ADVERTISEMENT

കുവൈത്ത് സിറ്റി ∙ സന്ദർശക വീസയിൽ എത്തുന്നവർക്ക് ആശ്രിത വീസയിലേക്കും ഗാർഹിക തൊഴിലാളി വീസയിലേക്കും മാറ്റം അനുവദിച്ചു ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് ഉത്തരവിട്ടു.  തൊഴിൽ വീസയിൽ കുവൈത്തിൽ പ്രവേശിച്ച് ഇഖാമ നടപടികൾ പൂർത്തീകരിക്കുന്നതിന് മുൻപ് രാജ്യത്തിന് പുറത്ത് പോകേണ്ടിവന്നവർക്ക് ഒരുമാ‍സത്തിനുള്ളിൽ തിരിച്ചുവന്നാൽ നടപടികൾ പൂർത്തീകരിച്ച് ഇഖാമ സമ്പാദിക്കാൻ കഴിയും.

സർക്കാറിന്റെ  സന്ദർശക വീസയിൽ വരുന്നവർക്കും വീസ മാറ്റം സാധ്യമാകും. ചികിത്സ തേടി വരുന്നവർക്കും കൂടെയുള്ളവർക്കും വീസ അനുവദിക്കും. ആരോഗ്യമന്ത്രാലയത്തിലെയോ സർക്കാർ അംഗീകൃത ആശുപത്രികളിലെയോ സാക്ഷ്യപത്രം അതിന് ഹാജരാക്കണം. പൊതു/സ്വകാര്യ സർവകലാശാലകളിൽ പഠന വീസ അനുവദിക്കാനും ഉത്തരവിലുണ്ട്.

സർവകലാശാലകളിൽനിന്നുള്ള പഠനയോഗ്യതാ സർട്ടിഫിക്കറ്റ് അതിന് ആവശ്യമാണ്. ഒരുമാസത്തേക്കുള്ള മൾട്രി എൻ‌‌ട്രി വീസാ കാലാവധി പ്രത്യേക സാഹചര്യങ്ങളിൽ ഒരുവർഷം വരെ നീട്ടിനൽകും. വീസാ കാലാവധി കഴിഞ്ഞവർക്കുള്ള താൽക്കാലിക വീസാ കാലാവധി 3 മാസമായി പരിമിതപ്പെടുത്തി. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് നൽകും. താത്കാലിക വീസയിലുള്ള സമയത്ത് സ്പോൺസർഷിപ് മാറ്റമോ ഇഖാമ പുതുക്കലോ അനുവദിക്കുന്നതല്ല.

ഹോട്ടലുകളിലും അപാർട്ട്മെൻ‌റുകളിലും താമസിക്കുന്ന വിദേശികളെ സംബന്ധിച്ച് വിശദവിവരങ്ങൾ 48 മണിക്കൂറിനകം താമസാനുമതികാര്യ വിഭാഗത്തെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഓൺ അറൈവൽ വീസയ്ക്ക് 3 ദിനാർ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഇഖാമ പുതുക്കുന്നതിന് പ്രതിവർഷ ഫീസ് 10 ദിനാർ ആണ്. ആശ്രിത വീസയിലുള്ളവരുടെ ഇഖാമ ഫീസ് ആയി പ്രതിവർഷം 10ദിനാർ നൽകണം.

ഗാർഹിക തൊഴിലാളികൾ എത്രയാകാം...?

ഏഴ് അംഗങ്ങളുള്ള  കുടുംബത്തിന് 3 ഗാർഹിക തൊഴിലാളികളെ അനുവദിക്കും. 7ൽ കൂടുതൽ അംഗങ്ങളുണ്ടെങ്കിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം 4 ആകാം. അതേസമയം കുടുംബത്തിൽ ഭിന്നശേഷിക്കാർ ഉണ്ടെങ്കിൽ രേഖകളുടെ ബലത്തിൽ ഒരു ഗാർഹിക തൊഴിലാളിയെ അധികമായി നിയമിക്കാവുന്നതാണ്. ഒരു വീട്ടിൽ പരമാവധി എത്ര ഗാർഹിക തൊഴിലാളികൾ ആകാമെന്നത് കുടുംബാംഗങ്ങളുടെ എണ്ണം, പ്രായം തുടങ്ങിയവ പരിഗണിച്ച് താമസാനുമതികാര്യ ഡയറക്ടറേറ്റ്  തീരുമാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com