ADVERTISEMENT

ദോഹ ∙ വിസ്മയങ്ങൾ നിറച്ച് 2022 ലേക്ക് മിഴി തുറക്കാൻ തയാറെടുത്ത് ‘മരുഭൂമിയിലെ വജ്രം’. 2022 ഫിഫ ഖത്തർ ലോകകപ്പിന്റെ വേദികളിലൊന്നായ ‘മരുഭൂമിയിലെ വജ്രം’ എന്നറിയപ്പെടുന്ന എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയമാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.

ദേശീയ ദിനമായ ഡിസംബർ 18ന് ഉദ്ഘാടനം നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങളിലെ കാലതാമസത്തെ തുടർന്ന് 2020 ആദ്യ പാദത്തിലേക്ക് ഉദ്ഘാടനം മാറ്റുകയായിരുന്നു. രാജ്യത്തിന്റെ ഏറ്റവും വികസിത നഗരങ്ങളിലൊന്നായ അൽ റയ്യാനിലെ എജ്യുക്കേഷൻ സിറ്റിയിലാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്.

സ്‌റ്റേഡിയത്തിലെ ഗാലറിയും പിച്ചും
സ്‌റ്റേഡിയത്തിലെ ഗാലറിയും പിച്ചും.

 

jassim

ഫിയ ഫെൻവിക് ഇറിബാറൻ ആർക്കിടെക്റ്റ്‌സ് ആണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹൃദപരമായ നിർമാണം. 40,000 സീറ്റുകളാണുള്ളത്. ലോകകപ്പിന് ശേഷം 20,000 സീറ്റുകൾ അവികസിത രാജ്യങ്ങൾക്ക് സംഭാവന നൽകും.

വേറിട്ട ഡിസൈൻ

സമ്പന്നമായ ഇസ്‌ലാമിക് വാസ്തുവിദ്യയെ ആധുനികതയോട് കോർത്തിണക്കിയാണ് ഡിസൈൻ. സുസ്ഥിരത, വികസനം, പുതുമ എന്നിവയുടെ പ്രതീകമാണ് സ്റ്റേഡിയം. ഗുണനിലവാരത്തിൽ മുന്നിലാണ്. സ്റ്റേഡിയത്തിന്റെ മുഴുവൻ സൗന്ദര്യവും പ്രതിഫലിപ്പിച്ചുകൊണ്ടുള്ളതാണ് മുഖപ്പ്. ജ്യാമിതീയ പാറ്റേണിൽ സങ്കീർണമായ ത്രികോണ രൂപമാണ്. സൂര്യൻ മാറുന്നതനുസരിച്ച് മുഖപ്പിന്റെ നിറവും മാറികൊണ്ടിരിക്കുമെന്നാണ് പ്രധാന ആകർഷണം.

മലയാളി സ്പർശം

സ്റ്റേഡിയത്തിലെ സീറ്റുകളുടെ നിർമാണത്തിൽ മലയാളി സാന്നിധ്യവുമുണ്ട്. ഖത്തരി നിർമാണ-കരാർ കമ്പനിയായ കോസ്റ്റൽ ഖത്തറാണ് സ്‌റ്റേഡിയത്തിലെ സീറ്റുകൾ നിർമിച്ചിരിക്കുന്നത്. കമ്പനിയുടെ തലപ്പത്തിരിക്കുന്നത് മലയാളിയാണ് എന്നത് തികച്ചും അഭിമാനകരമാണ്. മെയ്ഡ് ഇൻ ഖത്തർ എന്ന് രേഖപ്പെടുത്തി കൊണ്ടുള്ളതാണ് സീറ്റുകൾ. 8 ലോകകപ്പ് വേദികളിൽ മിക്ക വേദികളിലെ സീറ്റുകളുടെ നിർമാണവും കോസ്റ്റൽ ഖത്തറാണ്.

മികച്ച സൗകര്യങ്ങൾ

തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്. ഭിന്നശേഷിക്കാർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മികച്ച ആസ്വാദനം ഉറപ്പാക്കി കൊണ്ടുള്ളതാണ് സ്റ്റേഡിയത്തിന്റെ ഇന്റീരിയർ. കളിയാവേശം പകരാൻ ഉന്നത നിലവാരത്തിലുള്ള സ്‌പോട് ലൈറ്റുകൾ ഉൾപ്പെടെയുള്ള കായിക അന്തരീക്ഷമാണ് സ്റ്റേഡിയത്തിനുള്ളിലുള്ളത്. കാണികൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി ചുറ്റിനും മനോഹരമായ ലാൻഡ്‌സ്‌കേപ്പുമുണ്ട്.

ട്രാം മുതൽ മെട്രോ വരെ

സ്‌റ്റേഡിയത്തിലേക്ക് കാണികൾക്ക് എത്താൻ എല്ലാവിധ യാത്രാ സൗകര്യങ്ങളുമുണ്ട്. റോഡ് മാർഗവും ദോഹ മെട്രോയുടെ ഗ്രീൻ ലൈൻ വഴിയും എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിലേക്ക് എത്താം. കാണികൾക്കായി ട്രാമുകൾ, സൈക്കിൾ പാത, കാൽനട പാത എന്നിവയെല്ലാമുണ്ട്.

പാർക്ക് ചെയ്യാം  അരലക്ഷം വാഹനങ്ങൾ

മത്സരം കാണാൻ വാഹനങ്ങളിൽ എത്തുന്നവർക്ക് ആവശ്യമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് ചുറ്റുമായി അരലക്ഷത്തിലേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

‘രാജ്യത്തെ ഏറ്റവും വികസിത നഗരത്തിലാണ് സ്റ്റേഡിയം. ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണുള്ളത്. ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് മികച്ച ആസ്വാദനം ഉറപ്പാക്കിയാണ് നിർമാണം.’- ജാസിം ടെലിഫാത്, എക്സിക്യൂട്ടീവ് ഡയറക്ടർ, കോംപറ്റീഷൻ വെന്യു, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com