ADVERTISEMENT

ദുബായ് ∙ ഗതാഗത മേഖലയിൽ ഒട്ടേറെ സ്മാർട് സംവിധാനങ്ങൾ വന്നതോടെ അപകടനിരക്ക് കുറഞ്ഞെങ്കിലും റോഡുകൾ പൂർണമായും സുരക്ഷിതമാക്കാൻ ഡ്രൈവർമാരെ സ്മാർട് ആക്കാൻ അധികൃതർ. ഡ്രൈവിങ്ങിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിലും ശ്രദ്ധിച്ചാൽ അപകടം കുറയ്ക്കാം. ഇതിനായുള്ള ബോധവൽക്കരണ നടപടികൾ യുഎഇ ഊർജിതമാക്കി. 

അബുദാബി സ്ട്രാറ്റജിക് ട്രാഫിക് സേഫ്റ്റി പ്ലാൻ, റോഡ് സേഫ്റ്റി ഒാഡിറ്റ്, സെൻട്രൽ ട്രാഫിക് കൺട്രോൾ സിസ്റ്റം 'സ്കൂട്ട്', അബുദാബി സ്പീഡ് മാനേജ്മെന്റ് സ്ട്രാറ്റജി, ആർടിഎ ദുബായ് സ്ട്രാറ്റജിക് പ്ലാൻ, ദുബായ് ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജി തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയതോടെയാണു രാജ്യത്ത് അപകടനിരക്ക് കുറഞ്ഞത്. ഒക്ടോബറിൽ തുടങ്ങുന്ന എക്സ്പോയ്ക്കു മുൻപായി ഗതാഗതമേഖല പൂർണമായും സ്മാർട് ആകും. 

വാഹനാപകടം: 13 ലക്ഷം മരണങ്ങൾ

ലോകത്ത് വാഹനാപകടങ്ങളിൽ പ്രതിവർഷം 13 ലക്ഷത്തിലേറെ പേർ മരിക്കുന്നതായാണ് യുഎൻ റിപ്പോർട്ട്. ഇതിലേറെയും 15നും 29നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം

ഷാർജ ∙ എമിറേറ്റ്സ് റോഡിലെ ചില മേഖലകളിലെ ഏതാനും ലെയ്നുകൾ അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കും. 7 ദിവസത്തേക്ക് ഗതാഗത നിയന്ത്രണമുണ്ടാകും. റാസൽഖൈമ ദിശയിൽ തിലാൽ സിറ്റി എൻട്രൻസിനു സമീപവും ദുബായ് ദിശയിൽ അൽ ബദീ അഡ്നോക് സ്റ്റേഷനു സമീപവുമാണിത്.

ഈ വില്ലൻമാരെ സൂക്ഷിക്കുക വിളിപ്പുറത്തുണ്ട്, അപകടം

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം ഒഴിവാക്കുക. സംസാരവും മെസേജ് അയയ്ക്കലും സുരക്ഷിതമല്ല.  വാഹനം സുരക്ഷിതമായി നിർത്തിയശേഷം മാത്രം ഫോൺ ചെയ്യുക. 

വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ അപകട സാധ്യത 280 ശതമാനമാണ്. ഡ്രൈവിങ്ങിനിടെ ഫോട്ടോയെടുക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ 50% കുറയുമെന്നു കണ്ടെത്തിയിട്ടുണ്ട്.

പഞ്ചറാകും, സുരക്ഷ

ടയറുകളാണ് മറ്റൊരു വില്ലൻ. രണ്ടാഴ്ച കൂടുമ്പോൾ ടയറുകൾ വിശദമായി പരിശോധിക്കണം. നിശ്ചിത കാലാവധി കഴിഞ്ഞില്ലെങ്കിലും ടയറുകൾ വിണ്ടുകീറുകയോ പൊട്ടുകയോ ചെയ്താൽ മാറ്റണം. ഷോക് അബ്സോർബറുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ടയറുകൾ പെട്ടെന്നു തേഞ്ഞുതീരും. 

Tyre-blast

വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതും ടയറുകളെയാണു ബാധിക്കുക. വാഹനങ്ങളുടെ അലൈൻമെന്റ് കൃത്യമാണെന്ന് ഉറപ്പാക്കണം. കുഴിയിലോ മറ്റോ വാഹനം ചാടിയാൽ അലൈൻമെന്റിൽ മാറ്റമുണ്ടാകാം. ബസ് ടയറുകളിൽ അനുവദനീയ അളവിൽ എയർ ഉണ്ടെന്നുറപ്പാക്കാൻ ജബൽഅലി സ്റ്റേഷനിൽ പ്രത്യേക സംവിധാനമുണ്ട്. ടയർ പൊട്ടിത്തെറിക്കാനും മറ്റുമുള്ള സാധ്യത പരമാവധി ഒഴിവാക്കാൻ ഇതു സഹായകമാണ്. ടയറുകളുെട തേയ്മാനം, മറ്റു തകരാറുകൾ എന്നിവയും അറിയാനാകും. 

ഇവയോർക്കൂ, സ്മാർട് ഡ്രൈവറാകാം

ഹൈവേകൾ, ഉപപാതകൾ, താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വേഗത്തിന് നിശ്ചിത മാനദണ്ഡങ്ങളുണ്ട്. റോഡുകളിൽ അനുവദനീയമായതിലും വേഗം കൂടുന്നതും കുറയുന്നതും അപകടമാണ്. യാത്രയ്ക്കിടെ വഴി തെറ്റിയെന്നു തോന്നിയാൽ പെട്ടെന്നു ദിശ മാറരുത്. പരിഭ്രാന്തരാകാതെ യാത്ര തുടർന്നാൽ എക്സിറ്റ് കിട്ടുമെന്നോർക്കുക. 

ഹൈവേകൾ, റൗണ്ട് എബൌട്ടുകൾ എന്നിവിടങ്ങളിലേക്കു കയറുമ്പോൾ വേഗം കുറയ്ക്കണം. ലെയ്ൻ മാറുമ്പോഴും ശ്രദ്ധിക്കണം. അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണിത്. കൊച്ചു കുട്ടികളെ ചൈൽഡ് സീറ്റിൽ ഇരുത്തണം. കുട്ടികളെ വാഹനത്തിൽ ചാടിമറിയാനും മറ്റും അനുവദിക്കുകയുമരുത്. ദീർഘദൂര യാത്രയിൽ വാഹനമോടിക്കുന്നവർ ഇടയ്ക്കിടെ വിശ്രമിക്കുകയും വെള്ളം കുടിക്കുകയും വേണം. 

പരിശീലനത്തിനു കേന്ദ്രം

ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ സ്മാർട് സംവിധാനങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ആർടിഎയ്ക്കു പ്രത്യേക കേന്ദ്രമുണ്ട്. ഈ 3 നില കെട്ടിടത്തിൽ 17 ഹാളുകളാണുള്ളത്. 350 പേർക്ക് ഒരേസമയം പരിശീലനം നൽകാൻ സംവിധാനമുണ്ട്.  കഴിഞ്ഞവർഷം 2810 ജീവനക്കാർക്കു പരിശീലനം നൽകി. വാഹനങ്ങളിലെ പുതിയ സംവിധാനങ്ങൾ, റോഡുകളിലെ സ്മാർഡ് ബോർഡുകൾ, ഗതാഗത നിയമങ്ങൾ എന്നിവയെക്കുറിച്ചു കൂടുതൽ അവബോധം നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com