ADVERTISEMENT

ദുബായ് ∙ തുലാവർഷ പ്രതീതിയോടെ യുഎഇയിൽ പെരുമഴ. 7 എമിറേറ്റുകളിലും ഇടിമിന്നലോടെ ശക്തമായ മഴപെയ്തു. വടക്കൻ എമിറേറ്റുകളിൽ പല മേഖലകളും വെള്ളത്തിലായി. അതേസമയം, അബുദാബിയിൽ ചാറ്റൽ മഴയിലൊതുങ്ങി. കിഴക്കൻ മേഖലയായ അൽഐനിലെ ചിലയിടങ്ങളിലും പടിഞ്ഞാറൻമേഖലയായ അൽദഫ്റയിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഉമ്മുൽഖുവൈനിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. അജ്മാൻ, ഫുജൈറ എമിറേറ്റുകളിലും ശക്തമായ കാറ്റും മഴയുമുണ്ടായി. ബഹ്റൈനിലും ഒമാനിലെ സലാലയിലും രാവിലെ ശക്തമായ മഴയുണ്ടായി.  മഴ കണക്കിലെടുത്ത് യുഎഇയിെല എല്ലാ സ്കൂളുകൾക്കും ഇന്നലെ അവധി നൽകിയിരുന്നു. ഇന്നലത്തെ പരീക്ഷകൾ മാറ്റിവച്ചു. മഴയെ തുടർന്നു പലരും ഒാഫിസുകളിൽ എത്താൻ വൈകി. അവധിയെടുത്ത് വീട്ടിലിരുന്നവരും കുറവല്ല.

ഗതാഗതക്കുരുക്കിൽ റോഡുകൾ

മഴമൂലം ദൂരക്കാഴ്ച കുറഞ്ഞതോടെ പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. ശക്തമായ കാറ്റും മഴയും ദുബായ് ഫെറി, ബസ് സർവീസുകളെ ബാധിച്ചു. ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങൾ എത്താൻ വൈകിയത് യാത്രക്കാരെ വലച്ചു. ഡ്രൈവിങ്ങിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും സ്വന്തം വാഹനങ്ങൾ ഒഴിവാക്കി പൊതുവാഹനങ്ങളെ ആശ്രയിക്കുകയായിരുന്നു. മെട്രോയിൽ വൻ തിരക്കനുഭവപ്പെട്ടു. തിരക്കുകൂടിയതോടെ പലയിടങ്ങളിലും ടാക്സിയും കിട്ടാതായി.

വെള്ളത്തിലായി  വാഹനങ്ങൾ

tanker
ഷാർജ മെഗാ മാളിനു സമീപമുള്ള മൊബൈൽ റൗണ്ട് എബൗട്ടിലെ വെള്ളം ടാങ്കർ ഉപയോഗിച്ച് അടിച്ച് വറ്റിക്കുന്നു.

ഷാർജ ഉൾപ്പെടെയുള്ള വടക്കൻ മേഖലയിൽ പല റോഡുകളും വെള്ളത്തിലായതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.  ഷാർജയിൽ ക്ലോക് ടവർ മുതൽ ഫയർ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ 3 മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.  ചെറിയ വാഹനങ്ങൾ നിന്നത് ഗതാഗതം കൂടുതൽ ദുസ്സഹമാക്കി. ചില കടകളിലും താമസകേന്ദ്രങ്ങളിലും വെള്ളം കയറി. നബ്ബ മേഖലയിലും വെള്ളക്കെട്ട് ഉണ്ടായതായി താമസക്കാർ പറഞ്ഞു. ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനു സമീപമുള്ള റോഡിൽ ഉയർന്ന വെള്ളം പമ്പ് ചെയ്തു നീക്കി. ഖാസിമിയ മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

കണ്ണടച്ച് ട്രാഫിക് ലൈറ്റുകൾ

rain-uae
ഷാർജ നബ്ബ മേഖലയിൽ നിന്നുള്ള മഴക്കാഴ്ച. ചിത്രം: അലക്സ് വർഗീസ്

മഴയിലും കാറ്റിലും പ്രധാന പാതകളിലടക്കം ട്രാഫിക് ലൈറ്റുകൾ പ്രവർത്തിക്കാതായത് റാസൽഖൈമയിൽ ഗതാഗക്കുരുക്ക് കൂടുതൽ രൂക്ഷമാക്കി. പലമേഖലകളിലും ട്രാഫിക് ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തിവരുകയാണ്. വെള്ളം കുത്തിയൊഴുകി റോഡരികിൽ രൂപംകൊണ്ട വലിയ കുഴിയിൽ കാർ വീണു. ആളപായം ഇല്ലെന്നാണ് റിപ്പോർട്ട്.

