ADVERTISEMENT

അബുദാബി∙ വിശ്വാസത്തിന്‍റെ പേരില്‍ വിഭാഗീയതയുടെ വിത്തു വിതച്ചുകൊണ്ട് ജനങ്ങളില്‍ പരസ്പരം അവിശ്വാസവും പകയും വിദ്വേഷവും വളര്‍ത്തി രാജ്യത്തിന്‍റെ അസ്തിത്വത്തെ ദുര്‍ബലപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. എന്നാല്‍ ഇന്നലെകളിലെ കേരളം പ്രതിലോമ ശക്തികളെ ചെറുത്തുതോല്‍പിച്ച് മതനിരപേക്ഷതയും സാമുദായികേതര സാഹോദര്യവും സൌഹൃദവും കേരളം നിലനിര്‍ത്തിപ്പോന്നിട്ടുണ്ടെന്നും അതിനിയും തുടരണമെന്നും ആവശ്യപ്പെട്ടു. മലയാളക്കരയുടെ സ്വത്വബോധം നിലനിര്‍ത്തുന്നതില്‍ പ്രവാസി മലയാളികളും ജാഗരൂകരാകണമെന്നും പറഞ്ഞു. അബുദാബി മലയാളി സമാജം സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങളാണ് ഭാരതത്തിന്‍റെ ആത്മാവ്. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ആ മൂല്യങ്ങള്‍ മുറുകെപിടിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്നും പറഞ്ഞു. 

ആള്‍കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയില്‍ വാര്‍ത്തയല്ലായി തീര്‍ന്നിരിക്കുന്നു. വിശ്വാസപരമായ കാര്യങ്ങളില്‍ വിഭാഗീയതയുടെ വിത്തു വിതച്ചുകൊണ്ടു രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനു വേണ്ടിയുള്ള ശക്തികള്‍ ബോധപൂര്‍വം പ്രത്യക്ഷമായിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഹിന്ദി മാത്രമല്ല മലയാളമടക്കം ഭരണഘടനയില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കപ്പെട്ട മുഴുവന്‍ ഭാഷയും ദേശീയ ഭാഷയാണെന്നും ഒരു ഭാഷയെ മാത്രം അടിച്ചേല്‍പിക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്നും പറഞ്ഞു. ഹിന്ദി ഭരണഭാഷണയാണ്, പൊതുഭാഷയല്ലെന്നും വ്യക്തമാക്കി.

ഒരു രാജ്യം, ഒരു ഭാഷ, ഒരു തിരഞ്ഞെടുപ്പ്, ഒരു നികുതി, ഒരു വിശ്വാസം എന്നിവ മുന്നോട്ടുവയ്ക്കുന്നവര്‍ വൈവിധ്യങ്ങളെ നിരാകരിക്കുകയാണ്.  വിയോജിപ്പിന്‍റെ പ്രത്യയശാസ്ത്രത്തെ ഇല്ലായ്മ ചെയ്യുകയും സഹിഷ്ണുതയുടെയും സഹനത്തിന്‍റെയും രാഷ്ട്രീയത്തെ പൂര്‍ണമായും തിരസ്കരിക്കുകയും ചെയ്യുന്നു. ഇത് അനുവദിച്ചു കൊടുക്കാനാകില്ലെന്നും പറഞ്ഞു. പ്രവാസികളുടെ പ്രശ്നത്തിൽ പാർലമെന്റിൽ ഇടപെടുമെന്നു പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

മലയാളി സമാജം പ്രസിഡന്‍റ് ഷിബു വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.ജയരാജൻ, സമാജം വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ട്രഷർ അബ്ദുൽഖാദർ തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് മലയാളി മങ്ക, മന്നന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മത്സരവും കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com