ADVERTISEMENT

ഷാര്‍ജ ∙ ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം അപകടത്തിലാണെന്ന് നോവലിസ്റ്റും കവിയുമായ വിക്രം സേത്ത്. മാധ്യമപ്രവർത്തനം എന്നത് അപകടം പിടിച്ച പ്രവർത്തനമേഖലയായി മാറിയിരിക്കുന്നു. സാഹിത്യകാരന്മാരും മാധ്യമപ്രവർത്തകരും തുടർച്ചയായി വധിക്കപ്പെടുന്നു-ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാർ സ്വയം സെൻസറിങ്ങിന് വിധേയരാകുകയാണ്. വ്യത്യസ്തമായ പ്രതിഷേധ മാർഗങ്ങളുള്ളതിനാല്‍ താൻ പുരസ്കാരങ്ങൾ തിരികെ നൽകിയിട്ടില്ല. പ്രതിഷേധം പ്രകടിപ്പിക്കുന്നത്തിനുള്ള മാർഗങ്ങൾ തികച്ചും വ്യക്തിഗതമാണ്. സാഹിത്യ അക്കാദമി എന്നത് മഹത്തായ സ്‌ഥാപനമാണ്. ജവഹർലാൽ നെഹ്‌റുവിനെ പോലുള്ള മഹാന്മാരായ രാഷ്ട്രനേതാക്കളാണ് സാഹിത്യ അക്കാദമിക്ക് രൂപം നൽകിയത്.

എഴുത്തുകാരനും രാജ്യത്തെ പൗരനാണെന്നും എഴുത്തുകാർ തങ്ങളുടെ വികാരങ്ങൾ എഴുത്തിലൂടെയാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും വിവേചനത്തിനെതിരെ പോരാടാനും എല്ലാ അവകാശവുമുണ്ട്. എഴുതാനുള്ള പ്രചോദനത്തിന് യാത്ര ഒരു അനിവാര്യഘടകമല്ല. തുളസിദാസോ സൂർദാസോ ഷേക്‌സ്‌പിയറോ യാത്ര ചെയ്തിട്ടല്ല സാഹിത്യരചനകൾ നടത്തിയിരുന്നത്. ചുറ്റുമുള്ള ജീവിതത്തെ നോക്കിക്കാണുന്നതാണ് പ്രധാനം. എഴുത്തുകാർ സ്വന്തം കൃതികളോടും എഴുത്തിനോടും സത്യസന്ധത പുലർത്തണമെന്നതാണ് തന്റെ അഭിപ്രായം.

vikram-seth-SIBF2

ചിലപ്പോഴൊക്കെ, ചിലതെല്ലാം ആക്ഷേപഹാസ്യരൂപത്തിൽ എഴുതുന്നതാണ് കൂടുതൽ ഫലപ്രദം. കവിതയെഴുത്തിനും നോവൽ രചനയ്ക്കും അവയുടേതായ ലഘുത്വവും സങ്കീർണതയും ഉണ്ടെന്ന് വിക്രം സേത്ത് അഭിപ്രായപ്പെട്ടു. വൃത്തബദ്ധമായി കവിതയെഴുതുമ്പോൾ പദങ്ങളുടെ തിരഞ്ഞെടുപ്പും ഉപയോഗവും കൂടുതൽ ശ്രമകരമാകുന്നു. എന്നാൽ നോവലെഴുതുമ്പോൾ, വാക്കുകൾ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ സ്വാതന്ത്ര്യമുണ്ട്. അതേസമയം, കവിത ഹ്രസ്വവും കൂടുതൽ കാൽപനികത നിറഞ്ഞതുമാണ്. എന്നാൽ നോവലാകട്ടെ, വളരെ ദീർഘവും ഗൗരവമേറിയ എഴുത്ത് ആവശ്യപ്പെടുന്നതുമാണ്. കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും തീരുമാനിച്ചുകഴിഞ്ഞാൽ എഴുതുകയും തുടർച്ചയായി തിരുത്തിയെഴുതുകയുമാണ് വേണ്ടത്. അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതുമല്ല, പ്രചോദനം ലഭിക്കുകയെന്നതാണ് പ്രധാനം-അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ താൻ ഒട്ടും സജീവമല്ല. ഇമെയിലുകൾ പോലും പലപ്പോഴും പരിശോധിക്കാറില്ല. തന്റെ പേരിൽ പ്രചരിക്കുന്ന ട്വിറ്റർ-ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ മറ്റാരൊക്കെയോ കൈകാര്യം ചെയ്യുന്നതാണ്. രണ്ട് സ്ത്രീകൾ പരസ്പരം സംസാരിക്കുന്ന കാഴ്ചയിൽ നിന്നാണ് ‘എ സ്യൂട്ടബിൾ ബോയ്’ ആരംഭിച്ചത്. തന്നെ  സംബന്ധിച്ചിടത്തോളം, പ്രചോദനത്തിന് പലപ്പോഴും വ്യത്യസ്തമായ ഉറവിടങ്ങൾ ഉണ്ടാകാറുണ്ട്. അവയിൽ ഭൂരിഭാഗവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നവയാകാം. ആരോടെങ്കിലുമുള്ള വളരെ ഹ്രസ്വമായ സംഭാഷണത്തിൽ നിന്ന്, വളരെ നീണ്ട ഒരു കഥ എഴുതാനുള്ള പ്രചോദനം തനിക്ക് ലഭിക്കാറുണ്ട്.

