ADVERTISEMENT

അബുദാബി∙ കണ്ണൂർ സ്വദേശിയായ മഹ്റൂഫ് കുളത്തിലിന് വയസ്സ് 48 ആയെങ്കിലും ജീവിതത്തിൽ ഇന്നേവരെ ജന്മദിനം ആഘോഷിച്ചിട്ടില്ല. മനപൂർവമല്ല, അങ്ങനെയൊരു ശീലമില്ലാത്തതുകൊണ്ടാണ്. എന്നാൽ, ആദ്യമായി ആഘോഷിച്ചപ്പോഴോ, അത് ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി. അതോടൊപ്പം പോറ്റമ്മ നാടിനോടൊപ്പം ആഘോഷിക്കുകയും ആദരിക്കപ്പെടുകയും ചെയ്തതിലുള്ള അഭിമാനവും.

യുഎഇയോടൊപ്പം വളർന്നവനാണ് മഹ്റൂഫ്. ജനനത്തീയതി 1971 ഡിസംബർ 2. ജോലി ചെയ്യുന്ന കമ്പനിയുടമയാണ് മഹ്റൂഫിന്റെ ജന്മദിനത്തിലെ പ്രത്യേകത തിരിച്ചറിഞ്ഞത്.  കഴിഞ്ഞ അഞ്ച് വർഷമായി ഗംഭീര ആഘോഷം.  20 വർഷം മുൻപാണ് മഹ്റൂഫ് ഉപജീവനമാർഗം തേടി യുഎഇയിലെത്തിയത്. അബുദാബിയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനാണിപ്പോൾ. നാട്ടിലായിരുന്നപ്പോൾ ഒരിക്കലും താൻ ജന്മദിനം ശ്രദ്ധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കാരണം, വീട്ടിൽ ജന്മദിനം ആഘോഷിക്കുന്ന പതിവില്ലായിരുന്നു. പഠന കാലത്തും നടത്തിയിരുന്നില്ല. ചുറ്റുവട്ടത്തുള്ളവരിൽ ചിലരെല്ലാം അടുത്ത കാലത്താണ് ആ പരിപാടി തുടങ്ങിയത്. 2014ൽ യുഎഇ 43–ാം ദേശീയദിനാഘോഷം നടത്തുന്ന വേളയിലാണ് ആദ്യമായി ഓഫീസിൽ മഹ്റൂഫിൻ്റെ ജന്മദിനം ആഘോഷിച്ചത്. ഓഫിസ് അധികാരിയുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷം തൻ്റെ കണ്ണു നിറച്ചുവെന്ന് മഹ്റൂഫ് പറയുന്നു. ഇതോടൊപ്പം അധികൃതർ അഭിനന്ദന പത്രവും സമ്മാനിച്ചു. തന്നെ പോലെ ചെറിയൊരു ജീവനക്കാരനെ ഇത്തരത്തിൽ അധികൃതർ ആദരിച്ചത് ഈ നാടിൻ്റെ നന്മയുടെ തെളിവാണെന്ന് ഇദ്ദേഹം പറയുന്നു. 

യുഎഇ ദേശീയ ദിനാഘോഷ വേളകളിലെല്ലാം മഹ്റൂഫിന്റെ ജന്മദിനവും ഓഫിസിൽ ഗംഭീരമായി കൊണ്ടാടുന്നു. ഇതിനിടെ 2017ൽ നടന്ന ആഘോഷം അവിസ്മരണീയമായി. ഒട്ടക റൈഡ് കൂടി നടത്തിയായിരുന്നു അന്നത്തെ ആഘോഷം. ഭാര്യയും അഞ്ച് മുതൽ 20 വയസുവരെയുള്ള നാല് കുട്ടികളുമടങ്ങുന്നതാണ് മഹ്റൂഫിന്റെ കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com