ADVERTISEMENT

ദോഹ ∙ രാജ്യത്ത് പുസ്തകങ്ങളെയും വായനയെയും ഇഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. പ്ലാനിങ് - സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ വായനശാലകളിൽ നിന്ന് പുസ്തകങ്ങൾ എടുത്തവരുടെ എണ്ണത്തിൽ 295% വർധനയുണ്ട്. 2017ൽ ഇത് 266% ആയിരുന്നു. ജനങ്ങൾക്കിടയിൽ വായനശീലം വളർത്താൻ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് വായനക്കാരുടെ എണ്ണത്തിലെ വർധനയുടെ പ്രധാന കാരണം.

ഒരു വശത്ത് ഇ-പുസ്തകങ്ങളും ഡിജിറ്റൽ വായനയും വർധിക്കുമ്പോൾ മറുവശത്ത് അച്ചടി പുസ്തകങ്ങളോടുള്ള താൽപര്യവും വർധിക്കുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു. രാജ്യത്തെ 8 ലൈബ്രറികളിൽ ഖത്തർ നാഷനൽ ലൈബ്രറിയിലാണ് (ക്യുഎൻഎൽ) കൂടുതൽ വായനക്കാരുള്ളത്. 835841 പുസ്തകങ്ങളാണ് 8 ലൈബ്രറികളിൽ നിന്നായി വായനക്കാർ കടമെടുത്തത്. 2017ൽ ഇത് 228322 ആയിരുന്നു. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കാനായി കൊണ്ടുപോയവരുടെ എണ്ണം 820679 ആണ്. 2017ൽ 207651 പേരാണ് പുസ്തകങ്ങൾ കൊണ്ടുപോയത്.

ലൈബ്രറിയിൽ നിന്ന് കൊണ്ടു പോകുന്ന പുസ്തകങ്ങളുടെ എണ്ണത്തിലും വായനക്കാരുടെ എണ്ണത്തിലും ഒരു വർഷത്തിനുള്ളിൽ മൂന്നിരട്ടിയിലേറയാണു വർധന. ദാർ അൽ ഖുതൂബ് അൽ ഖത്തറീയ്യ, ഷെയ്ഖ് അലി അൽ താനി, അൽഖോർ, അൽ ഷമാൽ, അൽ ഖനാസ, അൽ വക്ര എന്നീ വായനശാലകളിലെല്ലാം സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഒട്ടേറെ പേർ പുസ്തക വായനക്കായി എത്തുന്നുണ്ട്.

പുസ്തകപ്രേമികൾക്കായി  ക്യുഎൻഎൽ

രാജ്യത്തെ 8 ലൈബ്രറികളിൽ ഏറ്റവും വലുതാണ് ക്യുഎൻഎൽ. കഴിഞ്ഞ വർഷം ഇവിടെ നിന്ന് വായിക്കാനായി കൊണ്ടു പോയ അച്ചടി പുസ്തകങ്ങളുടെ എണ്ണം 795640 ആണ്.2017 നവംബർ മുതലാണു പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനം അനുവദിച്ചത്. ലൈബ്രറിയിൽ രാജ്യത്തെ താമസക്കാർക്ക് അംഗത്വവും നൽകുന്നുണ്ട്. വിവിധ ഭാഷകളിലുള്ള അച്ചടി പുസ്തകങ്ങൾ കൂടാതെ ബൃഹത്തായ ഡിജിറ്റൽ ശേഖരവും ഇവിടെയുണ്ട്.

10 ലക്ഷത്തിലധികം പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പ്രത്യേക ശേഖരങ്ങൾ, സ്‌കൂൾ - കോളജ് പാഠ്യപദ്ധതികൾ, പരീക്ഷാ സഹായികൾ എന്നിവ കൂടാതെ അറബിക്, ഇസ്‌ലാമിക് നാഗരികതയുടെ കയ്യെഴുത്തുപ്രതികളും ചരിത്രപരമായ ഭൂപടങ്ങളും പുരാതന ചിത്രങ്ങളും നൂറ്റാണ്ടുകൾക്കു മുൻപ് അറേബ്യൻ ഗൾഫ് മേഖല സന്ദർശിച്ച സഞ്ചാരികളുടെ പുസ്തകങ്ങളും ഉൾപ്പെടുന്ന പൈതൃക ശേഖരവും ഇവിടെയുണ്ട്.
കുട്ടികൾക്കായുള്ള വായനശാലയിലും ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com