ADVERTISEMENT

അബുദാബി∙ഇത്തിഹാദ് റെയിൽ പദ്ധതി വടക്കൻ എമിറേറ്റുകളിലേക്കു കടക്കുന്നതിന്റെ സുപ്രധാന നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമാകുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പാക്കേജ് ഡിയ്ക്ക് 460 കോടി ദിർഹം അനുവദിച്ചു.  ദുബായ്-ഷാർജ അതിർത്തിയിൽ നിന്നുള്ള പാത ഖോർഫക്കാൻ, ഫുജൈറ തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് കടന്നുപോകുക. 

ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തയബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ഇത്തിഹാദ് റെയിൽ സിഇഒ: ഷാദി മലാക്, ചൈന റെയിൽവേ കൺസ്ട്രക്‌ഷൻ കോർപറേഷൻ (സിആർസിസി) പ്രതിനിധി ഷാവോ ദിയാൻലോങ്, നാഷനൽ പ്രോജക്ട്സ് ആൻഡ് കൺസ്ട്രക് ഷൻ (എൻപിസി) എംഡി: ഹമദ് അൽ അംറി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. സിആർസിസി വൈസ് പ്രസിഡന്റ് വെൻഷോങ് വാങ് പങ്കെടുത്തു. സിആർസിസി-എൻപിസി കൺസോർഷ്യത്തിനാണ് നിർമാണ ചുമതല. 

etihaad-rail
ഇത്തിഹാദ് റെയിൽ പാക്കേജ് ഡി കരാറിൽ സിഇഒ: ഷാദി മലാക്, എൻപിസി എംഡി: ഹമദ് അൽ അംറി, സിആർസിസി പ്രതിനിധി ഷാവോ ദിയാൻലോങ് എന്നിവർ ഒപ്പുവയ്ക്കുന്നു

സൗദി അതിർത്തിയിലുള്ള ഗുവൈഫത് മുതൽ ഫുജൈറയുടെ പടിഞ്ഞാറൻ മേഖലവരെയുള്ള 1,200 കിലോമീറ്ററാണ് ഇത്തിഹാദ് റെയിൽ ശൃംഖല.  ഖലീഫ തുറമുഖം, ഖോർഫക്കാൻ തുറമുഖം, ജബൽ അലി തുറമുഖം, ഫുജൈറ തുറമുഖം എന്നീ തന്ത്രപ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നു. 

അത്യാധുനിക സുരക്ഷാസംവിധാനങ്ങളാകും റെയിൽ ശൃംഖലയിൽ ഉണ്ടാകുകയെന്ന് ഷെയ്ഖ് തയബ് ബിൻ മുഹമ്മദ് പറഞ്ഞു. ഗതാഗതച്ചെലവ് കുറയ്ക്കുകയും രാജ്യത്തിന് ഏറെ സാമ്പത്തികനേട്ടമുണ്ടാകുകയും ചെയ്യും. 7 എമിറേറ്റുകളിലേക്കുമുള്ള യാത്ര എളുപ്പമാകുമെന്നും ചൂണ്ടിക്കാട്ടി

ഒരു ട്രെയിൻ = 300 ട്രക്ക് 

2015ലാണ് 265 കിലോമീറ്റർ വരുന്ന ആദ്യഘട്ടം പൂർത്തിയായത്. ഇതുവഴി  പ്രതിവർഷം 70 ലക്ഷം ടൺ ചരക്കു നീക്കം നടക്കുന്നുണ്ട്. ഇത് 5 കോടിയായി വർധിപ്പിക്കും. 300 ട്രക്കുകളുടെ ജോലി ഒരു ട്രെയിനു പൂർത്തിയാക്കാനാകും. അൽ ദഫ്രയിലെ ഷാ, ഹബ്ഷൻ വാതക മേഖലയിൽ നിന്നു റുവൈസ് തുറമുഖം വരെയുള്ള പാതയിലൂടെ പ്രതിദിനം 22,000 ടൺ സൾഫർ കൊണ്ടുപോകുന്നുണ്ട്. 

