ADVERTISEMENT

അബുദാബി/ദുബായ് ∙ കാലവര്‍ഷത്തെ അനുസ്മരിപ്പിച്ച് യുഎഇയിലും ഒമാനിലും ഇടിമിന്നലോടു കൂടി ശക്തമായ മഴ. തണുപ്പുകാലത്തിന്റെ വരവറിയിച്ച് പെയ്ത മഴയിൽ ലുവ്റ് അബുദാബി, ദുബായ് മാൾ എന്നിവിടങ്ങളിലടക്കം വെള്ളം കയറി. ഞായറാഴ്ച ഉച്ചയ്ക്കു തുടങ്ങിയ മഴ എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിലായി വൈകിട്ടുവരെ തുടര്‍ന്നു. ശക്തമായ കാറ്റ് ചിലയിടങ്ങളില്‍ വന്‍ നാശം വിതച്ചു.

മഴയെ തുടര്‍ന്ന് പല റോഡുകളിലും വെള്ളം കെട്ടിനിന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. മണിക്കൂറുകളെടുത്താണു പലരും ലക്ഷ്യസ്ഥാനത്തെത്തിയത്. ദൂരക്കാഴ്ച കുറഞ്ഞതും ഗതാഗതം ദുസ്സഹമാക്കി. ഇന്നലെ ഉച്ചയോടെ ശക്തമായ പൊടിക്കാറ്റുമുണ്ടായിരുന്നു.

പലരും മാസ്ക് ധരിച്ചാണു പുറത്തിറങ്ങിയത്. ഫുജൈറയിൽ ഏതാനും പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി നൽകി. മഴയും കാറ്റും ശക്തമായതോടെ അബുദാബിയിൽ ഇന്നലെ ചില സ്കൂളുകള്‍ നേരത്തേ വിട്ടിരുന്നു. മൂടിക്കെട്ടിയ കാലാവസ്ഥയാണ്. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ തിരമാല 9 അടി വരെ ഉയര്‍ന്നതിനാല്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തകർത്തടിച്ച് കാറ്റ്

കോര്‍ണിഷില്‍ ബ്രിട്ടിഷ് എംബസിക്കു സമീപം നിര്‍മാണ സ്ഥലത്തെ ക്രെയിന്‍ പൊട്ടിവീണ് ബഹുനില കെട്ടിടത്തിന്‍റെ ക്ലാസുകള്‍ തകര്‍ന്നു. നിര്‍മാണസ്ഥലങ്ങളില്‍ സ്ഥാപിച്ച കമ്പിക്കൂടും തകര ഷീറ്റിന്‍റെ കവചവും പലയിടത്തും കാറ്റിൽ തകർന്നു. ക്രെയിനുകളും പൊട്ടിവീണു. തകര ഷീറ്റുകളും ഇരുമ്പു പൈപ്പുകളും കാറ്റിൽ പാറി വീണെങ്കിൽ ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. നിര്‍ത്തിയിട്ട കാറുകള്‍ക്കുമുകളില്‍ കെട്ടിട നിര്‍മാണ സാമഗ്രികളും മരങ്ങളും വീണ് നിരവധി വാഹനങ്ങള്‍ കേടായി. നഗരത്തിലെ പഴയ കെട്ടിടത്തില്‍നിന്നു വിന്‍ഡോ എസി ഇളകി വീണതായും റിപ്പോര്‍ട്ടുണ്ട്. മുസഫ, മുഹമ്മദ് ബിന്‍ സായിദ്സിറ്റി, ഖലീഫ സിറ്റി, മദീനത് സായിദ്, കോര്‍ണിഷ്, മുഷ്റിഫ്, ഖാലിദിയ, അല്‍ബത്തീന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മരങ്ങള്‍ കട പുഴകി. അബുദാബിയില്‍നിന്ന് അല്‍ഐന്‍, അല്‍ദഫ്റ ഭാഗങ്ങളിലേക്കുള്ള പാതകളിൽ ഗതാഗതക്കുരുക്കുണ്ടായി.

ആകെ മുക്കി മഴ

മലനിരകളിൽ നിന്നുള്ള വെള്ളപ്പാച്ചിൽ ശക്തമായതിനെ തുടർന്ന്, ഷാർജയെയും കൽബയെയും ബന്ധിപ്പിക്കുന്ന വാദി അൽ ഹെലോ റോഡ് അടച്ചിട്ടു. ഷാർജ മദാം, ഫുജൈറ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ താഴ്ന്ന മേഖലകളിൽ വെള്ളംകയറി. റൗണ്ട് എബൗട്ടുകളിലും പാർക്കിങ്ങുകളിലും വെള്ളക്കെട്ടുണ്ടായി.