vikram-seth54

പുതിയ സാങ്കേതികവിദ്യകളുടെ ഉയർന്ന വേലിയേറ്റം എഴുത്തിനെ ബാധിക്കില്ല. എഴുത്ത് അപ്രത്യക്ഷമായ ഒരു കാലമുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് സമൂഹ മാധ്യമത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എഴുതാനുള്ള  മാധ്യമം മാത്രമാണ്  മാറുന്നത്. എഴുത്തിന് ശോഭനമായ ഭാവിയുണ്ട്. താൻ പലപ്പോഴും 'റൈറ്റേഴ്‌സ് ബ്ളോക്ക് ' നേരിടാറുണ്ടെന്ന് അദ്ദേഹം ദുബായ് മില്ലെനിയം സ്കൂളിലെ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. നിങ്ങൾക്ക് എന്തെങ്കിലും എഴുതാൻ കാര്യമായി ഉണ്ടാകുമ്പോൾ നിങ്ങളുടെ മസ്തിഷ്കം പ്രവർത്തിക്കാതെ നിശ്ചലമാകുന്ന അവസ്‌ഥയാണ്‌ റൈറ്റേഴ്‌സ് ബ്ളോക്ക്. തനിക്കേറെ ഇഷ്ടപ്പെട്ട സ്വന്തം പുസ്തകമേതെന്ന ചോദ്യത്തിന്, ഓരോ ദിവസവും താൻ തന്റെ ഓരോ പുസ്തകങ്ങളെയാണ് സ്നേഹിക്കുന്നത് എന്ന് അദ്ദേഹം മറുപടി നൽകി.

vikram-seth-SIBF1

എട്ട് കവിതാസമാഹാരങ്ങളും മൂന്ന് നോവലുകളുമാണ് വിക്രം സേത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1980-ൽ അദ്ദേഹം തന്റെ ആദ്യത്തെ കവിതാസമാഹാരമായ 'മാപ്പിങ്സ്' എഴുതി. 'എ സ്യൂട്ടബിൾ ബോയ്' എന്ന നോവൽ വിക്രം സേത്തിനെ ജനപ്രിയനാക്കി. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ 'ആൻ ഈക്വൽ മ്യൂസിക്' ഒരു വയലിനിസ്റ്റിന്റെ കലങ്ങിയ പ്രണയജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. വിക്രം സേത്തിന്റെ  'ടു ലൈവ്സ്' എന്ന കൃതി അദ്ദേഹത്തിന്റെ വലിയമ്മാവനും അമ്മായിയും തമ്മിലുള്ള വിവാഹത്തിന്റെ ഓർമ്മക്കുറിപ്പാണ്. ദി ഗോൾഡൻ ഗേറ്റ് എന്ന കവിതാസമാഹാരത്തിന് പുറമെ, മാപ്പിങ്സ്, ദി ഹംബിൾ അഡ്മിനിസ്ട്രേറ്റേഴ്‌സ് ഗാർഡൻ, ഓൾ യു ഹു സ്ലീപ്പ് ടുനൈറ്റ്, ത്രീ ചൈനീസ് പോയറ്റ്സ് എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

vikram-seth541

കുട്ടികൾക്കായുള്ള അദ്ദേഹത്തിന്റെ  പുസ്തകം, ബീസ്റ്റ്ലി ടെയിൽസ് ഫ്രം ഹിയർ ആന്‍ഡ് ദെയർ മൃഗങ്ങളെക്കുറിച്ചുള്ള പത്ത് കഥകൾ ഉൾക്കൊള്ളുന്നു. അദ്ദേഹം എഴുതിയ ഫ്രം ഹെവൻ ലേക്ക്: ട്രാവൽസ് ത്രൂ സിങ്കിയാങ് ആൻഡ് ടിബറ്റ് ടിബറ്റ്, ചൈന, നേപ്പാൾ എന്നിവിടങ്ങളിലൂടെയുള്ള യാത്രയുടെ വിവരണമാണ്. ഇംഗ്ലീഷ് നാഷനൽ ഓപ്പറയ്ക്ക് വേണ്ടി, ഗ്രീക്ക് ഇതിഹാസത്തിന്റെ ഭാഗമായ അരിയോണിന്റെയും ഡോൾഫിന്റെയും കഥകളുടെ അടിസ്ഥാനത്തിൽ ഒരു സംഗീതനാടകം വിക്രം സേത്ത് രചിച്ചിട്ടുണ്ട്. 1994 ജൂണിലാണ് ഈ ഓപ്പറയുടെ അരങ്ങേറ്റം നടന്നത്.

പദ്മശ്രീ പുരസ്‌കാരത്തിന് പുറമെ, സാഹിത്യ അക്കാദമി അവാർഡ്, പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം, ഡബ്ല്യുഎച്ച് സ്മിത്ത് ലിറ്റററി അവാർഡ്, ക്രോസ്സ് വേർഡ് ബുക്ക് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ വിക്രം സേത്തിന് ലഭിച്ചിട്ടുണ്ട്. ദുബായ് മില്ലെനിയം സ്‌കൂൾ പ്രിൻസിപ്പൽ അംബിക ഗുലാത്തി   പ്രസംഗിച്ചു. അഞ്ജന ശങ്കർ പരിപാടിയിൽ മോഡറേറ്ററായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com