നേട്ടങ്ങൾ ഒട്ടേറെ

∙ഖനികളിൽ നിന്നുള്ള ചരക്കുനീക്കത്തിനും രാസവസ്തുക്കൾ കൊണ്ടുപോകാനും സഹായകം. 

∙ വ്യോമ-ജലയാനങ്ങൾ വഴിയുള്ള യാത്രയ്ക്കും ചരക്കുനീക്കത്തിനുമുള്ള ചെലവ് കുറയും. 

∙ഉൾനാടൻ മേഖലയിലൂടെ െറയിൽപ്പാത കടന്നുപോകുന്നതിനാൽ കാർഷികവിളകളും മറ്റും വേഗത്തിൽ വിപണിയിൽ എത്തിക്കാം.

∙ജോലിക്കാർക്കും വിദ്യാർഥികൾക്കും വേഗത്തിൽ നഗരത്തിൽ വന്നുപോകാൻ കഴിയും.

ശല്യമില്ല, ആർക്കും

∙മരുഭൂമിയിൽ മേയുന്ന ഒട്ടകങ്ങൾക്കും ഇതര ജീവികൾക്കും ജീവഹാനി സംഭവിക്കാതിരിക്കാൻ തുരങ്കപാതകളും പാലങ്ങളും നിർമിക്കും. 

∙ഒട്ടകങ്ങൾക്കായി 10 തുരങ്കവഴികളും ഉരഗങ്ങൾക്കായി 71 തുരങ്കവഴികളും പണിയും.  മാനുകൾക്കു മാത്രമായി 5 ടണലുകളും  നിർമിക്കും. 

∙പാളം നിർമാണത്തിനിടെ പിഴുതെടുക്കേണ്ടി വരുന്ന മരങ്ങൾ‍ അനുയോജ്യമായ സ്ഥലങ്ങളിൽ ‍ നട്ടുപിടിപ്പിക്കും.

ചരക്കു നീക്കം അതിവേഗം

ഫുജൈറ, ഖോർഫക്കാൻ തുറമുഖങ്ങളെ ഇത്തിഹാദ് പാതയുമായി ബന്ധിപ്പിക്കുന്നതോടെ പ്രതിവർഷം 20 ലക്ഷം ടിഇയു (20 ഫുട് ഇക്വലന്റ് കണ്ടെയ്നർ യൂണിറ്റ്സ്) ചരക്കു നീക്കം സാധ്യമാകും. 

അബുദാബി, ദുബായ് എന്നിവിടങ്ങളിലെ നിർമാണ മേഖലകളിൽ പ്രതിവർഷം 3 കോടി ടൺ സാധനങ്ങൾ എത്തിക്കാൻ കഴിയും. റോഡ് വഴിയുള്ള ചരക്കുനീക്കം ഒഴിവാകുന്നതോടെ ചെലവ് കുത്തനെ കുറയും. നിലവിൽ പ്രതിദിനം 2,000ൽ ഏറെ ട്രക്കുകൾ ഓടുന്നതായാണു കണക്ക്. റോഡുകളിലെ തിരക്കും കാർബൺ മലിനീകരണവും വലിയൊരളവോളം ഒഴിവാകുകയും ചെയ്യും. 

അയൽരാജ്യങ്ങളുടെ അതിർത്തിവരെ നീളുന്ന പദ്ധതി വാണിജ്യ-വ്യാപാര മേഖലയ്ക്ക് വൻനേട്ടമാകും.  ഗ്രാമീണമേഖലകളിൽ നിന്നു കാർഷികോൽപന്നങ്ങൾ കുറഞ്ഞചെലവിലും കൂടുതൽ വേഗത്തിലും വിപണിയിലെത്തിക്കാനും സഹായകമാകും.  

സുരക്ഷിത പാത, സുഖയാത്ര

യുഎഇയിലെ നഗര-ഗ്രാമീണമേഖലകൾ കടന്നു മരുഭൂമിയിലൂടെ മുന്നേറുന്ന റെയിൽപ്പാതയുടെ പൂർണസംരക്ഷണം സായുധസേനയ്ക്കായിരിക്കും. പ്രത്യേകപരിശീലനം നൽകിയ കമാൻഡോകളെയാകും വിന്യസിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com