മുഖ്യമന്ത്രിയുടെ ധാർഷ്ട്യ പരാമർശം: ലോകകേരള സഭയിൽ നിന്ന് പ്രത്യേക ക്ഷണിതാവിന്റെ പ്രതിഷേധ ബഹിഷ്കരണം

Sohan-roy-pic
SHARE

തിരുവനന്തപുരം∙ ലോകകേരള സഭാ സംഗമ ചടങ്ങിൽ പ്രത്യേക ക്ഷണിതാവായെത്തിയ ഹോളിവുഡ് സംവിധായകനും പ്രവാസി വ്യവസായിയും ഇൻവുഡ് ബില്ല്യനേഴ്സ് ക്ലബ്ബ് സ്ഥാപകനുമായ സോഹൻ റോയ് മുഖ്യമന്ത്രിയുടെ ധാർഷ്ട്യ പരാമർശത്തിൽ പ്രതിഷേധിച്ച് ചടങ്ങുപേക്ഷിച്ചു മടങ്ങി. 30-ാം തീയതി നടന്ന ചടങ്ങിൽ സമീപന രേഖാ പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചത് സോഹൻ റോയിക്കു നൽകിക്കൊണ്ടായിരുന്നു. മറുപടി പ്രസംഗത്തിൽ ഈ വർഷം ലോക കേരള സഭയിൽ  പ്രഖ്യാപിക്കപ്പെടുമായിരുന്ന, കാര്യക്ഷമതാ വർധനവിലൂടെ ലാഭം ഇരട്ടിയിലധികമായി മാറ്റാൻ സാധ്യമായ  ഇന്ത്യൻ വ്യവസായ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതാൻ പ്രാപ്തിയുള്ള , ആയിരം കോടിയിലേറെ രൂപയുടെയെങ്കിലും വരുമാനം കേരളത്തിനു സാധ്യമായേക്കാവുന്ന 'എഫ്ഫിസം' എന്ന പ്രോജക്റ്റിനെക്കുറിച്ചു പരാമർശിച്ചപ്പോൾ, അതിലൂടെ മുഖച്ഛായ മാറിയ കേരളത്തിന്റെ അഭിമാനമായ ഏരീസ് പ്ലക്സിനെക്കുറിച്ചും പറയുകയുണ്ടായി.

മുഖ്യമായി മലയാളികളെ വച്ചു മാത്രം പ്രവർത്തിച്ച് എഫ്ഫിസത്തിന്റെ മികവിൽ അഞ്ചു മേഖലകളിൽ ലോക ഒന്നാം നമ്പർ ആയ ശ്രമത്തെക്കുറിച്ചും അതിന്റെ പരിശീലനം സൗജന്യമായി ചടങ്ങിൽ പങ്കെടുക്കുന്ന ഡലിഗേറ്റ്സിനു  നൽകുന്നതിനെക്കുറിച്ചും ആ ചടങ്ങിൽ വിശദമായിപ്പറഞ്ഞിരുന്നതുകൊണ്ട് അനുവദിച്ചു കിട്ടിയ നാലുമിനിട്ടിൽ അനുബന്ധ കാര്യങ്ങൾ ചുരുക്കിപ്പറയാൻ സോഹൻ റോയി ശ്രമിച്ചപ്പോൾ ആദ്യ ദിവസത്തെ സോഹന്റെ പ്രസംഗം കേൾക്കാതിരുന്ന മുഖ്യമന്ത്രി കാര്യം മനസ്സിലാവാതെ പ്രത്യേക ക്ഷണിതാവാണ് എന്ന പരിഗണന നൽകാതെ പ്രസംഗം കഴിഞ്ഞയുടൻ മൈക്കെടുത്ത് സ്വന്തം പ്രോജക്റ്റുകളെക്കുറിച്ചു സംസാരിക്കാതെ വികസന നിർദ്ദേശങ്ങൾ മാത്രം പറയാൻ ശ്രമിക്കണമെന്ന് ശാസനാ രൂപത്തിൽ പറഞ്ഞതാണ് സോഹൻ റോയിയെ ചടങ്ങുപേക്ഷിക്കാൻ പ്രേരിപ്പിച്ചത്; തന്റെ പ്രതിഷേധം ഒരു അണു കവിതയിലൂടെ പ്രകടിപ്പിക്കാനും സോഹൻ മറന്നില്ല. ആശയങ്ങൾ മാത്രമാണു പ്രതീക്ഷിക്കുന്നതെങ്കിൽ അതിനു തനിക്കു നാലു മിനിട്ടു വേണ്ട, വെറും നാലു വരി മാത്രം മതിയെന്നദ്ദേഹം "മണ്ടയാഗം " എന്ന അണു കവിതയിലൂടെ പറയാതെ പറയുകയായിരുന്നു

"മണ്ഡരി ബാധിച്ച തെങ്ങിനെ വെട്ടാതെ

മണ്ഡരിയേൽക്കാത്ത തെങ്ങിനെ  കേൾക്കാതെ

മണ്ഡരി മുണ്ഡനം ചെയ്തോരു തെങ്ങിന്റെ

മണ്ടകിളുർക്കുവാൻ യാഗം നടത്തണോ..?!! "

ഖജനാവിലെ ഒരു പൈസ പോലും ചെലവാക്കാതെ, ഫ്ലൈറ്റും പിടിച്ചു സ്വന്തം ചിലവിൽ താമസിച്ച് വിലയേറിയ സമയം ചിലവഴിച്ചെത്തുന്ന തന്നെപ്പോലുള്ളവർക്ക് അനുവദിച്ചു കിട്ടുന്ന നാലു മിനിട്ടിൽ എന്തു പറയണം എങ്ങനെ പറയണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ ഇത്തരം ബ്രാൻഡിംഗ് ചടങ്ങുകളിൽ ഭാവിയിൽ ക്ഷണം കിട്ടിയാലും തീർച്ചയായും വേണ്ടെന്നു വയ്ക്കുമെന്ന് സോഹൻ റോയ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