ADVERTISEMENT

ദോഹ ∙ ഇന്ത്യൻ നഗരങ്ങളിലേക്ക് ദോഹയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കി ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സും ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോയും കോഡ്‌ഷെയർ കരാറിൽ ഒപ്പുവച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണു ഖത്തർ എയർവേയ്സ് സിഇ അക്ബർ അൽ ബേക്കറും ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റോണോജോയ് ദുത്തയും ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഡിസംബർ 18ന് ആദ്യത്തെ കോഡ്‌ഷെയർ വിമാനം സർവീസ് തുടങ്ങും. കരാർ പ്രകാരം തങ്ങളുടെ യാത്രക്കാർക്ക് ഇൻഡിഗോയുടെ ദോഹ- ഡൽഹി, ദോഹ- മുംബൈ, ദോഹ- ഹൈദരാബാദ് വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള അനുമതിയാണ് ഖത്തർ എയർവേയ്സിന് ലഭിച്ചത്. അതിനാൽ, ഖത്തർ എയർവേയ്സിന്റെ യാത്രാ രേഖകൾ ഉപയോഗിച്ച് തന്നെ ഇൻഡിഗോ വിമാനങ്ങളിൽ അവർക്കു യാത്ര ചെയ്യാം. കൂടുതൽ റൂട്ടുകളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതിനായി ഇന്ത്യൻ അതോറിറ്റികളുമായി പങ്കാളിത്ത അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സിഇ അക്ബർ അൽ ബേക്കർ പറഞ്ഞു.

കൂട്ടായ പ്രവർത്തനം മികച്ച വളർച്ചക്കു വഴിയൊരുക്കുമെന്നും അൽബേക്കർ കൂട്ടിച്ചേർത്തു. ദ്രുത ഗതിയിൽ വളരുന്ന ഇന്ത്യൻ വ്യോമയാന വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്താൻ ഖത്തർ എയർവേയ്സ് ശ്രമിക്കുമ്പോൾ കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുകയെന്ന ലക്ഷ്യമാണ് ഇൻഡിഗോയ്ക്കുള്ളത്. നിലവിൽ ദോഹയിൽ നിന്ന് അഹമ്മദാബാദ്, അമൃത്‌സർ, ബെഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, നാഗ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 102 സർവീസുകളാണു ഖത്തർ എയർവേയ്സ് നടത്തുന്നത്.

ഇന്ത്യയിലെ 7 കേന്ദ്രങ്ങളിലേക്ക് ഖത്തർ എയർവേയ്‌സിന്റെ 28 കാർഗോ വിമാനങ്ങളും ആഴ്ചയിൽ സർവീസ് നടത്തുന്നുണ്ട്. തെക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ബജറ്റ് സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഇന്ത്യയുടെ ആഭ്യന്തര വിപണിയിൽ 47 ശതമാനം ഓഹരിയാണുള്ളത്. ഇൻഡിഗോയിൽ ഓഹരി സ്വന്തമാക്കാൻ ഖത്തർ എയർവേയ്സിന് താൽപര്യമുണ്ടെങ്കിലും ഇപ്പോൾ ഉചിതമായ സമയം അല്ലെന്ന് അൽബേക്കർ പറയുന്നു. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർഇന്ത്യയിൽ ഓഹരി സ്വന്തമാക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com