ADVERTISEMENT

ദുബായ്∙ ഉയർന്നു പറക്കുന്ന പ്രാപ്പിടിയൻ പക്ഷിയെ ഉള്ളംകൈയിൽ ഒതുക്കണമെങ്കിൽ ഗ്ലോബൽ വില്ലേജിലെത്തിയാൽ മതി. യുഎഇയുടെ പൈതൃക ജീവിതത്തിന്റെ നിറവും നേർക്കാഴ്ചയുമാണ് ഹംദാൻ ബ്ൻ ഹെറിറ്റേജ് സെൻറർ പവ് ലിയൻ. ലോകരാജ്യങ്ങളുടെ പരിഛേദമാണ് ഗ്ലോബൽ വില്ലേജ്. ഓരോ രാജ്യങ്ങളുടെയും പവ് ലിയനുകൾ കെട്ടിലും മട്ടിലും പുതുമ പകരുന്നതാണ്. പൈതൃക പ്രൗഢിയാണ് ഹെറിറ്റേജ് സെന്ററിനെ വ്യത്യസ്തമാക്കുന്നത്.

അറബികളുടെ ഓമനകളായ ഒട്ടകങ്ങൾ, ശക്തിയുടെയും പ്രതാപത്തിന്റെയും പ്രതീകമായി കാണുന്ന പ്രാപ്പിടിയൻ, ജീവിതം പിച്ചവച്ചിരുന്ന കാലത്ത് പട്ടിണി കാത്ത അറേബ്യൻ ആടുകൾ എന്നിവയെല്ലാം ഒരു കുടക്കീഴിലാക്കിയിരിക്കുന്നു. ഇവിടം സന്ദർശിക്കുന്നവർക്ക് വിശ്രമിക്കാൻ മരുഭൂമിയിലെ തണൽമരം പോലെ തമ്പുകൾ കെട്ടി മജ്ലിസ് ആക്കിയിട്ടുണ്ട്. സായന്തന തെന്നലേറ്റ് അറബികൾ ചുടു ഗാവ കുടിച്ച് വെടി പറഞ്ഞിരിക്കുന്നു. കുട്ടികൾക്ക് ഊഞ്ഞാലാടി ഉല്ലസിക്കാൻ മരപ്പലകൾ കൊണ്ട് ഭദ്രമാക്കിയ പഴയ കാല ഊഞ്ഞാലുകൾ. കുട്ടകൾ മെടങ്ങും നൂലുകൾ കൊണ്ട് കരിമ്പടങ്ങൾ നെയ്തും തദ്ദേശീയ വനിതകൾ സന്ദർശകരെ പവ്ലിയനിൽ പിടിച്ചും നിർത്തും.

falcon-2
ഗ്ലോബൽ വില്ലേജ് സന്ദർശകർ

പ്രാപ്പിടിയൻ പക്ഷികളെ തൊട്ടും തലോടിയും നിൽക്കാനുള്ള അവസരമാണ് സന്ദർശകർക്ക് കൂടുതൽ നവ്യാനുഭവം നൽകുക. വേട്ടയാടുന്ന ആഴമേറിയ നഖങ്ങൾ കൈയിൽ കൊള്ളാത്ത വിധം പൊതിഞ്ഞ ശേഷമാണ് പരിശീലകൻ വേട്ടപ്പക്ഷിയെ സന്ദർശകരുടെ കൈയിൽ വച്ച് കൊടുക്കുന്നത്. ആദ്യം വന്നവരെ നോക്കി വിളിച്ചാണ് അദ്ദേഹം പ്രാപ്പാടിയനെ ഏതാനും നിമിഷങ്ങളിലേക്ക് നമുക്ക് 'സ്വന്തമാക്കാൻ' അവസരം നൽകുക. ഗ്ലോബൽ വില്ലേജ് സന്ദർശനം അവിസ്മരണീയമാക്കാൻ ആഗ്രഹമുള്ളവർ ആ അനർഘ നിമിഷം മെബൈൽ ക്യാമറയിലാക്കുന്നു.

dgv-camel

മരുഭൂമിയിൽ വിശ്രമിക്കുന്ന പോലെ ഒരു കൂട്ടിൽ ഒട്ടകകൂട്ടങ്ങളുമുണ്ട്. മരുഭൂമിയിലെ കപ്പലുകളെ തൊട്ടടുത്ത് കാണാനും അടുത്തറിയാനുമാണ് ഇതിലൂടെ അവസരം നൽകുന്നത്. മണൽ തിട്ടകളിലെ കൂട്ടിലുള്ള ഒട്ടകങ്ങൾ ചിലത് ഉറങ്ങുമ്പോൾ മറ്റുള്ളവ സന്ദർശകരെ സ്വാഗതം ചെയ്യുന്ന പോല തലയാട്ടുന്നുണ്ട്. 

കുറച്ച് അപ്പുറത്തായി ആടുകളെയാണ് പാർപ്പിച്ചിരിക്കുന്നത്. നാട് വളർച്ചയുടെ പടവുകൾ 'കുതിച്ച് കയറിയിട്ടുണ്ടെങ്കിലും പൈതൃകതൊഴിൽ തദ്ദേശീയർ കൈവടിഞ്ഞിട്ടില്ല. പരിസരമെന്നും ശ്രദ്ധിക്കാതെ തങ്ങളുടെ കൈ തൊഴിലുകളിൽ മാത്രം മുഴുകിയ സ്വദേശി അമ്മമാർ അതിന്റെ തെളിവാണ്.പുതിയ തലമുറയ്ക്ക് അറിവും അനുഭവവും കൈമാറുന്നതാണ് ഈ പവ് ലിയനെങ്കിൽ വിദേശികളായ സന്ദർശകർ ഓരോ ചുവട് വയ്ക്കുന്നതും അറബ് ദേശങ്ങളുടെ കാണാകൗതുകങ്ങളിലേക്കായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com