ADVERTISEMENT

ദോഹ∙ ആധുനിക നഗരമായ ലുസെയ്‌ലിലെ അത്യാധുനികമായ ലുസെയ്ൽ സ്റ്റേഡിയത്തിന്റെ നിർമാണം അതിവേഗ പാതയിൽ.   2022 ലോകകപ്പ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്കൊപ്പം സമാപന ചടങ്ങുകൾക്കും സ്റ്റേഡിയം വേദിയാകും. . ഖത്തറിന്റെ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അൽതാനി 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലുസെയ്ൽ നഗരത്തിൽ താമസിച്ചു കൊണ്ടാണ് ആധുനിക ഖത്തറിന്റെ സൃഷ്ടിക്കായി രൂപരേഖകൾ തയാറാക്കിയത്.

മുൻനിരയിലേക്ക്

80,000 കാണികൾക്കുള്ള സൗകര്യമാണ് ഫിഫ ലോകകപ്പിനായി സജ്ജീകരിക്കുന്നതെങ്കിലും 92,000ത്തിലധികം പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്ന് സ്റ്റേഡിയം പ്രോജക്ട് മാനേജർ തമീം എൽ അബെദ് പറഞ്ഞു. ബ്രസീൽ റിയോ ഡി ജനീറോയിലെ വിഖ്യാത സ്റ്റേഡിയമായ മാറക്കാന, ലോകത്തിലെ മൂന്നാമത്തെ വലിയ ഫുട്‌ബോൾ സ്റ്റേഡിയമായ നൂ കാംപ്, യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ റഷ്യയുടെ ദേശീയ സ്റ്റേഡിയം ലുഷ്നികി എന്നിവയുടെ ശ്രേണിയിലേക്കാണു ലുസെയ്‌ലും എത്തുന്നത്. 

പൈതൃക സമ്പന്നം ഡിസൈൻ

രാജ്യത്തിന്റെയും മേഖലയുടെയും സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്നതാണു സ്റ്റേഡിയം ഡിസൈൻ. ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെളിച്ചവും നിഴലും ഇഴ ചേർന്നാണു രൂപകൽപന. അറബ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ചെറുപാത്രങ്ങളുടെ ആകൃതിയിലാണ്  സ്റ്റേഡിയത്തിന്റെ ബാഹ്യഭാഗത്തിന്റെ ഡിസൈൻ. 

പരിസ്ഥിതി സൗഹൃദം

പൂർണമായും ഫിഫയുടെ മാനദണ്ഡങ്ങളും നിർദേശങ്ങളും അനുസരിച്ച് ഹരിത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നിർമാണം. കളിക്കാർക്കുള്ള സൗകര്യങ്ങൾ, പിച്ച്, വെളിച്ച സംവിധാനങ്ങൾ, പരിശീലന പിച്ച് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിൽ ഒരുങ്ങുന്നു. സ്‌റ്റേഡിയത്തിന് ചുറ്റും തണലേകാൻ മരങ്ങളും കാണികൾക്ക് വിശ്രമിക്കാൻ മനോഹരമായ പൂന്തോട്ടങ്ങളുമുണ്ട്. 

വിനോദ, ഷോപ്പിങ് കേന്ദ്രം

ദോഹ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ലുസെയ്ൽ നഗരത്തിലെ സ്റ്റേഡിയം പൂർത്തിയാകുന്നതോടെ നഗരത്തിന് പുതിയ മുഖം വരും. മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയത്തിന്റെ ഉൾ ഭാഗം വിനോദ, കായിക കേന്ദ്രമായി മാറും. സ്‌കൂൾ, പാർപ്പിട യൂണിറ്റുകൾ, കഫേകൾ, കായിക സൗകര്യങ്ങൾ, റീട്ടെയ്ൽ വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാമുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com