ADVERTISEMENT

ഷാർജ ∙ ഗിന്നസ് നേട്ടത്തിൽ ഖ്യാതി നേടിയ 38–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് സന്ദർശകരുടെ എണ്ണത്തിലും റെക്കോർഡ്. 11 ദിവസം നീണ്ടുനിന്ന മേളയിലെ ആകെ സന്ദർശകരുടെ എണ്ണം 20 ലക്ഷത്തിലേറെയെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി അധികൃതർ പറഞ്ഞു.

2.52 ദശലക്ഷം പേരാണ് ലോക പുസ്തക തലസ്ഥാനമായ ഷാർജയിലെ മേള നടക്കുന്ന എക്സ്പോ സെന്ററിലെത്തിയത്. ‘തുറന്ന പുസ്തകങ്ങളും തുറന്ന മനസുകളും’ എന്നായിരുന്നു ഇപ്രാവശ്യത്തെ പ്രമേയം. സാഹിത്യ നൊബേൽ ജേതാവും തുര്‍ക്കി എഴുത്തുകാരനുമായ ഒർഹാൻ പാമുക് മുഖ്യ ആകർഷണമായിരുന്ന മേളയിൽ ആകെ ഇന്ത്യയടക്കം 81 രാജ്യങ്ങളിൽ നിന്ന് 2,000 പ്രസാധകർ പങ്കെടുത്തു. ഇൗ മാസം ഏഴിനായിരുന്നു ഏറ്റവുമധികം എഴുത്തുകാർ ഒരേ സ്ഥലത്ത് തങ്ങളുടെ പുസ്തകങ്ങളിൽ കൈയൊപ്പ് ചാർത്തിയ ഗിന്നസ് ഉദ്യമം. 1502 എഴുത്തുകാർ പങ്കെടുത്ത ഗിന്നസ് ശ്രമം നേരത്തെ തുർക്കിയുടെ പേരിലുള്ള റെക്കോർഡാണ് തകർത്തത്.

SIBF-201914

അഞ്ചു വർഷം കൊണ്ട് ഒരു ബില്യൺ പുസ്തകങ്ങൾ വിതരണം ചെയ്യും

മധ്യപൂർവദേശത്തും ആഫ്രിക്കൻ രാജ്യങ്ങളിലും ഷാർജ ബുക്ക് അതോറിറ്റി അടുത്ത അഞ്ചു വർഷത്തിനിടെ ഒരു ബില്യൺ പുസ്തകങ്ങൾ വിതരണം ചെയ്യും. ലോകത്തെ ഏറ്റവും വലിയ പുസ്തക വിൽപനയുടെ സംഘാടകരായ ബിഗ് ബാഡ് വൂൾഫ് വെൻച്വറുമായി ചേർന്ന് ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീ സോണിൽ ബിഗ് ബാഡ് വൂൾഫ് ഷാർജ എന്ന ശാഖ രൂപീകരിച്ചാണ് വിതരണം. സംസ്കാരങ്ങളുടെ കൈമാറ്റമാണ് ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

SIBF-201913-JPG

പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം

പുതിയ പുസ്തകങ്ങൾ വാങ്ങിക്കാൻ യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചു. പുസ്തകമേളയിൽ പങ്കെടുത്ത പ്രസാധകരിൽ നിന്നായിരിക്കും ഇവ വാങ്ങിക്കുക. ഇതു 38–ാമത്തെ തവണയാണ് ഷാർജ രാജ്യാന്തര പുസ്തകമേള എഴുത്തിനെയും വായനയെയും നിറഞ്ഞ മനസ്സോടെ പ്രോത്സാഹിപ്പിക്കുന്നതെന്ന് എസ്ബിഎ ചെയർമാൻ അഹമദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. കലയും സംസ്കാരവും സാർവലൗകികമാണെന്ന് ഷാർജ ഭരണാധികാരി വിശ്വസിക്കുന്നു. ലോകം മുഴുവൻ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സംസ്കാരങ്ങൾ തമ്മിൽ പാലങ്ങൾ പണിയാനും പുസ്തകങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

SIBF-201912
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com