ഇഴഞ്ഞുനീങ്ങി വാഹനങ്ങൾ

sharjah-rain
ഷാർജയിൽ ഇന്നലെ മഴ പെയ്തപ്പോൾ. ചിത്രം: കമാൽ ചാവക്കാട്

ദുബായിലെ ജുമൈറ വില്ലേജ് സർക്കിൾ, അൽ ബർഷ 1, അൽ സുഫൂഹ് 1, ദെയ്റ ക്ലോക് ടവർ എന്നിവിടങ്ങളിലും വിവിധ താമസമേഖലകളിലും രാവിലെ മുതൽ ഗതാഗക്കുരുക്ക് അനുഭവപ്പെട്ടു. വെള്ളക്കെട്ടിൽ ചെറുവാഹനങ്ങൾ നിന്നുപോയതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. മണിക്കൂറുകൾ വൈകിയാണ് പലർക്കും ഒാഫിസുകളിൽ എത്താനായത്.
പ്രധാന പാതകളായ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബായ്-അൽഐൻ റോഡ്, ഇത്തിഹാദ് റോഡ്, റാസൽഖോർ, ഗർഹൂദ് പാലം, അൽ വാഹ്ദ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഗതാഗതം മന്ദഗതിയിലായി.

മഴയ്ക്ക് പിന്നിൽ

ഗൾഫ് മേഖലയുടെ വടക്കു-കിഴക്കൻ മേഖലയിൽ രൂപംകൊണ്ട ന്യൂനമർദമാണ് മഴയ്ക്കു കാരണമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അസ്ഥിര കാലാവസ്ഥ ഇന്നും നാളെയും തുടരും. കടൽ പ്രക്ഷുബ്ധമാണ്. തീരദേശ മേഖലയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നൽകി.

പാരഷൂട്ട് തകർന്ന് പരുക്ക്

rain
മേഘങ്ങളുടെ പശ്ചാത്തലത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്

മഴയിലും കാറ്റിലും അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖോർഫക്കാനിൽ ശക്തമായ കാറ്റിൽ പാരഷൂട്ട് പൊട്ടിവീണ് 6 ഏഷ്യക്കാർക്കു പരുക്കേറ്റു. ഇവരെ ഖോർഫക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡില്‍ വേഗ പരിധി

നനഞ്ഞ റോഡില്‍ വേഗം കുറച്ചും മതിയായ അകലത്തിലും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചും വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ് അഭ്യര്‍ഥിച്ചു. അബുദാബിയില്‍ വേഗ പരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കി കുറച്ചു.

മഴയിൽ നനഞ്ഞ് തണുപ്പിലേക്ക്

ദുബായ് ∙ ഇടിവെട്ടിപ്പെയ്ത പെരുമഴയോടെ യുഎഇയിലും ഒമാനിലും തണുപ്പുകാലത്തിനു തുടക്കമാകുന്നു. ശനി രാത്രി മുതൽ പെയ്തു തുടങ്ങിയ മഴ പലയിടങ്ങളിലും ഇന്നലെ പുലർച്ചെയോടെ ശക്തമായി. ഇടിമുഴക്കം കേട്ടാണ് പലരും ഉണർന്നത്. റാസൽഖൈമയിലെ ചിലയിടങ്ങളിൽ ശനിയാഴ്ച ആലിപ്പഴവർഷമുണ്ടായി. ദുബായിൽ ഇന്നലെ ഉച്ചയോടെ ഇടിമിന്നലോടെ വീണ്ടും ശക്തമായി. വൈകിട്ടായപ്പോഴേക്കും ഇരുണ്ടുമൂടി. കരാമ, ബർദുബായ്, സത്വ, റാഷിദിയ എന്നിവിടങ്ങളിൽ പുലർച്ചെ നല്ല മഴലഭിച്ചു.

 

ദുബായിൽ ഞായറാഴ്ച പെയ്ത മഴയുടെ ദൃശ്യം. ചിത്രം: മുഹമ്മദ് അൽ ഹാരിസ്സി.
ദുബായിൽ ഞായറാഴ്ച പെയ്ത മഴയുടെ ദൃശ്യം. ചിത്രം: മുഹമ്മദ് അൽ ഹാരിസ്സി.

ഇടിമിന്നലുള്ളപ്പോൾ...

 

∙ ഒറ്റപ്പെട്ട മരങ്ങളുടെയോ വൈദ്യുത-ടെലിഫോൺ പോസ്റ്റുകളുടെയോ ചുവട്ടിൽ നിൽക്കാതിരിക്കുക.

∙ കടൽ, വാദി, മലയോരമേഖലകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കുക.

∙ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒാഫ് ചെയ്താലും സുരക്ഷിതമല്ലാത്തതിനാൽ അവയിൽ നിന്ന് അകലം പാലിക്കുക.

∙ അത്യാവശ്യ ഘട്ടത്തിലല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.

∙ വൈദ്യുത തകരാറുണ്ടായാൽ സ്വയം അറ്റകുറ്റപ്പണി നടത്താതെ ലൈസൻസ് ഉള്ളവരുടെ സഹായം തേടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com