ADVERTISEMENT

ദുബായ് ∙ സഹപ്രവർത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ 27 വയസ്സുള്ള പാക്ക് പൗരന് ജീവപര്യന്തം ശിക്ഷ. ദുബായ് പ്രാഥമിക കോടതിയാണ് കെട്ടിട നിർമാണ തൊഴിലാളിയായ പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. ഉച്ചവിശ്രമ സമയത്ത് ഉറങ്ങുമ്പോൾ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഇയാൾ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത്. 25 വർഷം തടവാണ് ശിക്ഷ.

ഇതിനു മുൻപ് യാതൊരു കുറ്റകൃത്യവും ചെയ്യാതിരുന്ന പ്രതി തിരികെ നാട്ടിലേക്ക് പോകാതിരിക്കാനാണ് കൃത്യം ചെയ്തത് എന്നാണ് പബ്ലിക് പ്രോസിക്യൂഷൻ രേഖകളിൽ പറയുന്നത്. കുറ്റകൃത്യം ചെയ്താൽ ജയിലിൽ കിടക്കാമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. സഹോദരനുമായുള്ള പ്രശ്നങ്ങളാണ് ഇയാളെ തിരികെ നാട്ടിലേക്ക് പോകുന്നതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നത്. കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചു. 25 വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും ദുബായ് പ്രാഥമിക കോടതി വിധിയിൽ വ്യക്തമാക്കി.

അൽ റാഷിദിയ പൊലീസ് സ്റ്റേഷനിൽ ഈ വർഷം ഫെബ്രുവരി 26നാണ് കേസ് റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് 2.25ന് നദ് അൽ ഹാമറിലെ കെട്ടിട നിർമാണ സ്ഥലത്ത് ഒരു സംഭവം നടന്നുവെന്ന വിവരത്തെ തുടർന്നാണ് അങ്ങോട്ട് പോയതെന്ന് പൊലീസ് ക്യാപ്റ്റൻ കോടതിയിൽ പറഞ്ഞു. രണ്ടു വ്യക്തികൾ തമ്മിൽ അടിയുണ്ടായെന്നും ആശുപത്രിയിലേക്കുള്ള വഴിയിൽ ഒരാൾ മരിച്ചുവെന്നുമായിരുന്നു വിവരം. സ്ഥലത്ത് എത്തുമ്പോഴേക്കും പൊലീസ് പെട്രോൾ സംഘം പ്രതിയെ പിടിച്ചിരുന്നു. തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് പ്രതി കൃത്യം നടത്തിയതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. 

കൊലപ്പെടുത്തിയ വ്യക്തിയുമായി തനിക് മുൻവൈരാഗ്യം ഉണ്ടായിരുന്നില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഒരാൾ തന്റെ നഗ്ന ചിത്രങ്ങൾ പകർത്തി പാക്കിസ്ഥാനിലുള്ള സഹോദരന് അയച്ചുകൊടുക്കുകയും ആ ചിത്രങ്ങൾ ഉപയോഗിച്ച് സഹോദരൻ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഇയാൾ പറയുന്നത്. ഈ സാഹചര്യത്തിൽ തിരികെ നാട്ടിലേക്ക് പോകാൻ താൽപര്യമില്ലാത്തതിനാൽ ദുബായിൽ ഒരു കുറ്റകൃത്യം ചെയ്ത് ജയിലിൽ കിടക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ചാണ് ഇന്ത്യക്കാരനായ സഹപ്രവർത്തകനെ കൊലപ്പെടുത്തിയതെന്നും ഇയാൾ പറഞ്ഞു. പ്രതിക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാം.

English Summary: Man kills indian co-worker in Dubai to go to prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com