പരമാവധി വേഗം 80 കിലോ മീറ്റർ

അബുദാബി ∙ മഴ, മൂടല്‍ മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി കാലാവസ്ഥാ വ്യതിയാനമുണ്ടായാൽ അബുദാബി റോഡുകളിലെ വേഗപരിധി 80 കിലോമീറ്ററായി കുറയുമെന്ന് അബുദാബി പൊലീസ് ഓര്‍മിപ്പിച്ചു. ദൂരക്കാഴ്ച 200 കിലോമീറിൽ താഴെയായാൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയുന്ന രീതിയിലാണ് എമിറേറ്റില്‍ സ്മാര്‍ട് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. വേഗം 81 കിലോമീറ്ററായാൽ ക്യാമറ നിയമലംഘനം രേഖപ്പെടുത്തും. കഴിഞ്ഞ വര്‍ഷമാണ് ഇതു നടപ്പാക്കിയത്. ദൂരക്കാഴ്ച കുറയുന്ന സമയത്തു വാഹനാപകടങ്ങൾ നിത്യസംഭവമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് അബുദാബി-ദുബായ് ഹൈവേയായ ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ്, സാദിയാത്തിലെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് തുടങ്ങിയ റോഡുകളിൽ ഡിസ്പ്ലെ ബോഡുകളിൽ പുതിയ വേഗം തെളിയും.  ദൃശ്യപരിധി വ്യക്തമായാൽ പഴയ വേഗപരിധി പുനഃസ്ഥാപിക്കും. സ്മാർട് ബോഡിൽ വേഗപരിധി കാണിക്കുന്നില്ലെങ്കിലും മോശം കാലാവസ്ഥയിൽ മണിക്കൂറിൽ 80 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കരുതെന്നും ഓർമിപ്പിച്ചു.

തീർന്നിട്ടില്ല മഴക്കാലം

uae-rain-1

ഇന്നും നാളെയും അസ്ഥിരകാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. പലയിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. പർവതമേഖലകളിൽ കനത്ത മഴ പ്രതീക്ഷിക്കാം. രാജ്യത്തു തണുപ്പു കൂടും. ഗൾഫ് മേഖലയിൽ പൊതുവേ തണുത്ത കാലാവസ്ഥയാണ്.  യുഎഇയിൽ 25ന് വീണ്ടും കനത്ത മഴയുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. കടൽ പ്രക്ഷുബ്ധമായി കൂറ്റൻ തിരമാലകൾ രൂപം കൊള്ളും. മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ചൊവ്വ രാത്രി മുതൽ ശക്തമായ മഴപെയ്യുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.  ഒമാനിൽ ഇനിയും മഴയ്ക്കു സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫൊർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് (പിഎസിഡിഎ) അറിയിച്ചു.


പെയ്തതല്ല, പെയ്യിച്ചത്

യുഎഇയിൽ മഴ ശക്തമാകാൻ കാരണം ക്ലൗഡ് സീഡിങ്. ചൊവ്വ രാത്രി 11.15ന് ക്ലൗഡ് സീഡിങ് നടത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മേഘങ്ങൾക്കിടയിൽ വിമാനത്തിലെത്തി രാസമിശ്രിതം വിതറുകയായിരുന്നു. മുൻവർഷങ്ങളിൽ ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യയിലൂടെ വൃഷ്ടി പ്രദേശങ്ങളിലടക്കം പരമാവധി മഴപെയ്യിക്കാൻ സാധിച്ചിരുന്നു.

സഹായം തേടാം

സഹായം ആവശ്യമുണ്ടെങ്കിൽ കസ്റ്റമർ സർവീസ് സെന്ററിൽ വിളിക്കണമെന്ന് ദുബായിലെ ആർടിഎ അറിയിച്ചു. ഫോൺ: 8009090. പൊലീസിനെ വിളിക്കേണ്ട നമ്പരുകൾ: 999, 901.

English Summary: Rain, lightning, stormy weather across the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com