ADVERTISEMENT

ദുബായ്∙ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മെട്രോ സ്റ്റേഷനുകൾ വികസിപ്പിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) കരാർ നൽകി.  അഞ്ചു വർഷത്തിനുള്ളിൽ 40 മെട്രോ സ്റ്റേഷനുകളുടെയും മറൈൻ സ്റ്റേഷനുകളുടെയും വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മാത്തർ അൽ തായർ അറിയിച്ചു.

ഓരോ സ്റ്റേഷനുകളിൽ നിന്നും വിവിധ ഗതാഗത മാർഗങ്ങളിലേക്കു മാറാനുള്ള സൗകര്യം, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കൽ, നിശ്ചയദാർഢ്യമുള്ളവർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയാണു പ്രധാനമായും ഉദ്ദേശിക്കുന്നത്. സ്റ്റേഷനുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും വിപുലവുമാക്കും. നടപ്പാല നിർമാണം, സൂചിക ബോർഡുകൾ സ്ഥാപിക്കൽ എന്നിവയും നവീകരണ നടപടികളിൽ ഉൾപ്പെടുന്നു.

റെഡ് ലൈനിലെ മൂന്നു സ്റ്റേഷനുകൾ

ആദ്യഘട്ടമായി ദുബായ് മെട്രോയുടെ റെഡ് ലൈനിലെ ദുബായ് ഇന്റർനെറ്റ് സിറ്റി, ഡമാക് പ്രോപ്പർട്ടീസ്, യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനുകളാണ് വിപുലീകരിക്കുക. മറ്റ് അഞ്ച് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. അൽ റാഷിദിയ, ജിജികോ, അൽ ക്വയെദ, നൂർ ബാങ്ക്, ഫിനാൻഷ്യൽ സെന്റർ എന്നീ സ്റ്റേഷനുകളാണവ. ദുബായ് വാട്ടർ കനാൽ, ഷെയ്ഖ് സായിദ് റോഡ് എന്നീ ജലഗതാഗത സ്റ്റേഷനുകളിലും സൗകര്യങ്ങൾ വർധിപ്പിക്കും.

യാത്രക്കാരുടെ എണ്ണം, ഭൂപ്രത്യേകതകൾ, മറ്റ് സ്റ്റേഷനുകളിലേക്ക് മാറാനുള്ള സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് ആദ്യം ഈ സ്റ്റേഷനുകളെ പരിഗണിച്ചതെന്നും അധികൃതർ വ്യക്തമാക്കി. രാവിലത്തെയും അവധിദിനങ്ങളിലെയും തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്റർനെറ്റ് സിറ്റി സ്റ്റേഷനിൽ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഒരു പ്രവേശന കവാടം കൂടി തുറക്കും.

ഡമാക് മെട്രോ സ്റ്റേഷനും ദുബായ് മറീന ട്രാം സ്റ്റേഷനും തമ്മിലുള്ള ബന്ധവും വിപുലമാക്കും. യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനിലും പടിഞ്ഞാറ് ഭാഗത്ത് ഒരു കവാടം തുറക്കും. ഇതോടെ യാത്രക്കാരുടെ തിരക്ക് ഇവിടെ നിയന്ത്രിക്കാനാകുമെന്നു കരുതുന്നു. ഇതിനു പുറമേ ജലഗതാഗതം നടത്തുന്നവർക്ക് മെട്രോയിലേക്ക് എളുപ്പം വരാനും പോകാനും കഴിയും.

പ്രധാന  ലക്ഷ്യങ്ങൾ

∙ഓരോ സ്റ്റേഷനുകളിൽ നിന്നും വിവിധ ഗതാഗത മാർഗങ്ങളിലേക്കു മാറാനുള്ള സൗകര്യം

∙കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുക.

∙നിശ്ചയദാർഢ്യമുള്ളവർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക

english summary: rta to upgrade three dubai metro stations on red line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com