ADVERTISEMENT

ഷാർജ ∙ കെട്ടിടങ്ങളിൽ നിന്നു വീണു കുട്ടികൾ മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതു കണക്കിലെടുത്ത് പൊലീസ് ഊർജിത ബോധവൽക്കരണത്തിനു തുടക്കം കുറിച്ചു.
വീടുകളിൽ ഉറപ്പാക്കേണ്ട സുരക്ഷിതത്വത്തെക്കുറിച്ചു രക്ഷിതാക്കളിൽ അവബോധം വളർത്തുകയാണു ലക്ഷ്യം. ഷാർജ പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റി (എസ്പിഎസ്എ), ചൈൽഡ് സേഫ്റ്റി ഡിപാർട്മെന്റ് (സിഎസ്ഡി), വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണിത്.

ബഹുനില മന്ദിരങ്ങളിൽ പരിശോധന നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും. ബാൽക്കണിയുടെ ഭിത്തിക്ക് ചുരുങ്ങിയത് 120 സെന്റീമീറ്റർ ഉയരമുണ്ടാകണം. ജനാലകൾ സുരക്ഷിതമാണോയെന്നും പരിശോധിക്കും. ബഹുനില മന്ദിരങ്ങളുടെ ഒാരോ നിലയിലും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവൽക്കരണം നടത്താനാണു പദ്ധതിയെന്ന് എസ്പിഎസ്എ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു. ചെറിയ അശ്രദ്ധയാണ് പലപ്പോഴും വലിയ അപകടങ്ങൾക്കു കാരണമാകുന്നത്. വലിയ ചെലവില്ലാതെ തന്നെ താമസയിടങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാമെന്നും ചൂണ്ടിക്കാട്ടി.

3 വർഷം; 15 കുട്ടികൾ

ഷാർജയിൽ 3 വർഷത്തിനിടെ 2നും 10നും ഇടയ്ക്കു പ്രായമുള്ള 15 കുട്ടികൾ ബഹുനില കെട്ടിടങ്ങളിൽ നിന്നു വീണു മരിച്ചതായാണു കണക്ക്. ഇതര എമിറേറ്റുകളിലും സമാനരീതിയിലുള്ള സംഭവങ്ങളുണ്ട്. ആശങ്ക ജനിപ്പിക്കുന്ന മറ്റ് അപകടങ്ങളും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൽബയിൽ ഫ്രിജ് മറിഞ്ഞു ദേഹത്തുവീണ് 6 വയസ്സുകാരിയും അമ്മയുടെ കയ്യിൽ നിന്ന് തിളച്ചവെള്ളം അബദ്ധത്തിൽ വീണ് 3 വയസ്സുകാരനും മരിച്ചത് സമീപകാലത്താണ്. ഹോട്ട് ടബ്ബിന്റെ ഫിൽറ്ററിൽ മുടികുടുങ്ങി യൂറോപ്യൻ ബാലിക മുങ്ങിമരിച്ചതാണ് മറ്റൊരു സംഭവം.

കെണിയാകരുത് ബാൽക്കണി

∙ ബാൽക്കണികളിൽ ഉറപ്പുള്ള ഗ്രില്ലുകൾ ഘടിപ്പിക്കാം. അഴികളുള്ള ഗ്രില്ലാണെങ്കിൽ കുട്ടികൾക്കു കടന്നുപോകാവുന്ന അകലമുണ്ടാകരുത്.

∙ ബാൽക്കണിയിലേക്കു തുറക്കുന്ന കതകിനു കുട്ടികൾക്ക് കൈ എത്താത്തത്ര ഉയരത്തിൽ ലോക്ക് ഉണ്ടാകണം.

∙ കാറ്റും വെളിച്ചവും കിട്ടാൻ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിടുമ്പോൾ ജാഗ്രത വേണം. പകരം കാറ്റ് കടന്നുവരാൻ  വലകളുള്ള വാതിൽ സ്ഥാപിക്കുകയുമാകാം. ഇതിനും ലോക്ക് നിർബന്ധം.

തീക്കളി വേണ്ട, അടുക്കളയിൽ
 
∙ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കുട്ടികളെ അരികില്‍ നിര്‍ത്തുന്നത് അപകടമുണ്ടാക്കാം.

∙ അരി വാര്‍ക്കുമ്പോഴോ സാധനങ്ങള്‍ വറുക്കുമ്പോഴോ ഒരുകാരണവശാലും കുട്ടികളെ അരികില്‍ നിര്‍ത്തരുത്. സ്റ്റൗവില്‍ എണ്ണ തിളയ്ക്കുമ്പോള്‍ കുട്ടികളെ ഒറ്റയ്ക്കുനിര്‍ത്തി എന്തെങ്കിലും എടുക്കാനും മറ്റുമായി അപ്പുറത്തേക്കു പോകുന്നത് അപകടമാണ്.

