ADVERTISEMENT

ഖത്തറിലെ സിവിൽ നിയമ നടപടി പ്രകാരം നിയമം (1990 ലെ 13-ാം നമ്പർ നിയമം) അംഗീകരിക്കുന്ന ഒരു അവകാശം നിലനിൽക്കുന്ന സാഹചര്യത്തിൽ മാത്രമേ ഒരു വ്യക്തിക്ക് തന്റെ അവകാശ സംരക്ഷണത്തിന് കോടതിയെ സമീപിക്കാൻ സാധിക്കൂ. വാണിജ്യ തർക്കങ്ങളും കരാർ സംബന്ധമായ തർക്കങ്ങളും സ്വകാര്യ അന്യായങ്ങളും തീർപ്പാക്കാൻ സിവിൽ കോടതിക്ക് അധികാരമുണ്ട്. സിവിൽ നിയമ നടപടി പ്രകാരം ഒരു വ്യക്തിക്കു തന്റെ പരാതി സിവിൽ കോടതിയിൽ രേഖാമൂലം സമർപ്പിക്കാവുന്നതാണ്.

രേഖാമൂലം സമർപ്പിക്കുന്ന അന്യായത്തിൽ പരാതിക്കാരന്റെയും എതിർകക്ഷിയുടേയും പേര്, ജോലി, വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഒരു പരാതി സ്വീകരിച്ചാൽ കോടതിയിൽ ഹാജരാകാൻ എതിർകക്ഷിയെ രേഖാമൂലം നോട്ടിസ് നൽകി അറിയിക്കണം. നേരിട്ട് അറിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ എതിർകക്ഷിയുടെ പ്രതിനിധിയെയൊ ബന്ധുക്കളെയൊ തൊഴിലുമടയെയൊ അറിയിക്കണം. ഒരു പരാതി കോടതിയിൽ സമർപ്പിക്കുമ്പോൾ നിശ്ചിത തുക ഫീസും എതിർകക്ഷികളുടെ എണ്ണം അനുസരിച്ച് പരാതിയുടെ പകർപ്പുകളും കോടതിയിൽ സമർപ്പിക്കണം.

എൻഒസി ഇല്ലാതെ തൊഴിൽ മാറാൻ

ഫിക്‌സഡ് കരാറിൽ ജോലി ചെയ്യുന്നവർക്ക് എൻഒസി ഇല്ലാതെ തൊഴിൽ മാറുമ്പോൾ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇത്തരത്തിൽ എൻഒസി ഇല്ലാതെ തൊഴിൽ മാറുമ്പോൾ വീസ റദ്ദാക്കേണ്ടതുണ്ടോ?

പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ 21-ാം ആർട്ടിക്കിൾ പ്രകാരം ഫിക്‌സഡ് അഥവാ ലിമിറ്റഡ് ടേം തൊഴിൽ കരാറിൽ ജോലി ചെയ്യുന്നവർക്ക് കരാർ കാലാവധി പൂർത്തിയാകുന്ന അവസരത്തിൽ തൊഴിലുടമയുടെ അനുമതി (എൻഒസി) ഇല്ലാതെ ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടു കൂടി ജോലി ലോക്കൽ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എൻഒസി ഇല്ലാതെ ജോലി മാറണമെങ്കിൽ തൊഴിലുടമയുടെ ഭാഗത്ത് നിന്ന് തൊഴിൽ കരാറിന്റെ ലംഘനം ഉണ്ടായെന്ന് തെളിയിക്കേണ്ടതുണ്ട്. വീസ എന്നത് തൊഴിലുടമയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഒരു കമ്പനിയിൽ നിന്ന് മറ്റൊരിടത്തേയ്ക്ക് ജോലി മാറുമ്പോൾ വീസയും മാറേണ്ടതുണ്ട്. എന്നാൽ ലോക്കൽ തൊഴിൽ ട്രാൻസ്ഫർ ചെയ്യുമ്പോൾ വീസ ട്രാൻസ്ഫറിനായി വീസ റദ്ദാക്കേണ്ടതില്ല.
   
കമ്പനിയുടെ സിആർ പുതുക്കാൻ

ഞാൻ കഴിഞ്ഞ 7 വർഷമായി സ്വന്തമായി ബിസിനസ് നടത്തുകയാണ്. എന്റെ സ്വദേശി സ്‌പോൺസർക്കു സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് എന്റെ കമ്പനിയുടെ സിആർ പുതുക്കാൻ കഴിയുന്നില്ല. അന്വേഷിച്ചപ്പോൾ സ്‌പോൺസറുടെ എല്ലാ ഇടപാടുകളും മരവിപ്പിച്ചിരിക്കുകയാണ്. എന്റെ കമ്പനിയുടെ സിആർ പുതുക്കാൻ ഞാൻ എന്താണ് ഇനി ചെയ്യേണ്ടത്?

ഒരു പാർട്ണറുടെ പേരിലുള്ള നിയമ നടപടികൾ മൂലം സിആർ പുതുക്കാൻ കഴിയാതെ വരുന്ന അവസ്ഥയ്ക്ക് പ്രത്യേക മാർഗനിർദേശങ്ങൾ നിലവിൽ ഇല്ല. സിആർ പുതുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചാൽ അനുവദിച്ചു കൊണ്ടുള്ള വിധി ലഭ്യമായേക്കാം. എന്നാൽ, അത്തരത്തിലുള്ള കേസുകൾ കോടതിയിൽ നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

qatar-law
അഡ്വ. നിസാർ കോച്ചേരി

നിയമങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിലെ ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com