണം വാങ്ങിപ്പോകുന്ന ആൾക്ക് 3500-3750 രൂപയുടെ വരെ ലാഭം ഉണ്ടാകും. പ്രത്യേകിച്ചു വിനോദ സഞ്ചാരത്തിന് എത്തി മടങ്ങുന്നവർക്ക് വാറ്റ് തുക തിരികെ ലഭിക്കുമെന്ന ആനുകൂല്യം കൂടി കണക്കിലെടുത്താൽ കുറഞ്ഞത് 12.5% ലാഭം നേടാം. ‌

നാട്ടിൽ 3725; ദുബായിൽ 3261

ഇന്ത്യയിൽ ഇന്നലത്തെ സ്വർണവില ഗ്രാമിന് 3725 രൂപയാണ്. ദുബായിൽ ഇന്നലെ 169 ദിർഹമാണ് (3261 രുപ). 464 രൂപയുടെ വ്യത്യാസം. ഒരു പവനാകുമ്പോൾ 3700 രൂപയുടെ ലാഭം ഉണ്ടാകും. പത്തുപവൻ വാങ്ങിപ്പോകുന്ന ആൾക്ക് വാറ്റ് അടക്കം 45,000 രൂപ ലാഭിക്കാം. ഇതിനു പുറമേ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്കു ലഭിച്ചതു പോലെ ലാഭം മറ്റൊന്നിനും കിട്ടിയിട്ടില്ലെന്നും ഷംലാൽ ചൂണ്ടിക്കാട്ടി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി സൂക്ഷിക്കാൻ യോജ്യമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയർമാനുമായ ജോയ് ആലുക്കാസും വ്യക്തമാക്കി.

കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് വില അൽപം താഴ്ന്നു നിൽക്കുകയാണെന്നും ഡിസംബർ ആകുമ്പോഴേക്കും സ്വർണ വിപണിയിൽ അഞ്ചു മുതൽ പത്തു ശതമാനത്തിന്റെ വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദീപാവലിയും മറ്റും പ്രമാണിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന പദ്ധതി മിക്ക സ്വർണക്കടകളും നൽകുന്നുണ്ടെന്നും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ഏറ്റവും പറ്റിയ സമയമാണിതെന്നും സ്കൈ ജ്വല്ലറി ജനറൽ മാനേജർ സിറിയക് വർഗീസ് ചൂണ്ടിക്കാട്ടി. ഇങ്ങനെ ബുക്ക് ചെയ്താൽ ദീപാവലി നാളിൽ വില ഉയർന്നാലും പേടിക്കാനില്ല.

ബുക്കു ചെയ്ത സമയത്തെ വിലയ്ക്ക് സ്വർണം വാങ്ങാം. വില കുറഞ്ഞാൽ ആ വിലയ്ക്കും സ്വർണം വാങ്ങാം എന്നതാണ് നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ഫാഷനുകൾ ദുബായിൽ എത്തുമെന്നതിനാൽ വാങ്ങാനെത്തുന്നവർക്ക് ഏറെ വ്യത്യസ്ത ഡിസൈനുകൾ തിരഞ്ഞെടുക്കാനാകുമെന്ന് ഷംലാൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ഇറക്കുമതി സ്വർണം കിട്ടുമെങ്കിലും നികുതി ഏറെയായതിനാൽ വില വളരെ കൂടും. സുതാര്യതയും ദുബായിയെ സ്വർണ പ്രേമികളുടെ ഇഷ്ടകേന്ദ്രമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഒരു വർഷത്തെ ലാഭം 21.5%

21.5% ലാഭമാണ് കഴിഞ്ഞ വർഷം ഇതേ സമയം സ്വർണം വാങ്ങിയവർക്ക് ഇപ്പോൾ കണക്കാക്കുമ്പോൾ ലഭിച്ച നേട്ടം. കഴിഞ്ഞ വർഷം ഇതേ ദിവസം സ്വർണത്തിന്റെ വില 139 ദിർഹമായിരുന്നു. മറ്റൊരു മേഖലയിലും നിക്ഷേപം നടത്തിയാൽ ഈ നേട്ടമുണ്ടാകില്ലെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com