ADVERTISEMENT

ദുബായ് ∙ ഫിലിപ്പീൻ സ്വദേശിയായ യുവതിയെ ദുബായിലെ ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിച്ച കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിൽ. 30 വയസ്സുള്ള ഈജിപ്ഷ്യൻ സ്വദേശിയാണ് കേസിലെ പ്രതി. ഈ വർഷം മാർച്ച് 18ന് നിശാപാർട്ടിക്ക് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് പ്രോസിക്യൂഷൻ രേഖകൾ വ്യക്തമാക്കുന്നത്. ബർ ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് റിപ്പോർട്ട് ചെയ്തത്. പാർട്ടിക്കു ശേഷം മദ്യപിച്ച് ലക്കുകെട്ട സുഹൃത്തായ ഫിലിപ്പീൻ യുവതിയെയാണ് ദുബായിൽ ക്ലർക്കായി ജോലി ചെയ്യുന്ന പ്രതി പീഡിപ്പിച്ചത്. കസ്റ്റഡിയിലുള്ള പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു.

പ്രതിയായ വ്യക്തിയെ ദുബായ് സഫാരി പാർക്കിൽ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതുമെന്ന് ഇരയായ 32കാരി പറഞ്ഞു. ഇവർ ഒരു സ്ഥാപനത്തിൽ വെയ്റ്ററായി ജോലിചെയ്യുകയാണ്. പിന്നീട് ഇയാളുമായി സൗഹൃദത്തിലാവുകയും വാട്ട്സാപ്പിലൂടെ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. ‘സംഭവം നടന്ന ദിവസം രാത്രി 11 മണിയോടെ അയാൾ വിളിക്കുകയും തന്നെ കാണാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. ജോലി സ്ഥലത്തുനിന്നും ഒരു മണിയോടെ അയാൾ എന്നെ കൂട്ടികൊണ്ടുപോവുകയും ചെയ്തു’– യുവതി മൊഴിയിൽ വ്യക്തമാക്കി.

പ്രതിയും യുവതിയും സുഹൃത്തുക്കൾക്കൊപ്പമാണ് പോയത്. തുടർന്ന് ഇവർ രാത്രി ഭക്ഷണം കഴിക്കുകയും അൽ ജദ്ദാഫിലെ ഒരു ക്ലബിലേക്ക് പോവുകയും ചെയ്തു. കുറേ സമയം അവിടെ ചെലവഴിക്കുകയും മദ്യപിക്കുകയും ചെയ്തു. യുവതിയെ തിരികെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞെങ്കിലും വഴിയിൽ പൊലീസ് സിഐഡിമാരുടെ പരിശോധനയുണ്ടാകുമെന്നും മദ്യപിച്ചതിനാൽ പ്രശ്നമാകുമെന്നും പ്രതി പറഞ്ഞു. തുടർന്ന് ഇവർ ഒരു ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ വച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത് എന്നാണ് കോടതി രേഖകളിൽ പറയുന്നത്. മദ്യലഹരിയിൽ ആയതിനാൽ ലൈംഗിക അതിക്രമത്തെ എതിർക്കാനും സാധിച്ചില്ലെന്ന് യുവതി പരാതിയിൽ പറയുന്നു.

അന്വേഷണ സമയത്ത് സമാനമായ കാര്യങ്ങളാണ് യുവതിയുടെ സുഹൃത്തും പറഞ്ഞത്. ശാരീരക ബന്ധത്തിൽ ഏർപ്പെട്ടോ എന്ന് അവളോട് ചോദിച്ചിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. എന്നാൽ, പ്രതിയായ വ്യക്തി പറയുന്നത് യുവതിയെ ബലമായി പീഡിപ്പിച്ചിട്ടില്ലെന്നാണ്. പൊലീസ് വന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് അന്ന് യുവതി പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. പിന്നീടാണ് പരാതി നൽകിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നും ഇത് അവരുടെ സമ്മതത്തോടെ ആയിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്.

സംഭവത്തിനു ശേഷം യുവതി ആശുപത്രിയിൽ ആയിരുന്നുവെന്നാണ് പ്രോസിക്യൂഷൻ രേഖകൾ പറയുന്നത്. യുവതിയ്ക്കു നേരെ ശാരീരികമായ ആക്രമണം നടന്നിട്ടുണ്ടെന്നാണ് ഫൊറൻസിക് റിപ്പോർട്ടിലും മെഡിക്കൽ റിപ്പോർട്ടിലും പറയുന്നത്. ഈമാസം 24ന് വീണ്ടും കേസിൽ വാദം കേൾക്കും.

English summary: philippine lady sexualy assaulted in uae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com