∙ പപ്പടമോ മറ്റോ എണ്ണയിലിട്ടു പാചക പരീക്ഷണം നടത്താൻ കുട്ടി ശ്രമിക്കുന്നത് സ്വാഭാവികം. എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിളച്ച എണ്ണ ദേഹത്തു വീണ സംഭവങ്ങളുമുണ്ട്.

∙ കത്തി, കത്രിക, തീപ്പെട്ടി, ലൈറ്റര്‍ അപകടമുണ്ടാക്കിയേക്കാമെന്ന് ഓർക്കണം.

∙ ചൂടായ തേപ്പുപെട്ടി അലക്ഷ്യമായി വച്ചിട്ടു പോകുന്നതും ശ്രദ്ധിക്കണം.

സുരക്ഷിതമാക്കാം, കിടപ്പുമുറി

∙ കുട്ടികളുടെ കിടക്കയും ക്രിബും ജനാലയ്ക്ക് അടുത്താകരുത്.

∙ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും അലമാരയുടെ താഴത്തെ അറകളിൽ സൂക്ഷിക്കണം. കുട്ടികൾ മുകളിൽ കയറിയെടുക്കുമ്പോൾ താഴെ വീഴാനോ അലമാര ദേഹത്തു വീഴാനോ സാധ്യതയുണ്ട്.

∙ അലമാരകളും ടിവി സ്റ്റാൻഡുകളും മറിഞ്ഞുവീഴാൻ അവസരമൊരുക്കാതെ സുരക്ഷിതമാക്കുക.

∙ ഇലക്ട്രിക് പ്ലഗ് പോയിന്റുകൾ അടപ്പുകൾ വച്ച് സുരക്ഷിതമാക്കുക. കുട്ടികൾ കമ്പിയോ മറ്റോ ഇതിലിട്ട് അപകടമുണ്ടാകാൻ സാധ്യതയേറെ.

∙ കുട്ടികളുടെ മുറി വായു സഞ്ചാരമുള്ളതാകണം. എസിയുടെ കാര്യത്തിലും കരുതൽ ആവശ്യമാണ്. കൃത്യമായി അറ്റകുറ്റപ്പണി നടത്തണം.

കുട്ടിക്കളി  കാര്യമാകരുത്

∙ സൈക്കിളിലെ അഭ്യാസങ്ങള്‍ക്കു ബ്രേക്കിട്ടില്ലെങ്കിലും നിയന്ത്രണം അത്യാവശ്യം. കടകളില്‍ നിന്നു സാധനം വാങ്ങാനും മറ്റുമായി സൈക്കിളില്‍ പോകുമ്പോൾ ഫുട്പാത്തില്‍ നിന്നു റോഡിലേക്കും തിരിച്ചും സൈക്കിള്‍ ചാടിക്കുന്നത് സുരക്ഷിതമല്ല. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ പലപ്പോഴും ശ്രദ്ധയിൽപ്പെടണമെന്നില്ല.

∙ വീടിനുള്ളിലെ ഒളിച്ചുകളിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അലമാരയ്ക്കുള്ളിലും വലിയ പെട്ടിക്കുള്ളിലും കയറി ഒളിക്കുമ്പോള്‍ അപകട സാധ്യതയേറെയാണ്.

∙ കൊച്ചുകുട്ടികളെ കാറില്‍ ഇരുത്തി സൂപ്പര്‍മാര്‍ക്കറ്റിലോ ബാങ്കിലോ പോകുന്നതും സുരക്ഷിതമല്ല.

∙ ലിഫ്റ്റുകളില്‍ വെറുതെ കയറി യാത്രചെയ്യുന്ന ശീലവും നിരുല്‍സാഹപ്പെടുത്തണം.

∙ പട്ടവും പന്തുമെല്ലാം അപകടങ്ങളുണ്ടാക്കാറുണ്ട്. പരിസരം ശ്രദ്ധിക്കാതെ പന്തിനു പിന്നാലെ പാഞ്ഞ് വാഹനമിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

മൂക്കുകയറല്ല കരുതൽ

കുട്ടികളുടെ വിനോദങ്ങളും ശീലങ്ങളും പരിധിവിട്ടാല്‍ തന്ത്രപരമായി നിയന്ത്രിക്കുന്നതിലാണ് മാതാപിതാക്കളുടെ മിടുക്ക്. എന്തുകാര്യത്തിനും കുട്ടികളുടെ പിറകെ നടന്നു ആവശ്യത്തിലധികം അവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ആത്മവിശ്വാസം നഷ്ടപ്പെടുത്തിയേക്കാം. എന്നാല്‍ ഏതുതിരക്കിലും അവരുടെ കാര്യം വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തമാണ്. കൊച്ചു കുട്ടികള്‍ എപ്പോഴും കയ്യെത്തും ദൂരത്തുള്ളതാണ് സുരക്ഷിതം. ഓടിക്കളിക്കാന്‍ തുടങ്ങുമ്പോള്‍ ഇതിനു മാറ്റം വരുമെങ്കിലും മനസുകൊണ്ടെങ്കിലും അവര്‍ക്കരികിലുണ്ടാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com