ADVERTISEMENT

ദുബായ് ∙ 78 രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചകൾ, 3500 സ്റ്റാളുകൾ. കണ്ടിട്ടും കണ്ടിട്ടും മതിവരാ ദൃശ്യങ്ങളുമായി ഗ്ലോബൽ വില്ലേജ് പതിനായിരങ്ങളെ ആകർഷിക്കുന്നു.

ദേശീയദിനമായ ഇന്നലെയും ആളുകൾ ഇവിടേക്ക് പ്രവഹിച്ചു. പല രാജ്യങ്ങളുടെയും വിസ്മൃതിയലാണ്ട പൈതൃക കാഴ്ചകൾക്കൊപ്പം നാവിൽ നിന്നെന്നോ മറന്നുപോയ രുചികളെയും ഉണർത്തുകയാണ് മിക്ക പവലിയനുകളും. പല നാടുകളിലെ തനത് സംസ്കാരം അറിയാനും മനസ്സിലായില്ലെങ്കിൽപ്പോലും പല ഭാഷകൾ കേൾക്കാനും പറ്റുന്ന ഒരിടമായി ലോകം ഇവിടേക്ക് ചുരുങ്ങുന്നു. 

global-village-logo

കുന്നിൻ ചെരിവ് പോലെ ബോസ്നിയ

മനോഹര കാഴ്ചകളുടെയും മനസ്സു കവരും രുചികളുടെയും ഇടമാണ് ബോസ്നിയ പവ് ലിയൻ. ബാൾക്കൻ മേഖലയിലെ കുന്നുകളും കാടുകളും കൊണ്ട് നിറഞ്ഞ ഗ്രാമം തന്നെ പുനരവതരിപ്പിച്ചിരിക്കുകയാണിവിടെ.

യൂറോപ്പിലെ പടിഞ്ഞാറൻ ബാൾക്കൻ മുനമ്പിലെ ഈ രാജ്യം ബോസ്​നിയ ഹെർസഗോവിന എന്നാണറിയപ്പെടുന്നത്. ബോസ്നിയ മലയും കാടുകളും നിറഞ്ഞ പ്രദേശമാണെങ്കിൽ ഹെർസഗോവിനയാകട്ടെ അഡ്രിയാറ്റിക കടലിന്റെ തീരപ്രദേശവും. കഷ്ടി മൂന്നരലക്ഷത്തോളം ആളുകൾ. നമ്മുടെ കേരളത്തിന്റെ പത്തിലൊന്നു ജനസംഖ്യ. പക്ഷേ ഗ്ലോബൽ വില്ലേജിൽ ഈ പവ് ലിയനിലെ 29 കടകളും ഒരോ വിസ്മയങ്ങൾ കാട്ടിത്തരും.

ബോസ്നിയ ഹൗസ്, ബോസ്നിയ ഖോലിബ, മുസറല എന്നിങ്ങനെ മൂന്നു റസ്റ്ററന്റുകളും ഇവിടുണ്ട്. ഒരോന്നും വ്യത്യസ്ത വിഭവങ്ങൾക്കു പേരുകേട്ടത്. 

ആടും ചിക്കനുമെല്ലാം കബാബാക്കി തരുന്ന സ്ഥലമാണ് ഖോലിബ. പാസ്തയ്ക്കു പേരുകേട്ടതാണ് ബോസ്നിയ ഹൗസ്. മുസറലയാകട്ടെ വിവിധതരം ചീസുകൾക്ക് പ്രസിദ്ധം. 

വായിൽ വെള്ളമൂറും, ക്രോയേഷ്യ കണ്ടാൽ

ബാൾക്കൻ പ്രദേശങ്ങളായ സെർബിയ, ക്രോയേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വസ്തുക്കളും പവ്​ലിയനിലുണ്ട്. ഒലിവെണ്ണയിൽ വറുത്തെടുത്ത പൊരിയാണ് ക്രോയേഷ്യൻ രൂചി അറിയിക്കുന്നതെങ്കിൽ തുണിത്തരങ്ങളിലാണ് സെർബിയൻ പ്രശസ്തി. 

പരമ്പരാഗത ബോസ്നിയൻ കാർപ്പെറ്റുകളും മാസിഡോണിയൻ സുഗന്ധവ്യഞ്ജനങ്ങളും ഇവിടെ കിട്ടും. അതിൽത്തന്നെ ഐവർ എന്ന കുരുമുളക് സോസ് അതിവിശിഷ്ടം. 

ബക്ലാവ എന്ന ടർക്കിഷ് മിഠായി നാവിൽ വെള്ളം നിറയ്ക്കും.അറബിക് കുനാഫെ പോലെയുള്ളതാണ് കഡെയ്ഫ് എന്ന വിഭവം. 

തുഫാഹിയ ആകട്ടെ വാൾനട്ട് ചേർത്തുള്ള വിഭവമാണ്. നാലു രുചികളാണ് ഇവിടെ പിത എന്ന നമ്മുടെ പാസ്ത കിട്ടുന്നത്. ചിക്കനും ചീസും ബീഫും കൂണും ചേർന്ന പാസ്ത. 

രുചിയും മണവും നിറവും കാഴ്ചയുമെല്ലാം നിറഞ്ഞ വ് ലിയൻ ഗ്ലോബൽ വില്ലേജിലെ തന്നെ വേറിട്ട കാഴ്ചയൊരുക്കുകയാണ്.

taneski-goshe

ഓഹ്റിഡ് മുത്ത്: ബോസ്നിയയിലെ ആറന്മുള കണ്ണാടി

ബ്രിട്ടിഷ് രാജ്ഞിമാർ പോലും ധരിച്ചിരുന്ന അതിവിശിഷ്ട ഓഹ്റിഡ് മുത്തുകൾ മുതൽ പ്രത്യേക ചീസുകളും കബാബുകളും വരെ രഹസ്യങ്ങളുടെ കലവറകളാണ്. 

ലോക പൈതൃക പട്ടികയിൽ പെടുത്തിയിട്ടുള്ള നദിയായ ഓഹ്റിഡിലെ പ്ലാഷിത മൽസ്യങ്ങളുടെ ചെതുമ്പലുകളുപയോഗിച്ചാണ് ഓഹ്റിഡ് മുത്തുകൾ നിർമിക്കുന്നത്. ഇതിന്റെ രഹസ്യം അറിയാവുന്നത് ലോകത്ത് 3 കുടുംബക്കാർക്കു മാത്രം. അതിൽ ഒരു കുടുംബമായ താനെസ്കിയിലെ ഗോഷെ എന്ന വ്യക്തി തന്റെ മുത്തുശേഖരവുമായി ഇവിടെയുണ്ട്. വെള്ളികൂടി ചേർത്ത് ഇത് വിവിധ ആഭരണങ്ങളാക്കിയിരിക്കുകയാണ്. കൈകൊണ്ടാണ് ഇവ നിർമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നമ്മുടെ ആറന്മുള കണ്ണാടി പോലെ ഈ രഹസ്യം ഈ കുടുംബക്കാർക്കു മാത്രം കൈമാറും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com